|    Dec 14 Thu, 2017 10:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അരുണാചല്‍: പെമ ഖണ്ഡു അധികാരമേറ്റു

Published : 18th July 2016 | Posted By: SMR

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൗന മെയിന്‍ ആണ് ഉപമുഖ്യമന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥാഗത് റോയ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി നബാം തുക്കി, ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരുന്ന കലിഖോ പുല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ചുമതലയേറ്റ മുഖ്യമന്ത്രി നബാം തുക്കി രാജിവച്ച ഒഴിവിലാണ് പെമ ഖണ്ഡുവിന്റെ സ്ഥാനാരോഹണം. 2011 മെയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ പുത്രനായ പെമ (36) സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണ്.
പിതാവ് പ്രതിനിധാനം ചെയ്ത മുക്തോ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ച് നിയമസഭയിലെത്തിയ പെമ തുടര്‍ന്ന് മന്ത്രിയായി. വിനോദസഞ്ചാരം, ജലവിഭവം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. പിന്നീട് 2014ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. ആ വര്‍ഷം തന്നെ നടന്ന തിരഞ്ഞെടുപ്പില്‍ മുക്തോ മണ്ഡലത്തില്‍നിന്ന് എതിരില്ലാതെ ജയിച്ചു.
വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇടഞ്ഞുനിന്നിരുന്ന സഭയില്‍ നബാം തുക്കിയോട് ശനിയാഴ്ചയ്ക്കകം വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 29 വിമതര്‍ ഉള്‍പ്പെടെ 44 അംഗങ്ങള്‍ പെമ ഖണ്ഡുവിന് പിന്തുണ പ്രഖ്യാപിച്ച് ഗവര്‍ണറെ സന്ദര്‍ശിച്ചതോടെ വിശ്വാസവോട്ടെടുപ്പില്ലാതെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനായി.
തുടര്‍ന്നാണ് നബാം തുക്കിയെ മാറ്റി പെമയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. പെമ ഖണ്ഡുവിന്റെ നേതൃത്വം സുഗമമായ ഭരണത്തിനു സഹായകമാവുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക