|    Jan 23 Mon, 2017 6:02 am
FLASH NEWS

അര്‍ക്കന്നൂര്‍ ബിഎഡ് കോളജിന്റെ അംഗീകാരം സിന്‍ഡിക്കേറ്റ് റദ്ദാക്കി

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: കെപിസിസി സെക്രട്ടറിയും സിന്‍ഡിക്കേറ്റ് അംഗവുമായ ജ്യോതികുമാര്‍ ചാമക്കാല മാനേജരായ അര്‍ക്കന്നൂര്‍ ബിഎഡ് കോളജിന്റെ അംഗീകാരം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് റദ്ദാക്കി.
കോളജിന് അംഗീകാരം നേടാന്‍ സമര്‍പ്പിച്ച രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. ഇതുസംബന്ധിച്ച് പ്രോ വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച റിപോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗസമിതിയെയും ചുമതലപ്പെടുത്തിയ സിന്‍ഡിക്കേറ്റ് കോളജിലെ വിദ്യാര്‍ഥികളെ മറ്റ് ബിഎഡ് സെന്ററുകളിലേക്കു മാറ്റാനും തീരുമാനിച്ചു. വ്യാജരേഖകള്‍ ചമച്ച് കോളജിന് അംഗീകാരം നേടിയ സംഭവം ക്രൈംബ്രാഞ്ചോ വിജിലന്‍സോ അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
കോളജിന്റെ അംഗീകാരം റദ്ദാക്കുന്നതോടെ മാനേജര്‍മാരുടെ മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ചാമക്കാലയുടെ സിന്‍ഡിക്കേറ്റ് അംഗത്വം നഷ്ടമാവും. എന്നാല്‍, സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കാന്‍ കോടതിയുടെ അംഗീകാരം വേണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അതുകൊണ്ട് യോഗതീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.
കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല മാനേജരായ ബിഎഡ് കോളജിന് അംഗീകാരം നല്‍കിയതു നേരത്തെ തന്നെ വിവാദമായിരുന്നു. കോളജിന്റെ അംഗീകാരത്തിനായി ചാമക്കാല സമര്‍പ്പിച്ച രേഖയില്‍ പറഞ്ഞിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം വ്യാജമാണെന്നാണ് സിന്‍ഡിക്കേറ്റ് കണ്ടെത്തിയത്.
വിവാദത്തെത്തുടര്‍ന്ന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ ഹൈക്കോടതി 2015 ഒക്‌ടോബറില്‍ ചുമതലപ്പെടുത്തിയിരുന്നു.
10 മാസത്തിനുശേഷം സിന്‍ഡിക്കേറ്റില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചശേഷമാണ് ഇന്നലെ കൂടിയ യോഗത്തില്‍ വീണ്ടും വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. സിന്‍ഡിക്കേറ്റിലെ 10 അംഗങ്ങള്‍ അംഗീകാരം റദ്ദാക്കുന്ന തീരുമാനത്തോടു യോജിച്ചു. കോണ്‍ഗ്രസ് അംഗങ്ങളായ ചാമക്കാല, ഡോ. ജീവന്‍ലാല്‍, അഡ്വ. എസ് കൃഷ്ണകുമാര്‍ എന്നിവര്‍ മാത്രമാണു വിയോജിപ്പു രേഖപ്പെടുത്തിയത്. സിന്‍ഡിക്കേറ്റിലെ രണ്ട് എ ഗ്രൂപ്പ് പ്രതിനിധികളും മുസ്‌ലിംലീഗ് അംഗവും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക