|    Aug 20 Mon, 2018 4:17 pm
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യന്‍ സോക്കര്‍ പട

Published : 6th August 2018 | Posted By: jaleel mv

മാഡ്രിഡ്: കോട്ടിഫ് കപ്പില്‍ ആറ് തവണ അണ്ടര്‍ 20 ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യന്‍ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം. മല്‍സരത്തില്‍ 10 പേരായി ചുരുങ്ങേണ്ടി വന്ന ഇന്ത്യയാണ് ഒടുവില്‍ 2-1ന് അര്‍ജന്റീനയെ മുട്ടുകുത്തിച്ചത്.
മല്‍സരത്തിലെ നാലാം മിനിറ്റില്‍ നിന്‍തോയ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ദീപക് താങ്ക്രിയുടെ ഗോളിലുടെ ഇന്ത്യ മുന്നിലെത്തി. ദീപകിന്റെ ഷോട്ട് അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ ദിയാസിന്റെ കാലില്‍ തട്ടി ഗോള്‍ വല ചലിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമനില സ്വന്തമാക്കാനായി അര്‍ജന്റീന നിരന്തരം ഇന്ത്യന്‍ പോസ്റ്റിനടുത്തേക്ക് പന്തെത്തിച്ചെങ്കിലും പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിച്ച ഇന്ത്യയുടെ മുന്നില്‍ ഗോള്‍ അന്യമായി. എന്നാല്‍ മല്‍സരത്തിലെ 51ാം മിനിറ്റില്‍ അനാവശ്യ ഫൗള്‍ പുറത്തെടുത്ത അനികേത് ജാദവിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. ഒരാളുടെ അഭാവം മല്‍സരത്തില്‍ പ്രകടിപ്പിക്കാതെ ഇന്ത്യ പോരാട്ടം തുടര്‍ന്നപ്പോള്‍ ഈ പഴുത് മുതലെടുക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. 68ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ അന്‍വര്‍ അലി ഇന്ത്യക്ക് 2-0 ന്റെ ലീഡ് സമ്മാനിച്ചു. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ വിജയപ്രതീക്ഷ ഒന്നുകൂടി ശക്തിപ്പെട്ടു. എങ്കിലും ലോക ചാംപ്യന്‍മാരുടെ മുന്നില്‍ ഇന്ത്യ പ്രതിരോധം മറന്ന് കളിച്ചില്ല. 72ാം മിനിറ്റില്‍ മുന്നേറ്റ താരം മാരിനെല്ലിയിലൂടെ അര്‍ജന്റീന മല്‍സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഒരു ഗോള്‍ സ്വന്തമാക്കിയ സൂപ്പര്‍ ടീം ഏത് നിമിഷവും തങ്ങളുടെ പോസ്റ്റില്‍ രണ്ടാം ഗോള്‍ വീഴ്ത്താമെന്ന് കരുതിയ ഇന്ത്യ, പ്രതിരോധത്തില്‍ കൂടുതല്‍ താരങ്ങളെ ഇറങ്ങി കളിച്ചു. ഒടുവില്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-1ന്റെ ജയം നീലപ്പടയ്ക്ക് സ്വന്തം.
ജയിച്ചെങ്കിലും ടൂര്‍ണമെന്റിലെ ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനവുമായി മടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. എങ്കിലും ലോക ചാംപ്യന്‍മാരെ വീഴ്ത്തിയ ആശ്വാസത്തില്‍ തലയുയര്‍ത്തിയാണ് ഇന്ത്യ മാഡ്രിഡില്‍ നിന്നും തിരിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നില്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് ചുവടുപിഴച്ചത്.
ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും നാല് മല്‍സരത്തില്‍ മൂന്നിലും ജയിച്ച് അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് കുതിച്ചു. ഇന്ത്യ സമനിലയില്‍ തളച്ച വെനസ്വേലയാണ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫില്‍ കടന്ന മറ്റൊരു ടീം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss