|    Aug 23 Wed, 2017 4:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അരുണാചല്‍ മുന്‍മുഖ്യമന്ത്രി ആത്മഹത്യ ചെയ്തു

Published : 10th August 2016 | Posted By: SMR

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കലിക്കോ പുള്‍ (47) ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ രാവിലെയാണ് സീലിങ്ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പൂളിനെ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രിപദം നഷ്ടമായെങ്കിലും ഔദ്യോഗിക വസതി പുള്‍ ഒഴിഞ്ഞിരുന്നില്ല. ആഴ്ചകള്‍ക്കു മുമ്പാണ് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനസ്ഥാപിച്ചുകൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടത്.
പുളിന് മൂന്ന് ഭാര്യമാരും നാലു മക്കളുമുണ്ട്. ഏഴു ദിവസമായി അദ്ദേഹം പുറത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പുളിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പുളിന്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ മുഖ്യമന്ത്രി പേമഖണ്ഡുവിന്റെ വസതി ഉപരോധിച്ചു. അവര്‍ ഉപമുഖ്യമന്ത്രിയുടെ നിര്‍മാണത്തിലുള്ള കെട്ടിടത്തിനു തീവച്ചു. രണ്ടു സര്‍ക്കാര്‍ ബംഗളാവുകള്‍ തകര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 19 മുതല്‍ ജൂലൈ 13 വരെയായിരുന്നു പുള്‍ മുഖ്യമന്ത്രി പദത്തിലിരുന്നത്. കോണ്‍ഗ്രസ്സിലെ വിമത എംഎല്‍എമാര്‍ക്ക് നേതൃത്വം നല്‍കിയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിന്‍വലിച്ച ഉടനെ അദ്ദേഹം മുഖ്യമന്ത്രിയായത്.
പുളിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. പുളിന്റെ മൃതദേഹം ഔദ്യോഗിക വസതിയില്‍നിന്നു മാറ്റാന്‍ അനുവദിക്കുകയില്ലെന്നും അവിടെത്തന്നെ സംസ്‌കരിക്കണമെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെട്ടു. പുറത്തുനിന്ന് കൊണ്ടുവന്ന ശവപ്പെട്ടി അവര്‍ നശിപ്പിച്ചു.
സംസ്ഥാന മന്ത്രിസഭയുടെ അടിയന്തരയോഗം ചേര്‍ന്ന് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരണത്തെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിനു മുഖ്യമന്ത്രി പേമഖണ്ഡു ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക