|    Jan 23 Mon, 2017 8:12 pm
FLASH NEWS

അര്‍ബുദ രോഗ നിയന്ത്രണം: മാസ്റ്റര്‍പ്ലാന്‍  കൊണ്ടുവരണമെന്ന് നിയമസഭാസമിതി

Published : 25th February 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാവുന്ന അര്‍ബുദ രോഗം നിയന്ത്രിക്കുന്നതിനായി മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നിലവിലെ അര്‍ബുദ രംഗത്തെ ചികില്‍സാ ഉപാധികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭൗതിക സാഹചര്യങ്ങള്‍, സ്റ്റാഫ് പാറ്റേണ്‍ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങ ള്‍ തയ്യാറാക്കി സൂക്ഷിക്കണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായ സമിതി റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
അര്‍ബുദ രോഗ ചികില്‍സയ്ക്കായി എംഎല്‍എ, എംപി ഫണ്ടില്‍നിന്ന് ഓരോവര്‍ഷവും നിശ്ചിത തുക നീക്കിവയ്ക്കണം. മിനി ആര്‍സിസിയായി ഉയര്‍ത്തുന്ന ആശുപത്രികളില്‍ സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്ക ല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി എന്നീ വിഭാഗങ്ങളുണ്ടായിരിക്കണം. ആര്‍സിസിയിലേക്കെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കീമോതെറാപ്പി സൗകര്യമൊരുക്കണം. അര്‍ബുദ രോഗ നിര്‍ണയത്തിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കണം. അര്‍ബുദ രോഗത്തിന് മതിയായ ചികില്‍സ ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്തണം.
അര്‍ബുദ ചികില്‍സയ്ക്ക് ഭീമമായ ചെലവുണ്ടാവുന്ന സാഹചര്യത്തില്‍ കാന്‍സര്‍ ചികില്‍സ ഒരു അവകാശമെന്ന് ഉറപ്പുനല്‍കുന്ന അര്‍ബുദ ചികില്‍സാ അവകാശം കൊണ്ടുവരണമെന്നും സമിതി ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് സൗജന്യചികില്‍സ ഉറപ്പാക്കുന്നതിന് സൗകര്യമൊരുക്കണം.
സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷം ഗ്രാമീണസേവനമെന്ന നിര്‍ബന്ധിത വ്യവസ്ഥ ഏര്‍പ്പെടുത്തണം. ഇക്കാര്യം നിയമനിര്‍മാണത്തിലൂടെ മെഡിക്കല്‍ അഡ്മിഷന്‍ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തണം.
മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും അനലിറ്റിക്കല്‍ ലാബുകള്‍ സ്ഥാപിക്കണം. സംസ്ഥാനത്തെ സ്വകാര്യമേഖലയിലടക്കം പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള മരുന്നുവിതരണത്തിന്റെ മൊത്തം ചുമതല മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ ഏല്‍പ്പിക്കണം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കേരളത്തില്‍തന്നെ ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തണം. എല്ലാ മെഡിക്കല്‍ കോളജുകളിലും അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കണം.
ചികില്‍സാരംഗത്തെ ചൂഷണം തടയുന്നതിനാവശ്യമായ നിയമനിര്‍മാണം കൊണ്ടുവരണമെന്നും നിയമസഭാസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പി കെ ബഷീര്‍, ജെയിംസ് മാത്യു, എന്‍ ജയരാജ്, ജോസഫ് വാഴയ്ക്കന്‍, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ലൂഡി ലൂയിസ്, എ പ്രദീപ്കുമാര്‍, കെ എസ് ശബരീനാഥന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക