|    Nov 19 Mon, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് സുപ്രിംകോടതി

Published : 18th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രി രണ്ടുമണിക്ക് സുപ്രിംകോടതിയിലെ ആറാം നമ്പര്‍ മുറിയില്‍ നടന്ന അസാധാരണ വാദപ്രതിവാദത്തിനൊടുവിലാണ് കര്‍ണാകടയില്‍ ബി എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും ആവശ്യം കോടതി തള്ളിയത്. രാത്രി ഒരുമണിയോടെയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രാത്രി തന്നെ ഹരജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ഒന്നേമുക്കാലിന് വാദം നിശ്ചയിച്ചെങ്കിലും തുടങ്ങിയപ്പോള്‍ രണ്ടു കഴിഞ്ഞു.
മൂന്നു മണിക്കൂര്‍ നീണ്ട വാദങ്ങള്‍ക്കൊടുവില്‍ സത്യപ്രതിജ്ഞയ്ക്കു തടസ്സമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച് ഗവര്‍ണറുടെ ഓഫിസിന് ഇക്കാര്യത്തില്‍ നോട്ടീസയക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കേസില്‍ ഇന്ന് 10.30ന് വീണ്ടും സുപ്രിംകോടതി വാദം കേള്‍ക്കും.  മൂന്ന് ബിജെപി എംഎല്‍എമാര്‍ക്കു വേണ്ടി മുകുള്‍ രോഹത്ഗിയും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലും ഹാജരായപ്പോള്‍ യെദ്യൂരപ്പയ്ക്ക് വേണ്ടിയോ കര്‍ണാടക സര്‍ക്കാരിന് വേണ്ടിയോ അഭിഭാഷകര്‍ ആരും ഹാജരായില്ല.
സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്നാമത്തെ പരിഗണന നല്‍കേണ്ടത് തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനായിരിക്കണമെന്നും അതു കഴിഞ്ഞു മാത്രമേ ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാനാവൂ എന്നുമായിരുന്നു കോണ്‍ഗ്രസ്സിനുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചത്.
കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടി അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യങ്ങളില്‍ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ ഒന്നും രണ്ടും പരിഗണനകള്‍. ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ചു നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിനിടെ നിങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിന് വേണ്ടിയല്ലേ നില്‍ക്കുന്നതെന്നും നിങ്ങളുടെ പരാതി ബിജെപി കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടിയല്ല എന്നതുമല്ലേ എന്നു ബെഞ്ചിലെ ജസ്റ്റിസ് എ കെ സിക്രി ചോദിച്ചു.
തുടര്‍ന്ന് വാദിച്ച സിങ്‌വി, രാത്രി വൈകി ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കു സത്യപ്രതിജ്ഞ നടത്താന്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തു. 10 എംഎല്‍എമാര്‍ മാത്രമുള്ള ഒരു സംഘത്തെ രാവിലെ സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണര്‍ അനുവദിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കോടതിയും പറയുന്നുവെന്നും സിങ്‌വി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇതുസംബന്ധിച്ച് സര്‍ക്കാരിയ കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിച്ച നബാം റാബിയ വിധി ഉള്‍പ്പെടെ മുന്‍ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലല്ല ഗോവ, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടിയില്‍ ജുഡീഷ്യല്‍ റിവ്യൂ വേണമെന്നും ആവശ്യപ്പെട്ടു. യെദ്യൂരപ്പ ബിജെപിയുടെ മാത്രം നേതാവാണ്. എന്നാല്‍ കുമാരസ്വാമി ഇപ്പോള്‍ ജെഡിഎസ്, കോണ്‍ഗ്രസ് കക്ഷികളുടെ നേതാവുമാണ്. സത്യപ്രതിജ്ഞ രണ്ടു ദിവസത്തേക്കു കൂടി നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം വാദം അവസാനിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss