|    Jan 21 Sat, 2017 4:26 pm
FLASH NEWS

അര്‍ജന്റീനയ്ക്ക് കണ്ണീര്‍ക്കോപ്പ; ലയണല്‍ മെസ്സിയുടെ അപ്രതീക്ഷിത വിരമിക്കല്‍ വിശ്വസിക്കാനാവാതെ ആരാധകര്‍

Published : 28th June 2016 | Posted By: SMR

ഈസ്റ്റ റൂതര്‍ഫോര്‍ഡ്: ഫുട്‌ബോളിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഇന്നലെ. കാല്‍പന്തുകളിയില്‍ നിലവിലെ ഏറ്റവും മികച്ച താരമെന്നു വാഴ്ത്തപ്പെടുന്ന അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അപ്രതീക്ഷിത വിരമിക്കലിന്റെ ഞെട്ടലിലാണ് ലോകം. കോപ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനു പിറകെയായിരുന്നു ഏവരെയും കണ്ണീരിലാഴ്ത്തിയ മെസ്സിയുടെ പ്രഖ്യാപനം.
അര്‍ജന്റീന തുടര്‍ച്ചയായി മൂന്നാം ഫൈനലിലും കിരീടം കൈവിട്ടതിന്റെ ദുഃഖത്തിലായിരുന്ന അര്‍ജന്റീന ആരാധകര്‍ക്ക് ഇരട്ടപ്രഹരമായിരുന്നു ഈ വാര്‍ത്ത. ഫൈനലിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ പൊട്ടിക്കരഞ്ഞ മെസ്സിയുടെ ചിത്രം ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ നൊമ്പരമായി ഇനിയുള്ള കാലം നിലനില്‍ക്കും.
മെസ്സിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം മല്‍സരങ്ങളിലൊന്നായിരുന്നു കോപ ഫൈനല്‍. ടൂര്‍ണമെന്റിലുടനീളം കസറിയ താരത്തിന് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. ഒന്നാംപകുതിയില്‍ പെനല്‍റ്റി ബോക്‌സിനുള്ളില്‍ ഡൈവ് ചെയ്തതിന് മഞ്ഞക്കാര്‍ഡ് കണ്ട മെസ്സി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് പുറത്തേക്കടിച്ചു പാഴാക്കുകയും ചെയ്തു.
ഷൂട്ടൗട്ടില്‍ തന്റെ ആദ്യ കിക്ക് പാഴായപ്പോള്‍ തന്നെ മെസ്സി മാനസികമായി തകര്‍ന്നിരുന്നു. സഹതാരം ലൂക്കാസ് ബിഗ്ലിയയുടെ പെനല്‍റ്റി ചിലി ഗോളി ക്ലോഡിയോ ബ്രാവോ തടുത്തതോടെ ഇത് ഇരട്ടിയാക്കി. പകക്കാരുടെ ബെഞ്ചില്‍ ഏറെനേരം യുദ്ധത്തില്‍ തോറ്റ രാജകുമാരനെപ്പോലെ താരം തലകുനിച്ചിരുന്നു.
സമ്മാനദാനച്ചടങ്ങിലും മെസ്സി ഏറെ ദുഃഖിതനായിരുന്നു. റണ്ണറപ്പിനുള്ള മെഡല്‍ കഴുത്തിലണിഞ്ഞെങ്കിലും ഉടന്‍ തന്നെ താരം ഊരിമാറ്റുന്നതാണ് കണ്ടത്.
തുടര്‍ച്ചയായി അഞ്ചു തവണ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം കൈക്കലാക്കിയ മെസ്സിക്ക് പക്ഷെ ദേശീയ ജഴ്‌സിയില്‍ ഒരു കിരീടം പോലും നേടാനായിട്ടില്ല. നാലാം ഫൈനലിലാണ് മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീനയ്ക്കു കാലിടറുന്നത്. 2007ലെ കോപയില്‍ ബ്രസീലിനോടും 2014ലെ ലോകകപ്പില്‍ ജര്‍മനിയോടും കഴിഞ്ഞ വര്‍ഷത്തെ കോപയില്‍ ചിലിയോടും അര്‍ജന്റീന പരാജയമേറ്റുവാങ്ങി.
കൂടുതല്‍ താരങ്ങള്‍ വിരമിച്ചേക്കുമെന്ന് അഗ്വേറോ
ഫൈനല്‍ ശാപം വിടാതെ പിന്തുടരുന്ന അര്‍ജ ന്റീനയ്ക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്കു പിറകെ ദേശീയ ടീമിലെ കൂടുതല്‍ കളിക്കാര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കാനൊരുങ്ങുന്നു.
മെസ്സിയുടെ അടുത്ത കൂട്ടുകാരനും സ്‌ട്രൈക്കറുമായ സെര്‍ജിയോ അഗ്വേറോയാണ് ഇക്കാര്യം പറഞ്ഞത്. താനും ജാവിയര്‍ മഷെറാനോയും മറ്റു ചില താരങ്ങളും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കി.
”ഇന്നലത്തെ തോല്‍വിക്കുശേഷം ദേശീയ ടീമിന്റെ ഡ്രസിങ് റൂം ശോകമൂകമായിരുന്നു. എന്റെ കരിയറില്‍ ഇതുപോലൊരു ഡ്രസിങ് റൂമിനെ കണ്ടിട്ടില്ല. 2014ലെ ലോകകപ്പ് ഫൈനലിലും 2015ലെ കോപ ഫൈനലിലും തോറ്റപ്പോള്‍ പോലും ഞങ്ങള്‍ക്ക് ഇത്രയുമധികം ദുഃഖമുണ്ടായിട്ടില്ല”- അഗ്വേറോ ഖേദത്തോടെ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക