അര്‍ജന്റീന ജഴ്സിയില്‍ മെസ്സിയുടെ തിരിച്ചുവരവ് വൈകും
Published : 31st August 2016 | Posted By: SMR
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. നാളെ ഉറുഗ്വേയ്ക്കെതിരേ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ മെസ്സിക്ക് കളിക്കാനാവില്ലെന്ന് താരത്തിന്റെ ക്ലബ്ബായ ബാഴ്സലോണ അറിയിച്ചു. പിന്തുട ഞരമ്പിനേറ്റ പരിക്കാണ് മെസ്സിയുടെ തിരിച്ചുവരവ് വൈകിക്കുന്നത്. കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ചിലിയോട് തോറ്റതിനു ശേഷം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സി അടുത്തിടെ തന്റെ നിലപാട് മാറ്റി മടങ്ങിവരാനുള്ള സന്നദ്ധത പുതിയ അര്‍ജന്റൈന്‍ പരിശീലകന് എഡ്ഗാര്‍ഡോ ബൗസയെ അറിയിക്കുകയായിരുന്നു.
താരത്തിന്റെ പരിക്ക് സംബന്ധമായ റിപോര്‍ട്ട് ബാഴ്സ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് കൈമാറുകയും അവര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ അത്ലറ്റിക് ബില്ബാവോയ്ക്കെതിരായ മ ല്സരത്തിനു ശേഷമാണ് മെസ്സിക്ക് പിന്തുട ഞരമ്പിന് പരിക്കേറ്റത്.
ഉറുഗ്വേയെ കൂടാതെ അടുത്ത ചൊവ്വാഴ്ച വെനിസ്വേലയ്ക്കെതിരേ നടക്കുന്ന മല്‍സര വും ബാഴ്സ സൂപ്പര്‍ താരത്തിന് നഷ്ടമാവുമെന്നാണ് സൂചന. ഇതോടെ മെസ്സിയുടെ രണ്ടാം വരവ് ഇനി എന്നായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍.
നാളെ നടക്കുന്ന മറ്റു യോഗ്യതാ മല്‍സരങ്ങളില്‍ മുന്‍ ലോക ചാംപ്യന്മാരായ ബ്രസീല്‍ ഇക്വഡോറിനെയും കൊളംബിയ വെനിസ്വേലയെയും ബൊളീവിയെ പെറുവിനെയും ചിലി പരാഗ്വേയെയും എതിരിടും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.