|    May 23 Wed, 2018 6:20 pm
FLASH NEWS
Home   >  News now   >  

അറഫ : ഹജ്ജിന്റെ പ്രധാന ചടങ്ങ്

Published : 30th August 2017 | Posted By: G.A.G

അറഫ
ഹജ്ജിന്റെ പരമപ്രധാനമായ ചടങ്ങായ അറഫാ സംഗമം നടക്കുന്നത് ഇവിടെ വെച്ചാണ്. അറഫ ഹറം പരിധിയുടെ പുറത്താണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് 18 കി.മി. അകലെ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ  മൈതാനമാണ് അറഫ. ഏകദേശം 18 ച.കി.മി  വിസ്തൃതിയുണ്ട്. നേരത്തേ ഒഴിഞ്ഞ പ്രദേശമായിരുന്നുവെങ്കിലും ആധുനിക സൗദി ഭരണകൂടം നിറയെ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നു. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ടെന്റുകളുമുണ്ട്. അറഫയുടെ കിഴക്ക് ഭാഗത്തുളള പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു ചെറിയ കുന്നാണ് ജബലുറഹമ. പ്രവാചകന്റെ ഹജ്ജ് വേളയില്‍ ഈ കുന്നിലാണ് പ്രവാചകന്‍ പ്രാര്‍ത്ഥനാ നിരതനായത്. അറഫയുടെ പടിഞ്ഞാറേ ഭാഗത്തായി ഉറന താഴവരയുടെ സമതലത്തില്‍ പ്രവാചകന്‍ അറഫാ പ്രസംഗം നിര്‍വ്വഹിക്കുകയും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തസ്ഥലത്ത് പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ട പളളിയാണ് മസ്ജിദ് നമിറ. ഈ പളളിയില്‍ വെച്ചാണ് അറഫാ ദിനത്തില്‍ പ്രഭാഷണം നിര്‍വഹിക്കുന്നത്.

അറഫാസംഗമം
ദുല്‍ഹജ്ജ് ഒമ്പതിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മുഴുവനും അറഫയില്‍ സംഗമിക്കുന്നു. അറഫാസംഗമമാകുന്നു ഹജ്ജ്. അഥവാ അറഫയില്‍ സംഗമിക്കാത്തവന് ഹജ്ജില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിച്ചിരിക്കുന്നു. അറഫാദിനത്തെപ്പോലൈ മഹത്തരമായ ഒരു ദിനമില്ലെന്നും അന്നേ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് നരകവിമുക്തി നല്‍കപ്പെടുന്ന ദിവസമാണെന്നും പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. അറഫയില്‍ സംഗമിക്കുന്ന തീര്‍ത്ഥാടകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അന്നേ ദിവസം ലോകത്തുളള മുഴുവന്‍ വിശ്വാസികളോടും വ്രതമനുഷ്ഠിക്കാന്‍ പ്രവാചകന്‍ ഉപദേശിച്ചിരിക്കുന്നു.
 
 പ്രവാചകന്റെ അറഫാപ്രസംഗം

(ഹജ്ജത്തുല്‍ വിദാഅ് (വിടവാങ്ങല്‍ ഹജ്ജ്) എന്ന പേരിലറിയപ്പെടുന്ന പ്രവാചകന്റെ അറഫാപ്രസംഗം മനുഷ്യാവകാശങ്ങളുടേയും മാനവികമൂല്യങ്ങളുടേയും സംരക്ഷണ വിഷയത്തിലെ ഒരു രജതരേഖയാണ്.)

എല്ലാ സ്തുതിയും അല്ലാഹുവിന് മാത്രം. നാം അവനെ സ്തുതിക്കുന്നു.അവനോട് സഹായം തേടുന്നു. അവനോട് തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുന്നു. അവന്റെ മുമ്പാകെ ഖേദപ്രകടനം നടത്തുന്നു. നാം സ്വന്തം മനസ്സിന്റെ കുഴപ്പങ്ങളില്‍ നിന്നും പ്രവര്‍ത്തന വൈകല്യങ്ങളില്‍ നിന്നും അവനില്‍ ശരണം തേടുന്നു. ശരിയായ മാര്‍ഗത്തില്‍ ചലിക്കാന്‍ അല്ലാഹു ആര്‍ക്ക് സൗഭാഗ്യം നല്‍കിയോ  അവനെ മറ്റൊരാളും വഴിപിഴപ്പിക്കുകയില്ല.  ആര്‍ക്ക് അവന്‍ അതിന് സൗഭാഗ്യം നല്‍കിയില്ലയോ അവനെ നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരാനും ആര്‍ക്കും കഴിയില്ല.
അല്ലാഹുവല്ലാതെ മറ്റൊരിലാഹില്ല എന്നു ഞാന്‍ പ്രഖ്യാപിക്കുകയാണ്. അവന്‍ ഏകനാണ്. അവന് പങ്കുകാരനുമില്ല. മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. അല്ലാഹുവിന്റെ അടിയാറുകളേ, അവന് ഇബാദത്ത് ചെയ്യണമെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. നന്മക്ക് കാരണമായ കാരുണ്യംകൊണ്ടാണ് ഞാന്‍ സംസാരം ആരംഭിക്കുന്നത്.

ജനങ്ങളേ, എന്റെ വാക്കുകള്‍ സശ്രദ്ധം ശ്രവിച്ചാലും! എന്തു കൊണ്ടെന്നാല്‍ ഇവിടെവെച്ച് ഇനിയൊരിക്കല്‍ കൂടി നിങ്ങളുമായി സന്ധിക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല.

ജനങ്ങളേ, നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും അന്ത്യനാള്‍ വരെ പവിത്രമാണ്. നിങ്ങളുടെ ഈ ദിവസവും നഗരവും പവിത്രമായതു പോലെ,തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോള്‍  നിങ്ങളുടെ കര്‍മ്മങ്ങളെക്കുറിച്ച് അവന്‍ നിങ്ങളെ ചോദ്യം ചെയ്യും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിക്കുക എന്ന ബാധ്യത ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞു. ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക, മുസലിംകള്‍ പരസ്പരം സഹോദരന്മാരാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ഒരാള്‍ക്കും അനുവദനീയമല്ല.  അതിനാല്‍ നിങ്ങള്‍ ആത്മദ്രോഹം ചെയ്യാതിരിക്കുക. വല്ലവന്റെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ തന്നെ വിശ്വസിച്ചേല്‍പിച്ചവര്‍ക്ക് അതു തിരിച്ചു നല്‍കി കൊളളട്ടെ. എല്ലാ പലിശകളും ഇന്ന് മുതല്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. ഇതു മൂലം നിങ്ങള്‍ക്ക് ഒരു നഷ്ടവും വരുന്നില്ല. പലിശ പാടില്ലെന്നു അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി ഞാന്‍ ദുര്‍ബലപ്പെടുത്തുന്നത് അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബിനു കിട്ടാനുളള പലിശയാകുന്നു.
ജാഹിലിയ്യാ കാലത്തെ എല്ലാ കുടിപ്പകയും ഇതോടു കൂടി അസാധുവാക്കിയിരിക്കുന്നു. കഅ്ബയുടെ പരിപാലനം,തീര്‍ത്ഥാടകരുടെ ദാഹജലമൊരുക്കല്‍ തുടങ്ങിയവ അല്ലാത്ത ജാഹിലീ കാലത്തെ എല്ലാ സ്ഥാനമാനങ്ങളും പദവികളും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഇബ്‌നുറബീഅ ബിന്‍ ഹാരിസ് ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ വധത്തെ തുടര്‍ന്നുളള കുടിപ്പക ഇതില്‍ ആദ്യമായി ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.
ജനങ്ങളേ, നിങ്ങളുടെ ഈ പുണ്യഭൂമിയില്‍ വെച്ച് ആരാധിക്കപ്പെടുന്ന വിഷയത്തില്‍ ഇന്നു മുതല്‍ പിശാച് നിരാശനാണ്. എന്നാല്‍ നിസ്സാരമായി കരുതുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവനെ അനുസരിക്കുകയാണെങ്കില്‍ തന്നെ അവന് സംതൃപ്തിയാവും. അതിനാല്‍ നിങ്ങളുടെ മതത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുക.
ജനങ്ങളേ, യുദ്ധം വിലക്കപ്പെട്ട മാസങ്ങളില്‍ സ്വേഛാനുസാരമുളള ഭേദഗതികള്‍ കടുത്ത അവിശ്വാസമാണ്.

അവിശ്വാസികള്‍ അതുവഴി വ്യതിചലിക്കപ്പെടുകയാണ്. അല്ലാഹു പവിത്രമാക്കിയ മാസത്തില്‍ യുദ്ധം അനുവദനീയമാക്കുകയും അവന്‍ അനുവദിച്ച മാസത്തില്‍ നിരോധിക്കുകയും ചെയ്തുകൊണ്ട് ദൈവനിശ്ചിതമായ പുണ്യമാസങ്ങളുടെ എണ്ണം തികക്കാന്‍ അവര്‍  തട്ടിപ്പ് നടത്തുന്നു. അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍ മുതല്‍ കാലം അതിന്റെ സുനിശ്ചിത രൂപത്തില്‍ കറങ്ങുകയാണ്. പന്ത്രണ്ടാണ് അല്ലാഹുവില്‍ മാസങ്ങളുടെ എണ്ണം. അതില്‍ നാലു മാസങ്ങള്‍ യുദ്ധം വിലക്കപ്പെട്ട പവിത്രമാസങ്ങളാണ്. അവയില്‍ മൂന്നെണ്ണം ക്രമത്തോടെ  തുടര്‍ന്നു വരുന്നവയാണ്. ജമാദുല്‍ ആഖിറിനും ശഅ്ബാനും മധ്യേയുളള റജബ് ഒറ്റപ്പെട്ടതും.
ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ വെറുക്കുന്നവരെ നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളുടെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. നിങ്ങളെയല്ലാതെ മറ്റാരെയും നിങ്ങളുടെ ശയ്യ സ്പര്‍ശിക്കുവാന്‍ അനുവദിക്കാതിരിക്കുക. അവര്‍ ഒരു അശ്ലീല പ്രവൃത്തിയും കാണിക്കരുത്. അങ്ങനെ അവര്‍ ചെയ്യുന്ന പക്ഷം കിടപ്പറകളില്‍ അവരെ വെടിയാനും പരിക്കേല്‍പ്പിക്കാത്ത വിധം പ്രഹരിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്. അവര്‍ വിരമിച്ചാല്‍ മാന്യമായ  നിലയില്‍ അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കണം. സ്ത്രീകളോട് നിങ്ങള്‍ ദയയോട് കൂടി വര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് അവരെ നിങ്ങള്‍ വിവാഹം കഴിച്ചിട്ടുളളത്. അല്ലാഹുവിന്റെ വചനങ്ങളാലാണ് അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നത്.
ജനങ്ങളേ, എന്റെ വാക്കുകള്‍ ശരിയാംവണ്ണം ഗ്രഹിച്ചാലും.വ്യക്തമായ ഒരു കാര്യം നിങ്ങളില്‍ വിട്ടേച്ചു കൊണ്ടാണ്  ഞാന്‍ പോകുന്നത്. അത് മുറുകെ പിടിക്കുന്നേടത്തോളം കാലം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.  അല്ലാഹുവിന്റെ ഗ്രന്ഥവും  അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ,നിങ്ങളുടെ നാഥന്‍ ഒന്നാണ്. നിങ്ങള്‍ എല്ലാവരും ആദമിന്റെ സന്തതികളാണ്. ആദം മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉത്തമന്‍ ഭയഭക്തിയുളളവരാണ്. ഒരറബിക്കും അനറബിയേക്കാള്‍ മഹത്വമില്ല. ഒരനറബിക്കും അറബിയേക്കാള്‍ മഹത്വമില്ല. എന്തെങ്കിലും മഹത്വമുണ്ടെങ്കില്‍ അത് തഖ്‌വയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ജനങ്ങളേ,അല്ലാഹു അനന്തര സ്വത്തില്‍ എല്ലാ അവകാശികള്‍ക്കും നിര്‍ണിതമായ ഓഹരി നിശ്ചയിച്ചിട്ടുണ്ട്. മൂന്നിലൊന്നിലധികം ധനം വസിയ്യത്ത് ചെയ്യാന്‍ അനുവാദമില്ല. ആരുടെ വിരിപ്പിലാണോ ജനിച്ചത്, കുട്ടി അവരുടേതാണ്. വ്യഭിചാരികള്‍ക്കുളളത് കല്ലാണ്.  ആരെങ്കിലും സ്വന്തം പിതാവിനു പകരം മറ്റൊരാളെ പിതാവായി പ്രഖ്യാപിക്കുകയോ ഏതെങ്കിലും അടിമ സ്വന്തം യജമാനനെ കൂടാതെ മറ്റൊരാളെ കൂട്ടി യജമാനനായി പറയുകയോ ചെയ്താല്‍ അത്തരക്കാരുടെ മേല്‍ അല്ലാഹുവിന്റെയും മാലാഖമാരുടേയും മുഴുവന്‍ മനുഷ്യരുടേയും ശാപമുണ്ടാകും. അന്ത്യനാളില്‍ അവനില്‍ നിന്ന് ഒരു പകരവും സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ശാന്തിയും അനുഗ്രഹവുമുണ്ടാകട്ടെ.

അല്‍പം  നിര്‍ത്തിയതിനു ശേഷം നബി തിരുമേനി തുടര്‍ന്നു: ‘ഞാന്‍ കാര്യങ്ങള്‍ എത്തിച്ചു തന്നതായി സാക്ഷ്യം വഹിക്കൂ. അല്ലാഹുവേ, നീയും അപ്രകാരം സാക്ഷ്യം വഹിച്ചാലും’. എന്നിട്ട് ജനങ്ങളോട് ചോദിച്ചു: നിങ്ങളോട് എന്നെക്കുറിച്ച് അല്ലാഹു ചോദിച്ചാല്‍ എന്താണ് പറയുക
താങ്കള്‍ സന്ദേശം എത്തിക്കുകയും സമുദായത്തെ ഉപദേശിക്കുന്ന ബാധ്യത നിര്‍വഹിക്കുകയും യാഥാര്‍ഥ്യത്തിന്റെ മുമ്പിലുളള മുഴുവന്‍ തിരശ്ശീലയും ഉയര്‍ത്തി ദൈവിക അമാനത്തിനെ ഞങ്ങളിലേക്ക് എത്തിച്ചു തരുകയും  ചെയ്തതായി ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നുവെന്ന് അപ്പോള്‍ ജനസഞ്ചയം കൂട്ടത്തോടെ വിളിച്ചു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss