|    Jan 20 Fri, 2017 2:55 am
FLASH NEWS

അരുണാചല്‍പ്രദേശിലും ബിജെപിക്ക് തിരിച്ചടി; വീണ്ടും കോണ്‍ഗ്രസ്

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിനു പുറമെ അരുണാചല്‍പ്രദേശ് വിഷയത്തിലും കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടി. അരുണാചലില്‍ രാഷ്ട്രപതി ഭരണത്തിലൂടെ അസാധുവാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രിംകോടതി പുനസ്ഥാപിച്ചു.
ബിജെപി പിന്തുണയോടെയുള്ള വിമത കോണ്‍ഗ്രസ് നേതാവ് കലിഖോ പുല്‍ സര്‍ക്കാരിനെ മരവിപ്പിച്ച ജസ്റ്റിസ് എ എസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, നിശ്ചയിച്ച തിയ്യതിക്കും മുമ്പ് നിയമസഭാ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും നിലവിലെ സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുന്നതിലേക്കു നയിച്ച ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവയുടെ ഉത്തരവുകളും തുടര്‍ന്നു രൂപീകരിച്ച പുതിയ ഭരണകൂടത്തിന്റെ തീരുമാനങ്ങളും അസാധുവാക്കി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നു സംസ്ഥാനത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം നിലനിര്‍ത്തണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെതിരായ പരാതി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണു കേന്ദ്രം രാഷ്ട്രപതിഭരണം പിന്‍വലിച്ചതും വിമത കോണ്‍ഗ്രസ് നേതാവ് കലിഖോ പുലിനെ മുഖ്യമന്ത്രിയായി അവരോധിച്ചതും. നബാം തുക്കിയുടെ നേതൃത്വത്തില്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പാര്‍ട്ടിയിലെ ചിലര്‍ രംഗത്തെത്തിയതോടെയാണു നാടകീയ സംഭവങ്ങള്‍ തുടങ്ങിയത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47ഉം ബിജെപിക്ക് 11ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന്  വിട്ടുനില്‍ക്കുകയാണെന്ന്  വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി ഉടലെടുത്തു.
ഇതിനിടെ, വിമതര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് അവിശ്വാസപ്രമേയത്തിലൂടെ നബാംതുക്കി സര്‍ക്കാരിനെ പുറത്താക്കുകയും ഇതിനു ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ചെയ്തു. മന്ത്രിസഭയുടെ അനുമതിയില്ലാതെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാന്‍ ഉത്തരവിട്ട ഗവര്‍ണര്‍, സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കേന്ദ്രത്തിനു റിപോര്‍ട്ട് നല്‍കി.
പ്രതിസന്ധി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 26നു സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. കേന്ദ്ര മന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം പ്രണബ് മുഖര്‍ജിക്കു നിവേദനം നല്‍കിയിരുന്നു. ഫെബ്രുവരി 20ന് രാഷ്ട്രപതിഭരണം പിന്‍വലിച്ച് കോണ്‍ഗ്രസ് വിമതന്‍ കലിഹോ പുല്‍ ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. ഗവര്‍ണറുടെ ഈ നടപടി ചോദ്യംചെയ്ത് നബാം തുക്കി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകവിധി വന്നത്. ഇതുപ്രകാരം ഡിസംബര്‍ ഒമ്പതിനു ശേഷമുള്ള ഗവര്‍ണറുടെ നടപടികളെല്ലാം കോടതി അസാധുവാക്കി. ഇതാദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിട്ട് അതിനു മുമ്പത്തെ സര്‍ക്കാരിനെ പുനസ്ഥാപിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അസാധാരണമായ ഒരു വിധിയായാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തെ നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.
അരുണാചല്‍ മാതൃകയില്‍ ഉത്തരാഖണ്ഡിലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നെങ്കിലും സുപ്രിംകോടതിയുടെ പിന്തുണയോടെ അവിടെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചത് ബിജെപിക്ക് പ്രഹരമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അരുണാചലില്‍നിന്നു തിരിച്ചടി ഉണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക