|    Mar 26 Sun, 2017 12:49 pm
FLASH NEWS

അരുണാചല്‍: വിമതര്‍ പിന്തുണച്ചു; കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരും; നബാം തുക്കിയെ ഒഴിവാക്കി

Published : 17th July 2016 | Posted By: SMR

ഇറ്റാനഗര്‍: മാസങ്ങളായി അരുണാചല്‍പ്രദേശില്‍ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം. മുഖ്യമന്ത്രി നബാം തുക്കിയെ ഒഴിവാക്കി യുവനേതാവ് പെമ ഖണ്ഡുവിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയ നിര്‍ണായക നീക്കത്തിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. ഇതോടെ വിമതര്‍ ഉള്‍പ്പെടെ 44 എംഎല്‍എമാര്‍ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചു.
60 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 31 പേരുടെ പിന്‍ബലം മാത്രം മതിയായിരുന്നു. വിമതരുടെ പിന്തുണ ലഭിച്ചതോടെ വിശ്വാസ വോട്ടെടുപ്പ് അപ്രസക്തമായി. ഇന്നലെ ഉച്ചയോടെ നടക്കാനിരുന്ന വിശ്വാസവോട്ടെടുപ്പിനു തൊട്ടുമുമ്പാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 10 ദിവസത്തെ സാവകാശം വേണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം ഗവര്‍ണര്‍ തള്ളിയിരുന്നു. ഭരണം കൈവിടുമെന്ന ഘട്ടമെത്തിയതോടെ നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലായി.
ഒടുവില്‍ 36കാരനായ പെമ ഖണ്ഡുവിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കുക വഴി വിമതരുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കുകയുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നബാം തുക്കിയെ മാറ്റിയാല്‍ പിന്തുണയ്ക്കാമെന്ന് കലിഖോ പുലിന്റെ നേതൃത്വത്തിലുള്ള വിമതര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തന്ത്രപരമായ ഇടപെടലാണു വിജയത്തിലെത്തിയത്.
ഇന്നലെ രാവിലെ നബാം തുക്കി രാജിവച്ചതിനു പിന്നാലെ പെമാ ഖണ്ഡുവിനെ കോണ്‍ഗ്രസ്സിന്റെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതിനു പിന്നാലെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിനു പിന്തുണ അറിയിച്ച് ഗവര്‍ണറെ കണ്ടു. മുന്‍മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് വിമതരുടെ നേതാവായ പെമ ഖണ്ഡു.
നബാം തുക്കിയുമായുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന്നാണ് വിമതര്‍ ബിജെപിയിലേക്ക് ചേക്കേറിയത്. നേതൃമാറ്റം ഉണ്ടായാല്‍ മടങ്ങാമെന്ന് ഹൈക്കമാന്‍ഡിന് ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ നേതൃത്വം ഇതു പരിഗണിച്ചിരുന്നില്ല. ഒടുവില്‍ സുപ്രിംകോടതി വഴി തിരിച്ചുലഭിച്ച ഭരണം നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്‌നമായതിനാല്‍ വിമതരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു.

(Visited 43 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക