|    Apr 24 Tue, 2018 8:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം; ഉറുഗ്വേക്ക് ചിലി ഷോക്ക്

Published : 17th November 2016 | Posted By: SMR

ലിമ/സാന്‍ യുവാന്‍: 2018 റഷ്യന്‍ ലോകകപ്പിനുള്ള ലാറ്റിന്‍ അമേരിക്കന്‍ മേഖലാ മല്‍സരത്തില്‍ കരുത്തരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. ബ്രസീലിനോടേറ്റ നാണം കെട്ട തോല്‍വിക്ക് കൊളംബിയ 3-0 ന് മുക്കി അര്‍ജന്റീന തിരിച്ചുവന്നപ്പോള്‍ ബ്രസീല്‍ പെറിവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ കരുത്തന്‍മാരായ ചിലിക്കെതിരേ ഉറുഗ്വേ മുട്ടുമടക്കിയപ്പോള്‍ ഇംഗ്ലണ്ട് – സ്‌പെയിന്‍ സൗഹൃദ മല്‍സരം 2-2 സമനിലയിലും കലാശിച്ചു.

കരുത്തുകാട്ടി അര്‍ജന്റീന
അര്‍ജന്റീനയ്ക്ക് കേവലം ജയത്തിനപ്പുറം അഭിമാന പോരാട്ടംകൂടിയായിരുന്നു കൊളംബിയക്കെതിരേ ഇന്നലെ നടന്നത്. ചിര വൈരികളായ ബ്രസീലിനോടേറ്റ നാണം കെട്ട തോല്‍വിക്ക് മറുപടി പറയാന്‍ പേരു കേട്ട അര്‍ജന്റൈന്‍ താരനിരയ്ക്ക് ജയം അനിവാര്യമായിരുന്നു. ഡി മരിയയും ലയണല്‍ മെസ്സിയും ഹിഗ്വെയിനും അണിനിരന്നിട്ടും കഴിഞ്ഞ മല്‍സരത്തില്‍ ഫോമുകണ്ടെത്താനാകാതെ പോയ അര്‍ജന്റീന ഇന്നലെ ഫോമിലേക്കുയര്‍ന്നര്‍ന്നപ്പോള്‍  കരുത്തന്‍മാരായ കൊളംബിയ്ക്ക്  3-0 ന് തോല്‍വി സമ്മതിക്കേണ്ടി വന്നു.
ഗോള്‍ മിഷ്യന്‍ ക്യാപറ്റന്‍ മെസ്സി തന്നെയാണ് അര്‍ജന്റൈന്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മല്‍സരത്തിന്റെ 10ാം മിനിറ്റില്‍ ഡേവിഡ് ഓസ്പിനയെ ഫൗള്‍ ചെയ്തതിന്  വലത് കോര്‍ണറില്‍ ലഭിച്ച ഫ്രീകിക്കിനെ മികച്ച ഷോട്ടിലൂടെ മെസ്സി വലയിലെത്തിക്കുകയായിരുന്നു. തുടര്‍ച്ചയായ ഫോമില്ലായ്മയില്‍നിന്ന് സൂപ്പര്‍ താരം മെസ്സി ഫോമിലേക്കുയര്‍ന്നപ്പോള്‍ സഹതാരങ്ങളും മികവിലേക്കുയര്‍ന്നു.
ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഗോള്‍ വഴങ്ങേണ്ടിവന്ന കൊളംബിയന്‍ താരങ്ങള്‍ക്ക് 23ാം മിനിറ്റില്‍ വീണ്ടും അര്‍ജന്റീന ഷോക്ക് നല്‍കി. ഇത്തവണ ലൂക്കാസ് പ്രാറ്റോയാണ് ടീമിനായി വലകുലുക്കിയത്. മികച്ച മുന്നേറ്റത്തിനൊടുവില്‍ മെസ്സി നല്‍കിയ ക്രോസ് ബോളിനെ പിടിച്ചെടുത്ത് പ്രാറ്റോയെടുത്ത ഷോട്ട് കൊളംബിയന്‍ ഗോള്‍വലയില്‍ പതിച്ചു. ആദ്യ 30 മിനിറ്റുനുള്ളില്‍ത്തന്നെ അര്‍ജന്റീന മല്‍സരത്തില്‍ 2-0 ന്റെ ലീഡ് നേടിയെടുത്തു. രണ്ടാം പകുതിയില്‍ കൊളംബിയന്‍ പ്രതിരോധം കൂടുതല്‍ ശക്തമായി. അര്‍ജന്റീനയുടെ പല മുന്നേറ്റങ്ങള്‍ക്കും കടിഞ്ഞാണിട്ട കൊളംബിയന്‍ താരങ്ങളെ മല്‍സരത്തിന്റെ 84ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ ഭേദിച്ചു.  മെസ്സി നല്‍കിയ പാസിനെ ഗോളി മാത്രം മുന്നില്‍നില്‍ക്കെ അനായാസമായി ലക്ഷ്യത്തിലെത്തിച്ച മരിയ അര്‍ജന്റീനയ്ക്ക് മല്‍സരത്തില്‍ 3-0 ന്റെ തകര്‍പ്പന്‍ ജയവും സമ്മാനിച്ചു. ജയത്തോടെ 12 മല്‍സരങ്ങളില്‍നിന്ന് 19 പോയിന്റുകള്‍ നേടി അര്‍ജന്റീന പോയിന്റ് പട്ടികയില്‍ കൊളംബിയയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്കെത്തി.
ബ്രസീലിനെ തോല്‍പ്പിക്കാനാവില്ല മക്കളേ
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ മഞ്ഞപ്പടയുടെ വിജയയാത്ര തുടരുന്നു. അര്‍ജന്റീനയെ തോല്‍പ്പിച്ച പോരാട്ട വീര്യം പെറുവിനെതിരേയും കാണിച്ച ബ്രസീല്‍നിര 2-0 ന് പെറുവിനെ തകര്‍ത്തപ്പോള്‍ അത് ഒരു മധുര പ്രതികാരം കൂടിയായിരുന്നു. ഈ സീസണില്‍ യൂറോ കപ്പില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പെറു അട്ടിമറിച്ചിരുന്നു.
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഫോമിലെത്താതെ വലഞ്ഞപ്പോള്‍ ആദ്യ പകുതിയില്‍ ടീമും തണുത്തുറഞ്ഞ പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം പകുതി ഗോള്‍ രഹിതമായാണ് ഇരു ടീമുകളും പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ബ്രസീല്‍നിര ഉണര്‍ന്നു കളിച്ചു. നെയ്മറിന്റെ ഷോട്ടുകളും പാസിനും ലക്ഷ്യബോധം തെറ്റിയപ്പോള്‍ ഗബ്രിയേല്‍ ജീസസും റെനറ്റോ അഗസ്‌റ്റോയും ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മികച്ച മുന്നേറ്റങ്ങളുമായി ഇരുവരും പെറുവിന്റെ ഗോള്‍മുഖത്ത് അപകടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. രണ്ടാം പകുതിയുടെ 58ാം മിനിറ്റില്‍ ബ്രസീല്‍ അക്കൗണ്ട് തുറന്നു. ജീസസാണ് മികച്ച ഷോട്ടിലൂടെ മഞ്ഞപ്പടയ്ക്കായി ആദ്യം വലകുലുക്കിയത്. 76ാം മിനിറ്റില്‍ നെയ്മറിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടി ലക്ഷ്യത്തിലെത്താതെ മടങ്ങി. എന്നാല്‍ 78ാം മിനിറ്റില്‍ അഗസ്‌റ്റോയുടെ ഷോട്ടിനെ ചെറുക്കാന്‍ പെറുവിന്റെ ഗോളിക്കായില്ല. അഗസ്‌റ്റോയുടെ മിന്നും ഗോളോടെ 2-0 ന്റെ ലീഡുയര്‍ത്തിയ ബ്രസീല്‍ മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ജയത്തോടെ 12 മല്‍സരങ്ങൡനിന്ന് 27 പോയിന്റുകള്‍ നേടി ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് കളം വിട്ടത്.
ഉറുഗ്വേക്ക് കാലിടറി
കോപ്പ ചാംപ്യന്‍മാരായ ചിലിക്ക് മുന്നില്‍ കരുത്തരായ ഉറുഗ്വോയ്ക്ക് പിഴച്ചു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ചിലിക്ക് മുന്നില്‍ ഉറുഗ്വോ പരാജയം സമ്മതിച്ചത്.
ഇംഗ്ലണ്ടും സ്‌പെയിനും തമ്മില്‍ നടന്ന സൗഹൃദ മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss