|    Jun 20 Wed, 2018 7:38 am
Home   >  Todays Paper  >  page 12  >  

അറബിഭാഷ കൈപ്പിടിയിലൊതുക്കാന്‍ പുസ്തകങ്ങളുമായി അമാനുല്ല

Published : 12th November 2016 | Posted By: SMR

 സമീര്‍ കല്ലായി

തിരൂര്‍: അറബിഭാഷയെ കൈപ്പിടിയിലൊതുക്കാന്‍ പ്രവാസത്തിന്റെ വിരഹം നെഞ്ചിലേറ്റിയ ഒരെഴുത്തുകാരന്‍. മക്കരപ്പറമ്പ് സ്വദേശി അമാനുല്ല വടക്കാങ്ങരയാണ് അറബിഭാഷാ പഠനത്തിന് ഒരു ഡസന്‍ പുസ്തകങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. 47 വയസ്സിനിടയില്‍ 50 പുസ്തകങ്ങള്‍ അമാനുല്ലയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. സര്‍ഗപ്രതിഭകള്‍ പോലും പ്രവാസിയാവുന്നതോടെ എഴുത്തില്‍ നിഷ്‌ക്രിയരാകുന്നിടത്താണ് അമാനുല്ല വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നത്.
ഖത്തറില്‍ മാധ്യമപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണ ന്‍ എന്നീ തുറകളില്‍ അറിയപ്പെ ടുന്ന അമാനുല്ല പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ അധ്യാപകനായാണ് കരിയര്‍ ആരംഭിച്ചത്.  സ്‌കൂള്‍തലം മുതലേ എഴുത്തില്‍ താല്‍പര്യം കാണിച്ച അമാനുല്ല ആനുകാലികങ്ങളിലെ നിറസാന്നിധ്യമായിരുന്നു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെ അമാനുല്ല രചിച്ച അറബി സാഹിത്യ ചരിത്രം കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അറബി പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് റഫറല്‍ ഗ്രന്ഥമാണ്. 1995ല്‍ ഖത്തറിലെ ദോഹയില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായ അമാനുല്ല അറബിക് ആന്റ് ഇസ്‌ലാമിക് വകുപ്പ് മേധാവിയും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായി ഉയര്‍ന്നു.
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അറബി രണ്ടാം ഭാഷയായി പഠിപ്പിക്കാന്‍ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അറബി പഠിപ്പിക്കുന്നതിനായി എട്ട് വാള്യങ്ങളിലായി ഇദ്ദേഹം തയ്യാറാക്കിയ അറബിക് ഫോര്‍ ബിഗിനേഴ്‌സ് പരമ്പര ഇന്ത്യക്കകത്തും പുറത്തുമായി നൂറുകണക്കിനു സ്‌കൂളുകളിലെ പാഠപുസ്തകമാണ്. ഇന്റര്‍നാഷനല്‍ സ്‌കൂളുകളുടെ താല്‍പര്യം പരിഗണിച്ച് അറബിക് ഫോര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പരമ്പരയും  രചിച്ചിട്ടുണ്ട്. നിരവധി പുകവലിവിരുദ്ധ പ്രസിദ്ധീകരണങ്ങളുടെയും കര്‍ത്താവാണ്. ഈ കൃതികള്‍ അധികവും ഖത്തര്‍ ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ വകുപ്പ് എന്നിവയാണ് പ്രസിദ്ധീകരിച്ചത്.
ഇംഗ്ലീഷ്, അറബി, മലയാളം പത്രങ്ങളില്‍ ഒരേസമയം എഴുതുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും അമാനുല്ല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2006ല്‍ പ്രസിദ്ധീകരിച്ച സ്‌പോക്കണ്‍ അറബിക് മെയ്ഡ് ഈസി എന്ന ഗ്രന്ഥം രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമാണ് പുറത്തിറക്കിയത്. അമേരിക്കയിലും യൂറോപ്പിലും ഏറെ പ്രചാരത്തിലുള്ള ഈ ഗ്രന്ഥത്തിന്റെ 10 പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങി.
സിബിഎസ്ഇ 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അറബിക് ഗ്രാമര്‍ മെയ്ഡ് ഈസി എന്ന കൃതിയും മലയാളം മീഡിയക്കാര്‍ക്കായി നഹ്ഫുല്‍ വാളിഹ് എന്ന ഗ്രാമര്‍ ഗ്രന്ഥവും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിദേശ മലയാളികളില്‍ പ്രമുഖനായ ഡോ. ആര്‍ സീതാരാമന്‍ വാഷിങ്ടണ്‍ കോളജില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച് ചെയ്ത പ്രസംഗം ജീവിതപാഠങ്ങള്‍ എന്ന പേരില്‍ അമാനുല്ല മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത് സൗജന്യമായി വിതരണം ചെയ്തിരുന്നു.
വോയ്‌സ് ഓഫ് കേരളയില്‍ റേഡിയോ ടീച്ചര്‍ എന്ന പേരില്‍ അറബിഭാഷയും സംസാരശൈലിയും പരിചയപ്പെടുത്തുന്ന പരിപാടി ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കാണ് സഹായകമായിട്ടുള്ളത്. റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് മക്കളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss