|    Jan 23 Mon, 2017 8:13 pm
FLASH NEWS

അറഫയെ പാല്‍ക്കടലാക്കി അല്ലാഹുവിന്റെ അതിഥികള്‍

Published : 12th September 2016 | Posted By: G.A.G

arafa

 

സലീം  ഉളിയില്‍

മക്ക: ഇബ്രാഹിം നബി(അ)യുടെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ അറഫയെ ശുഭ്രസാഗരമാക്കി. അന്തിമ വിചാരണയെ അനുസ്മരിപ്പിച്ച് തൂവെള്ള വസ്ത്രധാരികളായ തീര്‍ത്ഥാടക ലക്ഷങ്ങളാണ് അറഫ മൈതാനിയില്‍ സംഗമിച്ചത്. ഒരേ വികാരവും ഒരേ ലക്ഷ്യവുമായി ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ (നാഥാ, നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു) എന്ന തല്‍ബിയ്യത്തുമായി ഒത്തുകൂടി.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വാനോളമുയര്‍ത്തുന്ന പ്രൗഢോജ്ജ്വല പ്രഖ്യാപനമായിരുന്നു ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമം. 15 ലക്ഷത്തോളം പേരാണു പങ്കെടുത്തത്. ലോക മുസ്‌ലിംകളുടെ വാര്‍ഷികസമ്മേളനമെന്നു വിശേഷിപ്പിക്കുന്ന അറഫ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ ഐച്ഛികവ്രതം അനുഷ്ഠിച്ചു.
കഴിഞ്ഞദിവസം മുതല്‍തന്നെ ഹജ്ജിനെത്തിയവര്‍ അറഫയിലേക്കു പ്രയാണം ആരംഭിച്ചിരുന്നു. ഇതിനു മശാഇര്‍ ട്രെയിന്‍, ബസ്സുകള്‍ എന്നിവയാണ് ഉപയോഗപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ മുഴുവന്‍ തീര്‍ത്ഥാടകരും അറഫയിലെത്തി. അറഫയില്‍ പങ്കെടുത്തില്ലെങ്കില്‍ ഹജ്ജിന്റെ പുണ്യം ലഭിക്കില്ലെന്നതിനാല്‍ തീര്‍ത്ഥാടനത്തിനെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ ആംബുലന്‍സിലും മറ്റും എത്തിച്ചിരുന്നു. തുടര്‍ന്ന് ളുഹറും അസറും ഒന്നിച്ച് ചുരുക്കി നമസ്‌കരിച്ചു. മസ്ജിദുന്നമീറയില്‍ നടന്ന ഖുത്തുബയ്ക്ക് സൗദി ഗ്രാന്റ് മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശെയ്ഖ് നേതൃത്വംനല്‍കി.  തുടര്‍ന്ന് തീര്‍ത്ഥാടകര്‍ താല്‍ക്കാലിക തമ്പുകളിലും ജബലുറഹ്മയുടെ താഴ്‌വരയിലുമായി പ്രാര്‍ഥനയില്‍ മുഴുകി. സൂര്യാസ്തമയത്തോടുകൂടി അറഫയോടു വിടപറഞ്ഞ്  മുസ്ദലിഫയിലേക്കു നീങ്ങി.
അവിടെ രാപ്പാര്‍ത്ത ഹാജിമാര്‍ പുലര്‍ച്ചെയോടെ പിശാചിന്റെ പ്രതീകമായ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് മിനയില്‍ തിരിച്ചെത്തും. കല്ലേറുകര്‍മം നിര്‍വഹിച്ചു ബലിയറുത്ത് തല മുണ്ഡനവും ചെയ്യുന്നതോടുകൂടി ഇഹ്‌റാമിന് അര്‍ധവിരാമമാവും. പിന്നീട് മക്കയിലെത്തി ഹജ്ജിന്റെ നിര്‍ബന്ധ ത്വവാഫും സഅ്‌യും നിര്‍വഹിക്കുന്നതോടുകൂടി ഇഹ്‌റാമില്‍ നിന്നു പൂര്‍ണവിരാമവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക