|    Feb 19 Sun, 2017 5:48 pm
FLASH NEWS

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും രണ്ട് വര്‍ഷത്തിനകം ഭൂമി : മന്ത്രി

Published : 15th November 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും രണ്ടു വര്‍ഷത്തിനകം ഭൂമി പതിച്ചു നല്‍കുന്നതിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഭൂവിതരണത്തില്‍ നടപടിക്രമമനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാകണം ഭൂമി പതിച്ചുനല്‍കേണ്ടത്. ജില്ലയില്‍ ഭൂമി സംബന്ധമായി ലഭിച്ച 8000 അപേക്ഷകളില്‍ 1944 പേര്‍ മാത്രമാണ് അര്‍ഹരുടെ പട്ടികയില്‍പെട്ടിട്ടുള്ളത്. മറ്റുള്ളവര്‍ എങ്ങനെ അനര്‍ഹരായി എന്ന് അറിയിക്കണം. അര്‍ഹരായ കൈവശകാര്‍ക്ക് ഭൂമി പതിച്ചു നല്‍കണം. താഴെ തട്ടിലുള്ളവരുടെ അപേക്ഷയാണ് ആദ്യം പരിഗണിക്കേണ്ടത്. പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ ഭൂരേഖയില്ലാത്ത ആരും ഇനി ഉണ്ടാകാന്‍ പാടില്ല. ഇതിനായി സബ്കലക്ടറെ ചുമതലപ്പെടുത്തി. കൈവശക്കാര്‍ക്ക് ഒരേക്കറില്‍ കൂടുതല്‍ ഭൂമി പതിച്ചു നല്‍കരുത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പക്കല്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെങ്കില്‍ അന്വേഷണം നടത്തി കണ്ടെത്തും. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ഭൂമി നിലനിര്‍ത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ഭൂമി പതിച്ചുനല്‍കാന്‍ നിരാക്ഷേപ പത്രം ഹാജരാക്കണം. 2017ഓടെ ജില്ലയിലെ റീസര്‍വെ പൂര്‍ത്തീകരിച്ച് ഭൂമിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സര്‍ക്കാരിന്റെ ഭൂമി ചിട്ടപ്പെടുത്തുകയാണ് റീസര്‍വെയുടെ ലക്ഷ്യം. ഭൂമിയുടെ അതിരുകള്‍ ചിട്ടപ്പെടുത്തി കൃത്യമായി നിര്‍ണ്ണയിക്കണം. മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിയില്‍  കയ്യേറ്റം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കണം. ഭൂമിയുടെ മാര്‍ക്കറ്റ് റേറ്റിന്റെ കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഭൂമി കയ്യേറ്റം ഇനി ഉണ്ടാകാന്‍ പാടില്ലെന്നും താലൂക്ക്തലങ്ങളില്‍ ജില്ലാകവക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഭൂരേഖ നല്‍കുന്ന കാര്യത്തില്‍ സമയോചിതമായ തീരുമാനമെടുക്കണമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എ ടി ജയിംസ്, റവന്യൂ ജോയിന്റ് കമ്മീഷണര്‍ പത്മകുമാര്‍, ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക