|    Jun 20 Wed, 2018 10:51 am
Home   >  Todays Paper  >  Page 5  >  

അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം രാഷ്ട്രപതി ഭരണമെന്ന സംഘപരിവാര ലക്ഷ്യത്തിനുള്ള ഗൂഢനീക്കം

Published : 7th August 2017 | Posted By: fsq

ശ്രീജിഷ   പ്രസന്നന്‍

തിരുവനന്തപുരം: രാഷ്ട്രപതിഭരണം എന്ന ഗൂഢലക്ഷ്യത്തില്‍ തലസ്ഥാനത്തെ ആര്‍എസ്എസുകാരന്റെ കൊലപാതകം ദേശീയതലത്തിലേക്ക് ഉയര്‍ത്താനുള്ള ബിജെപി ശ്രമത്തെ രാഷ്ട്രീയമായി നേരിട്ട് സിപിഎമ്മും രംഗത്ത്. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നുവെന്ന തരത്തില്‍ ബിജെപി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് കരുത്തു നല്‍കാനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനമെന്നാണ് സിപിഎം നിലപാട്. സിപിഎം ആക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നുവെന്ന് കാണിക്കാന്‍ ഇരകളായ ആര്‍എസ്എസ് കുടുംബങ്ങളുടെ സംഗമം ഒരുക്കിയും ബിജെപി കേരളത്തെ പ്രതിരോധത്തിലാക്കി. എന്നാല്‍, ഇതേ നാണയംകൊണ്ട് ബിജെപിക്ക് മറുപടി നല്‍കിയാണ് സിപിഎം തിരിച്ചടിക്കുന്നത്. ബിജെപി- ആര്‍എസ്എസ് അക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങളെ അണിനിരത്തിയാണ് സിപിഎമ്മിന്റെ പ്രതികാരം. കേരളത്തില്‍ വര്‍ഗീയ-രാഷ്ട്രീയ കലാപങ്ങള്‍ വര്‍ധിക്കുന്നുവെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആരോപണങ്ങളെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ പ്രതിരോധമൊരുക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. കേന്ദ്രമന്ത്രി തങ്ങളെക്കൂടി സന്ദര്‍ശിക്കണമെന്ന ആവശ്യം ഉയര്‍ത്തി സംഘപരിവാരത്തിനാല്‍ ഇരകാളാക്കപ്പെട്ടവരെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം ദേശീയമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.  1981 ജൂണ്‍ ആറിന് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ചാല കുര്യാത്തി ബ്രാഞ്ച് സെക്രട്ടറി കെ എന്‍ മണിയുടെ ബന്ധുക്കള്‍ മുതല്‍ 2016 ആഗസ്റ്റ് 13ന് കൊല്ലപ്പെട്ട സുരേഷ്‌കുമാറിന്റെ ബന്ധുക്കള്‍ വരെയുള്ള 21 കുടുംബാംഗങ്ങളെ മുന്‍നിര്‍ത്തിയാണ് സിപിഎം ഇന്നലെ രാജ്ഭവനു മുന്നില്‍ പ്രതിഷേധ  ധര്‍ണ നടത്തിയത്. കഴിഞ്ഞദിവസം വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. കൊല്ലപ്പെട്ട ആര്‍എസ്എസുകാരന്റെ വീട് മാത്രം സന്ദര്‍ശിക്കാതെ തങ്ങളെക്കൂടികാണൂ എന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇരകള്‍ കേന്ദ്രമന്ത്രിക്ക് തുറന്ന കത്തും എഴുതി. സംഘപരിവാര അജണ്ടയ്ക്കായി മാത്രമാണ് ജെയ്റ്റ്‌ലി എത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. മറിച്ചായിരുന്നുവെങ്കില്‍ മറ്റ് കൊലപാതകങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഒരു കേന്ദ്രമന്ത്രിക്കാവുമോ എന്നതാണ് ആര്‍എസ്എസിനാല്‍ ഇരകളാക്കപ്പെട്ട കുടുംബങ്ങളുടെയും ചോദ്യം. കേന്ദ്രമന്ത്രിയുടെ സ്ഥാനത്തിരുന്ന് സ്വന്തം പാര്‍ട്ടിയുടെ അജന്‍ഡയ്ക്കായി മാത്രം ജെയ്റ്റ്‌ലി എത്തുന്നത് അന്തസ്സില്ലാത്ത കാര്യമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.  ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയടക്കം വ്യക്തമാക്കി. അതേസമയം, ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ ജെയ്റ്റ്‌ലി രാജ്ഭവനില്‍ എത്തിയില്ല. അതുകൊണ്ടുതന്നെ ആര്‍എസ്എസ് പരിപാടികളില്‍ മാത്രം പങ്കെടുത്താണ് കേന്ദ്രമന്ത്രി മടങ്ങിയതും. ആര്‍എസ്എസിന്റെ തീവ്ര മുഖമുള്ള നേതാക്കളെ കേരളത്തിലെത്തിച്ച് ലക്ഷ്യം നേടിയെടുക്കാനുള്ള പരിശ്രമവും ബിജെപി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോഹന്‍ ഭാഗവതും കേരളത്തിലെത്തുന്നത്. ആര്‍എസ്എസ് വേരോട്ടം തടയാന്‍ സിപിഎം ഇടപെടല്‍ ശക്തമാക്കുമെന്ന് പരസ്യമായിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജേഷിന്റെ കൊലപാതകവും മറ്റ് വ്യാജ പ്രചാരണങ്ങളും ഉന്നയിച്ച് ദേശീയ തലത്തില്‍ സിപിഎമ്മിനെതിരേ ബിജെപിയുടെ  പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss