|    Nov 18 Sun, 2018 9:47 pm
FLASH NEWS

അര്‍ഹതപ്പെട്ടവര്‍ക്ക് അടിയന്തരമായി പട്ടയം നല്‍കണം: ഡോ. പി കെ ബിജു എംപി

Published : 29th July 2018 | Posted By: kasim kzm

തൃശൂര്‍: ജില്ലയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഡോ. പി കെ ബിജു എംപി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലയോര മേഖലയില്‍ ഉള്‍പ്പടെയുള്ള അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ റവന്യൂ വകുപ്പും വനം വകുപ്പും സംയുക്തമായി ഇടപെടണമെന്നും എംപി പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് അതിവേഗം പട്ടയം അനുവദിക്കണമെന്ന് മുരളി പെരുനെല്ലി എംഎല്‍എയും പ്രമേയത്തിലൂടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ആകെ 19 പ്രമേയങ്ങളാണ് യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഡോ. പി കെ ബിജു എംപി ഒമ്പത് പ്രമേയങ്ങളും യു ആര്‍ പ്രദീപ് എംഎല്‍എ നാല് പ്രമേയങ്ങളും ഇ ടി ടൈസണ്‍മാസ്റ്റര്‍ എംഎല്‍എ മൂന്നു പ്രമേയങ്ങളും കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ രണ്ടു പ്രമേയവും മുരളി പെരുനെല്ലി എംഎല്‍എ ഒരു പ്രമേയവും അവതരിപ്പിച്ചു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ആറു മണിവരെ നിര്‍ബന്ധമാണെന്നും ഇത് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്നും ബിജു എംപി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അനര്‍ഹമായി ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്ന അയ്യായിരത്തിലധികം ആളുകള്‍ ജില്ലയില്‍ ഉണ്ട്. ഇവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കര്‍ശന നടപടിയെടുക്കണം. പുഴയ്ക്കല്‍ ശോഭാ സിറ്റി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കണം. വാഴാനി ഡാം സ്ലൂയിസ് ഷെട്ടറിലെ ചോര്‍ച്ച പരിഹരിക്കണം. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര ധനസഹായം ഉറപ്പവരുത്തണമെന്നും മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത നിര്‍മാണം വേഗത്തിലാക്കാനുള്ള ഇടെപടലുകള്‍ നടത്തണമെന്നും  എംപി  യോഗത്തില്‍ ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്ന് യു ആര്‍ പ്രദീപ് എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓണം-ബക്രീദ് സീസണില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കരുതല്‍ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറിയാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍പേര്‍ക്കും വേഗത്തില്‍ വീട് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എറിയാട് ഓഖിദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കുന്നതിന് അടിയന്തിര നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടികള്‍ വേണമെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തികള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൃത്രിമ പാലിന്റെ വിതരണം തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്താനും അനധികൃത വെളിച്ചെണ്ണ നിര്‍മാണ കമ്പനികളെ നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും അഴീക്കോട്-മുനമ്പം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥയോഗം വിളിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണയായി. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഡോ. എം സുരേഷ്‌കുമാര്‍ പങ്കെടുത്തു. ആഗസ്റ്റ് പതിനെട്ടാം തീയതിയാണ് അടുത്ത ജില്ലാ വികസന സമിതി യോഗം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss