|    Jun 21 Thu, 2018 2:21 am
FLASH NEWS

അര്‍ധ പട്ടിണിയില്‍ കഴിയുന്ന രോഗിയായആദിവാസി വൃദ്ധന് അവഗണന

Published : 13th August 2017 | Posted By: fsq

 

മാനന്തവാടി: ബന്ധുക്കളില്ലാത്തതിനാല്‍ ചോര്‍ന്നൊലിക്കുന്ന ഷെഡിനുള്ളില്‍ തനിച്ചു കഴിയുന്ന രോഗിയായ ആദിവാസി വൃദ്ധന്‍ സഹായമാവശ്യപ്പെട്ടിട്ടും ട്രൈബല്‍ വകുപ്പ് തിരിഞ്ഞുനോക്കുന്നില്ല. തൊട്ടടുത്ത കുടിവെള്ള പ്പൈപ്പില്‍ നിന്നു ശുദ്ധജലമെടുത്ത് കഞ്ഞിവച്ച് കഴിക്കാന്‍ പോലും കഴിയാതെ വൃദ്ധന്‍ നരകയാതന അനുഭവിക്കുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി ചാളമൊട്ടന്‍കുന്ന് പണിയ കോളനിയിലെ കാവലന്‍ (65) ആണ് കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കാലിനും കൈയ്ക്കുമുള്ള അസുഖം രൂക്ഷമായതോടെ ഷെഡിനുള്ളില്‍ ഇഴഞ്ഞാണ് ആരെങ്കിലും എത്തിച്ചു നല്‍കുന്ന റേഷനരി ഉപയോഗിച്ച് കഞ്ഞിവച്ച് കുടിക്കുന്നത്. പ്ലാസ്റ്റിക് കൂരയില്‍ നിന്നു വീഴുന്ന വെള്ളമാണ് കുടിക്കാനും കഞ്ഞിവയ്ക്കാനും ഉപയോഗിക്കുന്നത്. കാവലന്റെ ദുരിതം കണ്ട പരിസരവാസിയായ തങ്കച്ചന്‍ എന്നയാള്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് ജൂലൈ ആറിന് നേരിട്ട് കത്ത് നല്‍കിയെങ്കിലും ഒന്നരമാസമായിട്ടും ആരും തന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. അച്ഛനും അമ്മയും മരണപ്പെട്ട അവിവാഹിതനായ കാവലന് സഹോദരങ്ങളുമില്ല. ഇയാള്‍ കൂലിപ്പണിയെടുത്താണ് കഴിഞ്ഞിരുന്നത്. ഇതിനിടെ മൂന്നുവര്‍ഷം മുമ്പ്  വലതു കൈയുടെ സ്വാധീനം പൂര്‍ണമായി നഷ്ടപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് കൈപ്പാദങ്ങളും കാല്‍പ്പാദങ്ങളും വിണ്ടു കീറുന്ന അപൂര്‍വ രോഗം കാവലനെ പിടികൂടി. ഇതോടെ കാലിന്റെ മുട്ടിന് താഴെ നീര് വന്നു നടക്കാന്‍ പോലും കഴിയാതായതോടെ പുറത്തിറങ്ങാറില്ല. രണ്ടുതവണ ചികില്‍സയ്ക്കായി പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രിയിലും ഓട്ടോറിക്ഷ വിളിച്ച് പോയെങ്കിലും തുടര്‍ന്നു ചികില്‍സിക്കാനും മരുന്ന് വാങ്ങാനും പണമില്ലാത്തിനാല്‍ വീട്ടില്‍ തന്നെ ഇരിപ്പായി. ഒരു തവണ ആശുപത്രിയില്‍ പോയി വരാന്‍ 200 രൂപയെങ്കിലും ഓട്ടോക്കൂലി വേണം. ജോലിക്ക് പോവാന്‍ കഴിയാത്ത, സ്വന്തക്കാരില്ലാത്ത കാവലനെ സംബന്ധിച്ചിടത്തോളം പണം കണ്ടെത്തുക സാധ്യമല്ലാത്തിനാല്‍ ചികില്‍സയും മുടങ്ങി. കാവലന് പ്രായം 65 ആണെങ്കിലും ഇതുവരെ യാതൊരു ക്ഷേമ പെന്‍ഷനും ലഭിച്ചിട്ടില്ല. ഓലകള്‍ കൊണ്ട് ചുറ്റും മറച്ച് പ്ലാസ്റ്റിക് ഷീറ്റ് മുകളില്‍ വിരിച്ച ഷെഡിലാണ് താമസം. പ്ലാസ്റ്റിക് ഷീറ്റ് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികളായ ചിലര്‍ ചേര്‍ന്നാണ് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്. പുതുതായി വീടിന് അപേക്ഷിക്കുകയും വീട് അനുവദിക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്തു. എന്നാല്‍, പ്രദേശത്ത് നിരവധി വീടുകള്‍ കരാറെടുത്ത് പാതിവഴിയില്‍ ഉപേക്ഷിക്കുന്നതു പതിവാക്കിയ കരാറുകാരനെയാണ് കാവലന്റെ വീടിന്റെ പണിയും അധികൃതര്‍ ഏല്‍പ്പിച്ചത്. തറയുടെ പണി പൂര്‍ത്തിയാക്കി ആദ്യ ഗഡുവും വാങ്ങിപ്പോയ കറാരുകാരന്‍ മൂന്നു മാസത്തോളമായി കോളനിയിലേക്ക് വന്നിട്ടില്ല. ഇത്തരത്തില്‍ പാതിവഴിയലുള്ള നിരവധി വീടുകള്‍ കോളനിയിലുണ്ട്. ആദിവാസികളെ സഹായിക്കാന്‍ ഒരു വകുപ്പും അതിന് കീഴില്‍ ട്രൈബല്‍ ഓഫിസര്‍മാരും പ്രമോട്ടര്‍മാരും കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുമെല്ലാം നിരന്തരം കോളനികള്‍ കയറിയിറങ്ങുമ്പോഴാണ് ആദിവാസി വൃദ്ധന്‍ സഹായമാവശ്യപ്പെട്ടിട്ടും ലഭ്യമാവാതെ പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍ അര്‍ധ പട്ടിണിയില്‍ നരകിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss