|    Dec 17 Mon, 2018 11:50 am
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനയെ ഇത്തവണ ‘മിശിഹാ ‘കാക്കുമോ?

Published : 21st May 2018 | Posted By: vishnu vis

2014 ബ്രസീല്‍ ലോകകപ്പിന്റെ ഫൈനല്‍ മല്‍സരം. ബ്രസീലിലെ പ്രശസ്ത മൈതാനമായ മാരക്കാനയാണ് വേദി. ആവേശ മല്‍സരത്തിനൊടുവില്‍ ജര്‍മനിയോട് ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന തോല്‍വി സമ്മതിച്ചപ്പോള്‍ തലകുനിച്ച് നിന്ന ലയണല്‍ മെസ്സിയുടെ മുഖം അത്ര പെട്ടെന്നൊന്നും ഫുട്‌ബോള്‍ ലോകം മറക്കാനിടയില്ല. മാരക്കാനയില്‍ ജയഭേരി മുഴക്കി ജര്‍മന്‍ ആരാധകര്‍ ആര്‍ത്തുല്ലസിച്ചപ്പോള്‍ ഒന്നും കേള്‍ക്കാതെ നിശ്ബദമായി കരയുകയായിരുന്നു ലയണല്‍ മെസ്സിയെന്ന ഫുട്‌ബോളിന്റെ രാജകുമാരന്‍.
ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴും ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ കഴിയാത്തതിന്റെ സങ്കടനം ആ മുഖത്ത് പ്രകടനമായിരുന്നു. കാരണം ഒരു ശരാശരി പ്രകടനത്തോടെ ബ്രസീലില്‍ പന്ത് തട്ടിയ അര്‍ജന്റീനയെ ഫൈനല്‍ വരെ കൊണ്ടുവന്നെത്തിച്ചത് മെസ്സിയെന്ന മജീഷ്യന്റെ മാന്ത്രികത മാത്രമായിരുന്നു.സെര്‍ജിയ അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ തുടങ്ങിയ പേരുകേട്ട താരങ്ങള്‍ കളിക്കളത്തില്‍ നിസ്സഹായരായപ്പോള്‍ ടീമിനെ ഒറ്റക്ക് ചുമലിലേറ്റി അര്‍ജന്റീനയെ ഫൈനലിലേക്കെത്തിച്ചു. ബോസ്‌നയിക്കെതിരായ ഗോള്‍, ഇറാനെതിരേ സമനില പാലിച്ച് നില്‍ക്കെ അര്‍ജന്റീനയെ വിജയത്തിലേക്കെത്തിച്ച ഗോള്‍, നൈജീരയക്കെതിരായ സെറ്റ്പീസ് ഗോള്‍, സ്വിസ്റ്റര്‍ലന്‍ഡിനെതിരേ അധിക സമയത്ത് ജയം കൊണ്ടുവന്ന ഡി മരിയയുടെ ഗോളിനായി അളന്നുമുറിച്ച് നല്‍കിയ പാസ് ഇങ്ങനെ അര്‍ജന്റീനയുടെ വിജയത്തിനായി കാലുകള്‍ക്കൊണ്ട് നിരന്തരം അനുഗ്രഹം ചൊരിഞ്ഞ മെസ്സിയെന്ന ‘മിശിഹാ’യ്ക്ക് രാജ്യത്തിനായി കിരീടം മാത്രം സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ബ്രസീല്‍ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം മെസ്സി ഏറ്റുവാങ്ങുമ്പോള്‍ അത് അയാള്‍ക്ക് അര്‍ഹതപ്പെട്ടതല്ലെന്ന് ആദ്യം പറഞ്ഞത് മറഡോണയായിരുന്നു. അന്ന് മറഡോണയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെത്തിയെങ്കിലും ആ വാക്കുകളില്‍ ഒരു സത്യമുണ്ടായിരുന്നു. ഒരു ഫുട്‌ബോളര്‍ എവിടെയെല്ലാം നേട്ടങ്ങള്‍ കൊയ്തിട്ടുണ്ടെങ്കിലും ആരാധക മനസില്‍ വിശ്വവിജയിയായി കൂടുകെട്ടണമെങ്കില്‍ അദ്ദേഹം രാജ്യത്തിനായി ലോക കിരീടം നേടണം. തോറ്റവരും ചരിത്രത്തിന്റെ ഭാഗമാണെങ്കിലും മെസ്സിയെപ്പോലൊരു അസാമാന്യ പ്രതിഭയ്ക്ക് അത്തരമൊരു പുസ്തകത്തിലെ സ്ഥാനം ചേരില്ല. അതിനാല്‍ത്തന്നെ ബ്രസീലില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായത് റഷ്യയിലെ പുല്‍മൈതാനത്ത് മെസ്സിക്ക് സാധിക്കുമോ എന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.
മറഡോണയ്ക്ക് ശേഷം അര്‍ജന്റീനയുടെ നീലപ്പൂക്കള്‍ വിടര്‍ത്താന്‍ അവതരിച്ച ദൈവമായാണ് മെസ്സിയെ ആരാധകര്‍ കാണുന്നത്. അഞ്ച് തവണ ലോകഫുട്‌ബോളര്‍ പട്ടം ചൂടിയ മെസ്സിക്ക് ലോക കിരീടം നേടിയവരുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ ഇനി ചിലപ്പോള്‍ അവസരം ലഭിച്ചെന്ന് വരില്ല. 2014ല്‍ നേടിയ നാല് ഗോളിനും ഒരു അസിസ്റ്റിനും ഫൈനലില്‍വരെ അര്‍ജന്റീനയെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ റഷ്യയില്‍ വിപ്ലവം സൃഷ്ടിക്കാനും മെസ്സിക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss