|    Oct 22 Sun, 2017 4:48 am
Home   >  Editpage  >  Editorial  >  

അരുണ്‍ ജെയ്റ്റ്‌ലി പ്രതിക്കൂട്ടില്‍

Published : 22nd December 2015 | Posted By: SMR

നരേന്ദ്ര മോദി മന്ത്രിസഭയുടെ ബുദ്ധികേന്ദ്രം നിയമ-ധനകാര്യ വകുപ്പുകളുടെ ചുമതല വഹിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയാണ്. കുശാഗ്രബുദ്ധിയായ നിയമജ്ഞന്‍, ചതുരംഗക്കളത്തിലെന്നപോലെ കരുക്കള്‍ നീക്കാന്‍ കഴിവുള്ള ചാണക്യന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ജെയ്റ്റ്‌ലിക്കു ചേരും. മോദിയെ ആര്‍എസ്എസ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച കാലം മുതല്‍ മോദിയുടെ ഉപദേശകനും തേരാളിയുമാണ് അരുണ്‍ ജെയ്റ്റ്‌ലി. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കരുനീക്കങ്ങളുടെ ഭാഗമായി ലാല്‍കൃഷ്ണ അഡ്വാനിയെപ്പോലും തള്ളിപ്പറയാനും അദ്ദേഹം തയ്യാറായി.
മന്ത്രിസഭയിലെ രണ്ടാമന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആണെന്നു പറയപ്പെടുന്നുണ്ടെങ്കിലും ആ പദവി പ്രായോഗികമായി കൈവശം വച്ചിരിക്കുന്നത് അരുണ്‍ ജെയ്റ്റ്‌ലി തന്നെ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമാകെ ബിജെപി അനുകൂല തരംഗം ആഞ്ഞടിച്ചിട്ടും താന്‍ മല്‍സരിച്ച മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ മാന്യദേഹവുമാണ് അരുണ്‍ ജെയ്റ്റ്‌ലി. ജനപിന്തുണ അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നില്ല. അധികാരത്തിന്റെ ഇടനാഴികളിലെ നിഴല്‍യുദ്ധങ്ങളിലാണ് അദ്ദേഹത്തിന്റെ ശക്തി കുടികൊള്ളുന്നത്.
ഇപ്പോള്‍ മോദിയുടെ ചാണക്യന്‍ സ്വന്തം പാളയത്തില്‍ നിന്നുതന്നെയുള്ള ആക്രമണങ്ങള്‍ നേരിടുകയാണ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ അരുണ്‍ ജെയ്റ്റ്‌ലിയും സംഘവും വ്യാജ കമ്പനികള്‍ക്ക് 87 കോടി രൂപയാണ് കൈമാറിയതെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് തന്നെയാണ്. മുന്‍കാല ക്രിക്കറ്റ് താരം ബിഷന്‍സിങ് ബേദിയും മറ്റു പ്രമുഖരും ജെയ്റ്റ്‌ലിക്കെതിരേ രംഗത്തുവന്നിരിക്കുകയാണ്. ജെയ്റ്റ്‌ലി ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തിരുന്ന 1999-2013 കാലത്ത് ഗുരുതരമായ അഴിമതിയാണ് നടന്നതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ടു പേരും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേയുള്ള അന്വേഷണത്തിനു ഡല്‍ഹി ഭരണകൂടം തയ്യാറെടുക്കുന്നുവെന്നു തിരിച്ചറിഞ്ഞ വേളയിലാണ് സിബിഐയെ ഉപയോഗിച്ച് മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഓഫിസ് റെയ്ഡ് ചെയ്യാന്‍ കേന്ദ്രഭരണകൂടം തയ്യാറായത്. രാജ്യചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു നടപടിയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസില്‍ കടന്നുകയറി റെയ്ഡ് നടത്തിയതുവഴി കേന്ദ്രഭരണകൂടം കാണിച്ചത്. അതിനു പിന്നിലുള്ള യഥാര്‍ഥ ചേതോവികാരം എന്തായിരുന്നുവെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങള്‍ തുറന്നുകാണിക്കുന്നുണ്ട്.
കേന്ദ്രമന്ത്രിസഭയുടെ നടുനായകനായ ഈ ചാണക്യന്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളുടെ പത്മവ്യൂഹത്തില്‍പ്പെട്ട് വലയുകയാണ്. കീര്‍ത്തി ആസാദിനെ വിരട്ടാന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ നീക്കങ്ങള്‍ പോലും ഫലിക്കുകയുണ്ടായില്ല. കാര്യങ്ങള്‍ വൈകാതെ നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തും. കാരണം, ഡല്‍ഹി ഭരണകൂടം ജെയ്റ്റ്‌ലിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്കു തന്റെ ഏറ്റവും അടുത്ത ഉപദേശകനെ രക്ഷിച്ചെടുക്കാന്‍ പ്രയാസമായിത്തീരും. മോദി മന്ത്രിസഭയുടെ അഴിമതിയില്‍ കുളിച്ച യഥാര്‍ഥ പ്രതിച്ഛായ ഈ സംഭവത്തോടെ പൊതുസമൂഹത്തിനു മുമ്പില്‍ വ്യക്തമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക