|    Mar 26 Sun, 2017 11:19 am
FLASH NEWS

അരുണാചലിലെ രാഷ്ട്രീയ നാടകങ്ങള്‍

Published : 2nd February 2016 | Posted By: SMR

രാഷ്ട്രീയ എതിരാളികളെ അസ്ഥിരീകരിക്കാനും ഭിന്നിപ്പിച്ചു തകര്‍ക്കാനുമുള്ള വിപുലമായ പദ്ധതി ആര്‍എസ്എസും അവര്‍ നയിക്കുന്ന കേന്ദ്ര ഭരണകൂടവും തയ്യാറാക്കിയിരിക്കുന്നു എന്ന് വെളിവാക്കുന്നതരത്തിലുള്ള സംഭവവികാസങ്ങളാണ് അരുണാചല്‍പ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ കുതന്ത്രങ്ങള്‍ ഉപയോഗിച്ച് അട്ടിമറിക്കുകയും തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനായി രാഷ്ട്രപതിഭരണം അടിച്ചേല്‍പിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിന് രാഷ്ട്രപതി അനുമതി നല്‍കിയത് എന്നത് വിരോധാഭാസമാണ്.
അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു ഭരണകൂടമാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി നബാം തുകിയും പാര്‍ട്ടിയിലെ വിമതവിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും ഭിന്നതകളും തങ്ങള്‍ക്ക് അനുകൂലമായ മട്ടില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സപ്തംബറില്‍ ജെ പി രാജ്‌ഖോവയെ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. മൂന്നു മാസത്തിനകം തന്നെ ഗവര്‍ണറുടെ കൈകടത്തലുകള്‍ ഫലപ്രാപ്തിയിലെത്തി. നവംബര്‍ അഞ്ചിന് ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് എതിരായി തിരിഞ്ഞു. അതേത്തുടര്‍ന്ന് ഏകപക്ഷീയമായ നടപടിയിലൂടെ നിയമസഭാ സ്പീക്കര്‍ നബാം റബിയയെ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ നീക്കുകയുണ്ടായി. നിയമസഭ വിളിച്ചുകൂട്ടി ശക്തിപരീക്ഷണം നടത്തുക എന്ന ജനാധിപത്യപരമായ നടപടിക്രമത്തെ അട്ടിമറിക്കുന്ന നീക്കമാണ് ഗവര്‍ണര്‍ നടത്തിയത്.
അസാധാരണമായ പല സംഭവങ്ങളും സഭയില്‍ നടക്കുകയുണ്ടായി. ബിജെപി എംഎല്‍എമാരും വിമത കോണ്‍ഗ്രസ് എംഎല്‍എമാരും ഒന്നിച്ചുനിന്ന് തങ്ങളുടെ സ്വന്തം വകയായി സ്പീക്കറെ സ്ഥാനത്തുനിന്നു പുറത്താക്കുന്നതടക്കമുള്ള നാടകങ്ങളാണ് അരങ്ങേറിയത്. ഏറ്റവും പ്രധാനം മുഖ്യമന്ത്രിക്ക് പിന്തുണ നഷ്ടപ്പെട്ടാല്‍ അത് സഭയ്ക്കകത്ത് പരിശോധിക്കാനും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കാനുമുള്ള നീക്കങ്ങളല്ല അരുണാചല്‍ ഗവര്‍ണര്‍ നടത്തിയത് എന്ന വസ്തുതയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഏജന്റായി സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി കുത്തിയിളക്കാനും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ അട്ടിമറിക്കാനുമുള്ള നീക്കങ്ങളാണ് ഗവര്‍ണര്‍ നടത്തിയത്. അത് അങ്ങേയറ്റം അപലപനീയമാണ്.
അതിനേക്കാള്‍ ഗൗരവമുള്ള വിഷയം, ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. കേന്ദ്രത്തില്‍ അധികാരം ലഭിച്ചെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച വിജയം സമീപകാലത്ത് ബിജെപിക്ക് ലഭ്യമാവുകയുണ്ടായില്ല. അക്കാരണംകൊണ്ടുതന്നെ തങ്ങളുടെ തീവ്ര വലതുപക്ഷ അജണ്ട വേണ്ടവിധം നടപ്പാക്കാന്‍ അവര്‍ക്കു കഴിയുന്നുമില്ല. രാജ്യസഭയില്‍ പാര്‍ട്ടിക്ക് ഇനിയും ഭൂരിപക്ഷം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ അധികാരം അരക്കിട്ടുറപ്പിക്കാനും പാര്‍ലമെന്റില്‍ പൂര്‍ണ മേധാവിത്വം കൈവരിക്കാനും ജനാധിപത്യവിരുദ്ധമായ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര ഭരണകൂടം തയ്യാറാവുന്നു എന്നതിന്റെ സൂചനയാണ് അരുണാചല്‍ സംഭവവികാസങ്ങള്‍.

(Visited 114 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക