|    Dec 16 Sun, 2018 11:46 pm
FLASH NEWS

അര്‍ത്ഥരഹിതമായ ഒരു യുദ്ധത്തിന്റെ ആഘാതങ്ങള്‍ അഥവാ കുരിശും മീസാന്‍ കല്ലും

Published : 7th December 2015 | Posted By: TK
slug shameem


 

രണ്ട് വ്യക്തികള്‍ തമ്മിലാവട്ടെ, രണ്ട് സമുദായങ്ങള്‍ തമ്മിലാവട്ടെ, രണ്ട് രാജ്യങ്ങള്‍ തമ്മില്‍ത്തന്നെയാവട്ടെ ഉണ്ടാവുന്ന കലാപങ്ങളുടെയും പ്രശ്‌നങ്ങളുടെയും അര്‍ത്ഥശൂന്യത പൊട്ടിച്ചിരിപ്പിക്കുന്ന സംഭവങ്ങളിലൂടെ സിനിമ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നുണ്ട.


 

യിരത്തി തൊള്ളായിരത്തി എണ്‍പതുകളിലെപ്പൊഴോ ഇറാഖിലെ ഒരു കുര്‍ദ് ഗ്രാമത്തില്‍ ഒരു വിവാഹം നടക്കുകയാണ്. ഗ്രാമത്തിലെ കുര്‍ദ് മുസ്ലിം കാരണവരായ അബ്ദുറഹ്മാന്റെ പേരക്കുട്ടിയുടേതാണ് വിവാഹം. ആഘോഷങ്ങള്‍ക്കിടയിലാണ് ഒരു പട്ടാളവണ്ടി അബ്ദുറഹ്മാനെത്തേടിയെത്തിയത്. ഒരു ശവശരീരമാണ്. അദ്ദേഹത്തിന്റെ മറ്റൊരു പേരക്കുട്ടിയുടെ ശവശരീരം.

എണ്‍പതില്‍ ആരംഭിച്ച് എട്ടു കൊല്ലത്തോളം നീണ്ടുനിന്ന ഇറാഖ് ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാഖി ചലച്ചിത്രകാരന്‍ ശഖ്വാന്‍ ഇദ്രീസ് സദ്ദാം ഹുസൈന്റെ ഇറാഖിലെ കുര്‍ദ് ഗ്രാമത്തിന്റെ കഥ പറയുന്നത്. മുസ്ലിമായ അബ്ദുറഹ്മാന്റെ അടുത്ത സുഹൃത്താണ് ക്രിസ്ത്യാനിയായ നോയല്‍. ഇവര്‍ രണ്ടു പേരുടെയും സമപ്രായക്കാരനായ ഏലിയാസ് എന്ന യസീദിയാണ് ഗ്രാമത്തിലെ മറ്റൊരു കാരണവര്‍.

വിവാഹാഘോഷങ്ങള്‍ നിര്‍ത്തിവെച്ച് മൃതദേഹം സംസ്‌കരണത്തിനു വേണ്ടി ഒരുക്കുമ്പോഴാണ് അവര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. മുഖമൊക്കെ കരിഞ്ഞ് ആളെ തിരിച്ചറിയാന്‍ വയ്യാതായിട്ടുണ്ടെങ്കിലും മരിച്ചയാളുടെ ചേലാകര്‍മം ചെയ്തിട്ടില്ലെന്ന് വ്യക്തമായി. അങ്ങനെയെങ്കില്‍ ഇതൊരു മുസ്ലിമിന്റെ ശരീരമല്ലെന്ന് അബ്ദുറഹ്മാന്‍ ഊഹിച്ചു.

 

the face of ash

 

അപ്പോള്‍പ്പിന്നെ ക്രിസ്ത്യാനിയുടേതാവാനേ തരമുള്ളൂ. നോയലിന്റെ മകനും അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ അതേ പ്രായമുള്ളയാളാണ്. അദ്ദേഹം നോയലിനോട് മൃതദേഹം പരിശോധിക്കണമെന്നും തിരിച്ചറിയണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അത് തന്റെ മകനല്ലെന്നായി നോയല്‍. അപ്പോള്‍ ഇതാരുടേതാണെന്ന് തിരിച്ചറിയാനും അതുവരെ മൃതദേഹം കേടുവരാതെ സംരക്ഷിക്കാനുമുള്ള ബദ്ധപ്പാടുകളാണ്. എന്നാല്‍ അതിനു വേണ്ടിയുള്ള അവരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. അതിനിടയില്‍ തന്റെ പേരക്കുട്ടിക്ക് ചേലാകര്‍മം ചെയ്തിട്ടുണ്ടോ എന്ന അന്വേഷണവും അബ്ദുറഹ്മാന്‍ നടത്തിനോക്കി. അതും വിജയിച്ചില്ല.

സംഗതി ഇത്രയുമായപ്പോഴേക്കും അബ്ദുറഹ്മാന്റെയും നോയലിന്റെയും നിലപാട് മാറി. മൃതദേഹം തങ്ങളുടേതാണെന്ന് ഇരുവരും വാദിച്ചു. അതോടെ ഇരു സമുദായങ്ങളും അതിലിടപെട്ടു. കാര്യങ്ങള്‍ സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോള്‍ ഇരുകൂട്ടരും പരസ്പരം സംസാരിച്ച് ധാരണയിലെത്താമെന്നായി. തര്‍ക്കങ്ങള്‍ പരിഹാരമാകാതെ നീണ്ടു. എന്നാല്‍പ്പിന്നെ മറ്റൊരാളുടെ തീരുമാനത്തിന് വിടാം എന്നായി. വിധിതീര്‍പ്പിന് മുസ്ലിമിനെ ഏല്‍പ്പിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറല്ല. ക്രിസ്ത്യാനിയെ ഏല്‍പിക്കാന്‍ മുസ്ലിംകളും തയ്യാറല്ല. എങ്കില്‍പ്പിന്നെ രണ്ടുമല്ലാത്ത മൂന്നാമതൊരാളാര്?

 

the face of ash 3

 

അപ്പോഴാണ് അവര്‍ക്ക് ഏലിയാസിനെ ഓര്‍മ വന്നത്. അദ്ദേഹം യസീദി മതക്കാരനാണ്. എല്ലാവരും കൂടി അദ്ദേഹത്തെ സമീപിച്ചു. ഏലിയാസ് വിധിയും പറഞ്ഞു. രണ്ട് ആചാരങ്ങളും പാലിച്ചു കൊണ്ട് മൃതദേഹം സംസ്‌കരിക്കുക. എന്നിട്ട് ഖബറിടത്തില്‍ ഒരു ഭാഗത്ത് കുരിശും മറുഭാഗത്ത് മീസാന്‍ കല്ലും സ്ഥാപിക്കുക.

അതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി. വികാരിയച്ചന്റെ ചരമശുശ്രൂഷകളും മ ൗലവിയുടെ തല്‍ഖീനും ഒരേസമയം ഉരുവിടപ്പെട്ടു. ശരീരം കുഴിയിലേക്ക് താഴ്ത്തിയപ്പോഴേക്കും ഒരു പട്ടാളവണ്ടി വന്നു നിന്നു. അധികൃതര്‍ക്ക് മാറിപ്പോയതാണ്. ആ ശരീരം മറ്റെവിടെയോ ഉള്ള ആരുടെയോ ആണ്.

കുഴിച്ചു വെച്ച കുരിശിന്റെയും മീസാന്‍ കല്ലിന്റെയും അടുത്തിരുന്ന് അബ്ദുറഹ്മാനും നോയലും വീണ്ടും സൗഹൃദം പങ്കിട്ടു. മുടങ്ങിക്കിടന്ന വിവാഹവും നടന്നു. എന്നാല്‍ അനധികൃതമായി മദ്യം ഉണ്ടാക്കിയതിന് ഏലിയാസ് അറസ്റ്റ് ചെയ്യപ്പെട്ടു.

 

the face of ash 1

 

രസകരമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി ശഖ്വാന്‍ ഇദ്രീസ് പറയുന്ന കഥ യുദ്ധകാലത്തെ ഇറാഖ് അനുഭവിച്ച ഒട്ടേറെ പ്രതിസന്ധികളെ വരച്ചു കാണിക്കുന്നുണ്ട്. ഇറാനുമായുള്ള എട്ടു വര്‍ഷക്കാലത്തെ യുദ്ധത്തിനു ശേഷവും ആ രാജ്യവും അവിടുത്തെ ജനതയും വംശീയതയുടെയും യുദ്ധങ്ങളുടെയും ദുരിതങ്ങളിലൂടെയാണ് കടന്നു പോയതെന്നു കൂടി ഓര്‍ക്കുക. രണ്ട് വ്യക്തികള്‍ തമ്മിലാവട്ടെ, രണ്ട് സമുദായങ്ങള്‍ തമ്മിലാവട്ടെ, രണ്ട് രാജ്യങ്ങള്‍ തമ്മില്‍ത്തന്നെയാവട്ടെ ഉണ്ടാവുന്ന കലാപങ്ങളുടെയും പ്രശ്‌നങ്ങളുടെയും അര്‍ത്ഥശൂന്യത പൊട്ടിച്ചിരിപ്പിക്കുന്ന സംഭവങ്ങളിലൂടെ സിനിമ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നുണ്ട.്അര്‍ത്ഥരഹിതമായ ഒരു യുദ്ധത്തിന്റെ ആഘാതങ്ങള്‍ അഥവാ കുരിശും മീസാന്‍ കല്ലും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss