|    Sep 20 Thu, 2018 5:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അര്‍ച്ചിത; കലോല്‍സവം സമ്മാനിച്ച പൂമരം

Published : 5th January 2018 | Posted By: kasim kzm

കെ എം  അക്ബര്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ രണ്ടു തവണ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ്, എംജി യൂനിവേഴ്‌സിറ്റി കലോല്‍സവത്തില്‍ നാലുവര്‍ഷം കലാതിലകം. 2010, 11, 12 വര്‍ഷങ്ങളില്‍ സംസ്ഥാന കലോല്‍സവത്തിലെ മോഹിനിയാട്ട മല്‍സരത്തിലും 2013, 14, 15, 16, 17 വര്‍ഷങ്ങളില്‍ യൂനിവേഴ്‌സിറ്റി കലോല്‍സവത്തിലെ മോഹിനിയാട്ടം, ഭരതനാട്യം മല്‍സരങ്ങളിലും തുടച്ചയായി ഒന്നാംസ്ഥാനം. വര്‍ഷങ്ങളോളം വിവിധ കലോല്‍സവ വേദികളിലെ നിറസാന്നിധ്യം. നൃത്തപ്രണയികളെ ആസ്വാദനത്തിന്റെ ആകാശങ്ങളിലേക്ക് എത്തിച്ച ഈ നര്‍ത്തകിയെ മലയാളത്തിനു സമ്മാനിച്ചതു കലോല്‍സവമല്ലെന്നു പിന്നയെങ്ങനെ പറയും. ഇത് അര്‍ച്ചിത അനീഷ്‌കുമാര്‍. മലയാള സിനിമയിലേക്കു ചുവടുവയ്ക്കുന്ന പുത്തന്‍താരോദയം. കാംപസ് കലോല്‍സവം പ്രമേയമാക്കി എബ്രിഡ് ഷൈ ന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുള്ളത് ഈ നര്‍ത്തകിയാണ്. നടന്‍ ജയറാമിന്റെ മകന്‍ കാളിദാസാണ് ‘പൂമര’ത്തിലെ നായകന്‍. പൂരനഗരിയില്‍ ഒടുവില്‍ വിരുന്നെത്തിയ 2012ലെ കലോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയി ന്റ് അര്‍ച്ചിതയ്ക്കായിരുന്നു. 2009ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍വത്തിലെ ഭരതനാട്യ മല്‍സരത്തില്‍ ഒന്നാമതെത്തിയാണ് അര്‍ച്ചിത കലോല്‍സവ വേദിയിലെ പതിവുകാരിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. വിവിധ കലോല്‍സവങ്ങളില്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം, കേരളനടനം, സംഘനൃത്തം തുടങ്ങിയ മല്‍സര ഫലങ്ങളിലെ ജേതാക്കളുടെ പേരിലെല്ലാം അര്‍ച്ചിതയെന്ന പേരും തിളങ്ങി നിന്നു. എന്നാല്‍, കലോല്‍സവത്തിനു വേണ്ടി മാത്രമായിരുന്നില്ല അ ര്‍ച്ചിത നൃത്തം പഠിച്ചത്. കലോ ല്‍സവത്തെ എന്നും അവസരമായി കണ്ട ഈ പ്രതിഭ കലയെ, നൃത്തത്തെ ജീവിതത്തോടൊപ്പം കൂട്ടി. ലാസ്യവും ചടുലതയും നിറഞ്ഞ വിസ്മയച്ചുവടുകളിലൂടെ പിന്നെ അവള്‍ കാണികളുടെ മനം കവര്‍ന്നു. കഴിഞ്ഞവര്‍ഷം സാര്‍ക് രാജ്യങ്ങള്‍ പങ്കെടുത്ത കള്‍ച്ചറല്‍ ഫെസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് അര്‍ച്ചിതയായിരുന്നു. ഒരിക്കല്‍ ജപ്പാനിലും നൃത്തമവതരിപ്പിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജിലെ പഠനത്തിനൊപ്പം നൃത്തത്തില്‍ ബിരുദവും സ്വന്തമാക്കിയ അര്‍ച്ചിത, പിജിയും പൂര്‍ത്തിയാക്കി. നൃത്തരംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്ന അര്‍ച്ചിതയ്ക്കു കലയിലൂടെ സമൂഹത്തിനു പ്രയോജനകരമായ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം. കണ്ണൂര്‍ കക്കാടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ ആറു വര്‍ഷമായി അച്ഛന്‍ അനീഷ് കുമാറിനും അമ്മ അനിതയ്ക്കുമൊപ്പം എറണാകുളം പുല്ലേപ്പടിയിലാണു താമസം. ഇത്തവണ കാഴ്ചക്കാരിയായി പൂരനഗരിയിലെത്താനുള്ള ഒരുക്കത്തിലാണ് കലോല്‍സവം സമ്മാനിച്ച ഈ പൂമരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss