|    Jul 22 Sun, 2018 4:50 am
FLASH NEWS
Home   >  Editpage  >  Editorial  >  

അരുണ്‍ ജെയ്റ്റ്‌ലിയുടെ വരവും പോക്കും

Published : 8th August 2017 | Posted By: fsq

 

വലിയ കൊട്ടിഘോഷത്തോടെയാണ് കേന്ദ്ര ധനകാര്യ-പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. തിരുവനന്തപുരത്ത് ഈയിടെ വധിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ ഭവനസന്ദര്‍ശനവും സിപിഎം ഹിംസയ്‌ക്കെതിരായി ചില പ്രഖ്യാപനങ്ങളും നടത്തി കേന്ദ്രമന്ത്രി വന്നപോലെ മടങ്ങുകയും ചെയ്തു. എന്തിനാണ് കേന്ദ്രമന്ത്രി തിരക്കിട്ടു തിരുവനന്തപുരത്തേക്കു വന്നത് എന്നറിയാന്‍ പാഴൂര്‍പ്പടി വരെ പോകേണ്ട കാര്യമില്ല. സംസ്ഥാനത്തെ ഭരണകൂടത്തെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയും ക്രമസമാധാനത്തകര്‍ച്ചയുടെ പേരില്‍ കേന്ദ്ര ഇടപെടലിനു കളമൊരുക്കുകയും ചെയ്യുന്നതിനാണ് പേരുകേട്ട അഭിഭാഷകന്‍ കൂടിയായ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. ഇനി വരുംദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതല്‍ ബിജെപിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷാ വരെ ഒരു വലിയ സംഘം തന്നെ കേരളത്തിലേക്കു വരുമെന്നാണ് കേള്‍ക്കുന്നത്. ഇവിടെ ക്രമസമാധാനം തകര്‍ന്നെന്നും അതിനാല്‍ കേന്ദ്രം ഇടപെടണം എന്നുമാണ് ആര്‍എസ്എസ് ദേശീയ ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ചുരുക്കത്തില്‍, കേരളത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനായി ഏതറ്റം വരെയും പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന സന്ദേശമാണ് ആര്‍എസ്എസും അവര്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരും നല്‍കുന്നത്. ഭരണഘടനയുടെ 356ാം വകുപ്പ് പ്രയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുകയെന്നതു പഴയപോലെ എളുപ്പമല്ലെന്ന് നിയമജ്ഞനായ അരുണ്‍ ജെയ്റ്റ്‌ലിക്ക് നന്നായറിയാം. അതിനാല്‍, ആ വിഷയത്തെ സംബന്ധിച്ച് കാര്യമായൊന്നും അദ്ദേഹം പറയുകയുണ്ടായില്ല. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും ഭരണകക്ഷിയായ സിപിഎമ്മാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദി എന്നുമാണ് അദ്ദേഹം ആരോപിച്ചത്. കേരളത്തിലെ ക്രമസമാധാനനില ഭദ്രമല്ലെന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത ശേഷം ക്രമസമാധാനപാലനരംഗത്ത് വലിയ പാളിച്ചകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പോലിസ് സംവിധാനവും ഇന്റലിജന്‍സ് സംവിധാനവും കുത്തഴിഞ്ഞ മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആ കടമ ഫലപ്രദമായി നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനത്തിലും കാതലുണ്ട്. എന്നാല്‍, കേരളത്തിലെ ക്രമസമാധാനനില തകരുന്നതില്‍ ഭരണകക്ഷിയായ സിപിഎമ്മിനെ പോലെത്തന്നെ ഉത്തരവാദിത്തം കേന്ദ്രഭരണകക്ഷിയായ ബിജെപിക്കും അതിന്റെ മാതൃപേടകമായ ആര്‍എസ്എസിനുമുണ്ട് എന്നതാണ് വാസ്തവം. സമീപകാലത്ത് നടന്ന നിരവധി കൊലപാതകങ്ങളില്‍ ആര്‍എസ്എസിന്റെ കറുത്ത കരങ്ങള്‍ കാണാം. കൊടിഞ്ഞി ഫൈസല്‍ വധം മുതല്‍ കാസര്‍കോട് റിയാസ് മൗലവി വധം വരെ നിരവധി കേസുകളില്‍ അവരുടെ പ്രവര്‍ത്തകര്‍ പ്രതികളാണ്. നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും തകര്‍ക്കുന്നതിനു കിണഞ്ഞു പരിശ്രമിക്കുന്നത് ആര്‍എസ്എസും സംഘപരിവാരവുമാണ്. അതിനാല്‍, ജെയ്റ്റ്‌ലി ക്രമസമാധാന തകര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം നേരെയാക്കേണ്ടത് സ്വന്തം അനുയായികളെയാണ്. എന്നിട്ടു മതി മറ്റുള്ളവരെ ഉപദേശിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss