|    Aug 21 Mon, 2017 8:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം : കോടിയേരി

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ തിരുവനന്തപുരത്തെ വീട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സന്ദര്‍ശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സിപിഎം കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് ആര്‍എസ്എസിന്റെ ആഗ്രഹം. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് അസാധാരണ സ്ഥിതിവിശേഷം ഉണ്ടെന്ന് വരുത്തി കേരളത്തിലെ ജനകീയ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍, അതിന്് കേന്ദ്രത്തിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട സാഹചര്യമില്ല ഇന്ന് കേരളത്തിലുള്ളതെന്ന് കേന്ദ്രം ഓര്‍ക്കണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കിയിട്ട് കേരളത്തിലേക്ക് വന്നാല്‍ മതി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം ആര്‍എസ്എസ് തുടര്‍ച്ചയായി അക്രമം നടത്തുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍വന്ന് പോയതിന് ശേഷമാണ് അക്രമങ്ങള്‍ വര്‍ധിച്ചത്. എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി ബിജെപി പ്രവര്‍ത്തകരുടെ വീട് മാത്രം സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ജീവന്‍ നഷ്ടപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ സമയം കണ്ടെത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും  കോടിയേരി  പറഞ്ഞു.തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീടും പരിക്കേറ്റ ബിജെപിക്കാരേയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രി സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനിക കുടുംബാംഗങ്ങളോട് അവജ്ഞകാണിച്ച കേന്ദ്രമന്ത്രി രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചതെന്ന് ഈ സന്ദര്‍ശനം വഴി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക