|    Jan 24 Tue, 2017 4:47 am

അറബി അധ്യാപക തസ്തികകള്‍ നികത്താനാവുന്നില്ല

Published : 11th September 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സര്‍ക്കാരിന്റെയും പിഎസ്‌സിയുടെയും തലതിരിഞ്ഞ മാനദണ്ഡം കാരണം നൂറുകണക്കിന് അറബി ഭാഷാധ്യാപക തസ്തികകള്‍ നികത്താനാവുന്നില്ല. നിയമനതടസ്സം നീക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപക സംഘടനകള്‍ എല്ലാ വാതിലുകളിലും മുട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. പിന്നാക്ക സമുദായങ്ങള്‍ക്കുണ്ടായ സംവരണ നഷ്ടം നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനു പകരം സംവരണ പാക്കേജ് നടപ്പാക്കിയതോടെയാണ് സങ്കീര്‍ണതകള്‍ ആരംഭിക്കുന്നത്.
സംവരണ പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന 15 (എ), (ബി), (സി) ചട്ടഭേദഗതിയാണ് അറബി ഭാഷാധ്യാപക തസ്തികകളെ ദോഷകരമായി ബാധിച്ചത്. സര്‍ക്കാര്‍ ജോലിക്ക് മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ ഇന്നും ആശ്രയിച്ചുവരുന്നത് അറബി അധ്യാപക തസ്തികകളെയാണ്. പുതിയ ഭേദഗതി നടപ്പായതോടെ ഇത്രയും കാലം മുസ്‌ലിംകള്‍ക്കു മാത്രമായി ലഭിച്ചിരുന്ന അറബി അധ്യാപക തസ്തികകള്‍ നേര്‍പകുതിയായി കുറഞ്ഞു. മറ്റേ പകുതി തസ്തികകള്‍ സംവരണ സമുദായങ്ങള്‍ക്കു വേണ്ടി മാറ്റിവച്ചതിനാലായിരുന്നു ഇത്.
അറബിഭാഷയില്‍ ഉയര്‍ന്ന യോഗ്യത ആവശ്യമുള്ള കോളജ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി- ഹൈസ്‌കൂള്‍ അധ്യാപക തസ്തികകളാണ് 10 വര്‍ഷത്തോളമായി ഒഴിഞ്ഞുകിടക്കുന്നത്. യോഗ്യരായ മറ്റു സംവരണ സമുദായ ഉദ്യോഗസ്ഥരെ ലഭിച്ചില്ലെങ്കില്‍ എന്‍സിഎ (നോണ്‍ കാന്‍ഡിഡേറ്റ് അവെയ്‌ലബിള്‍) ആയി പരിഗണിച്ച് രണ്ടില്‍ കുറയാത്ത വിജ്ഞാപനമിറക്കി ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിഎസ്‌സി മുസ്‌ലിംകളെ ഈ തസ്തികകളില്‍ നിയമിക്കുന്നത്. ഓരോ വിജ്ഞാപനമിറക്കുന്നതിനും പിഎസ്‌സി മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷമെടുക്കുന്നുണ്ടെന്ന് നിയമനം കാത്തുകഴിയുന്ന അധ്യാപകര്‍ പരാതിപ്പെടുന്നു. ഇപ്പോള്‍ അറബിഭാഷാധ്യാപനത്തിന് മറ്റു സമുദായങ്ങളില്‍ നിന്ന് നിരന്തര വിജ്ഞാപനത്തിനു ശേഷവും ആളെ ലഭിക്കുന്നില്ലെന്ന് പിഎസ്‌സി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
എല്‍പി സ്‌കൂള്‍ മുതല്‍ ആര്‍ട്‌സ് കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 150ഓളം അറബിഭാഷാധ്യാപക തസ്തികകളാണ് വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. ഈ നിയമനത്തിന് തയ്യാറാക്കിയ പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി തീരാറായിട്ടും എന്‍സിഎ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നടത്താതിരിക്കുകയാണ്. കോളജ് ലക്ചറര്‍ നിയമനത്തിന് അഞ്ച് തവണയും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക നിയമനത്തിന് എട്ടുതവണയും ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തിന് മൂന്നും തവണ വിജ്ഞാപനമിറക്കിയിട്ടും യോഗ്യരായ എസ്‌സി-എസ്ടി സമുദായത്തില്‍പെട്ടവരെ ലഭിച്ചിട്ടില്ല.  കോളജുകളിലും സ്‌കൂളുകളിലും തസ്തികകള്‍ നികത്താത്തതിനാല്‍ അറബി ഭാഷാധ്യാപനം തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. പിഎസ്‌സിയുടെ ന്യൂനപക്ഷവിരുദ്ധതയും നിയമന നടപടികള്‍ നീളാന്‍ കാരണമാവുന്നതായി സംശയിക്കുന്നു.
എന്‍സിഎ 15 (എ), (ബി), (സി) ഭേദഗതി ഇടതുസര്‍ക്കാര്‍ ഇടപെട്ട് നിയമനതടസ്സം നീക്കണമെന്നാണ് അറബി അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് അവര്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍ കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയും നടപടിയു—ണ്ടാവുന്നില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണിവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 141 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക