|    Aug 23 Wed, 2017 1:47 pm
FLASH NEWS

അരൂര്‍ അപകടം; രാത്രി വൈകിയും തിരച്ചില്‍

Published : 17th November 2016 | Posted By: SMR

അരൂര്‍: അരൂര്‍ പഴയ പാലത്തില്‍ അപകടത്തില്‍പെട്ട കാര്‍ കായലിലേക്ക് മറിഞ്ഞു കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നു. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചവരെമല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് കാണാതായത്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയുടെ പിന്നിലിടിച്ച് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത ശേഷം കായലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വാനിന്റെ ഡ്രൈവര്‍ ഒഴികെ എട്ടു പേരും നേപ്പാള്‍ സ്വദേശികളാണ്. അതേസമയം പാലത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.  സംഭവം നടന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും തീര സംരക്ഷണ സേനയും നേവിയുടെ മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. അപകടത്തെ തുടര്‍ന്ന് അരൂര്‍ പഴയ പാലത്തിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. 950 മീറ്റര്‍ ദൈകര്‍ഘ്യമുള്ള പാലത്തിന്റെ മധ്യഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കായലിലെ ആഴവും ഒഴുക്കും കൂടിയ ഈ ഭാഗത്തേക്കാണ് കാര്‍ പതിച്ചത്. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. കായലില്‍ വീണ കാര്‍ വളരെ പെട്ടെന്ന് മുങ്ങിപ്പോവുകയും ചെയ്തു. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഇവന്റ് ഡക്കറേഷന്‍ ജോലിക്കാരായ എട്ടംഗം സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ കാറാണ് അപകടത്തില്‍പ്പെട്ടത്. വാനിന്റെ ഡ്രൈവറായ ചേര്‍ത്തല പാണാവള്ളി സ്വദേശി നിജാസ് മാത്രമാണ് മലയാളി. ബാക്കിയെല്ലാവരും നേപ്പാള്‍ സ്വദേശികളായിരുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക