|    Oct 17 Wed, 2018 11:42 pm
FLASH NEWS
Home   >  Editpage  >  Editorial  >  

അരുംകൊലകള്‍ തടഞ്ഞേ മതിയാവൂ

Published : 2nd April 2018 | Posted By: kasim kzm

രാജ്യത്ത് വിശേഷിച്ചും ഉത്തരേന്ത്യയില്‍ ഇത് ഉല്‍സവകാലമാണ്. ആഘോഷങ്ങള്‍ മനുഷ്യരെ ഒരുമിപ്പിക്കാനും മനസ്സുകളില്‍ ആഹ്ലാദവും സാഹോദര്യവും പകരുന്നതിനുമാണ് ഉപകരിക്കേണ്ടത്. എന്നാല്‍, ചോരക്കൊതി തീരാത്തവര്‍ കാത്തിരിക്കുന്നത് ഇത്തരം ആഘോഷവേളകളാണ്. മനുഷ്യരെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലാനും അതിന്റെ വീഡിയോ പകര്‍ത്തി വീരത്വം പ്രകടിപ്പിക്കാനും മനസ്സാക്ഷിക്കുത്തില്ലാത്ത പിശാചുക്കള്‍ അവസരം നന്നായി ഉപയോഗപ്പെടുത്തുന്നു.
പശ്ചിമ ബംഗാളില്‍ ശ്രീരാമ ജയന്തി ആഘോഷിക്കുന്നതിനു വടിവാളുകളും ദണ്ഡുകളുമായാണ് ആയിരക്കണക്കിനു ഹിന്ദുത്വര്‍ തെരുവിലിറങ്ങി വര്‍ഗീയ കുഴപ്പം സൃഷ്ടിച്ചത്. ബിഹാറിലും പോലിസ് അനുമതിയില്ലാതെ മാര്‍ച്ച് 17നു ഹിന്ദുത്വര്‍ സംഘടിപ്പിച്ച പ്രത്യേക നവവല്‍സര ദിനാഘോഷം വര്‍ഗീയ ആക്രമണങ്ങളിലാണ് അവസാനിച്ചത്. ഭാഗല്‍പൂരില്‍ കേന്ദ്രമന്ത്രിയുടെ മകനാണ് മുഖ്യ നായകത്വം വഹിച്ചതെങ്കില്‍ അസന്‍സോളില്‍ ആ റോള്‍ ഏറ്റെടുത്തത് മണ്ഡലത്തിലെ ബിജെപി എംപി ബാബുല്‍ സപ്രിയോ തന്നെയാണ്.
പശ്ചിമ ബംഗാളില്‍ ബര്‍ദ്വാന്‍ ജില്ലയിലെ അസന്‍സോള്‍ നഗരത്തില്‍ റാണിഗഞ്ച് പ്രദേശത്ത് പതിനാറുകാരന്‍ ബാലന്റെ അതിക്രൂര കൊലപാതകം ഈ സംഭവ പരമ്പരയില്‍ അവസാനത്തേതാണെന്ന് കരുതാന്‍ ന്യായമില്ല. ഹിന്ദുത്വര്‍ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം അടുത്ത ദിവസം തല്ലിക്കൊന്ന നിലയില്‍ കണ്ടെത്തി. കുട്ടിയെ കാണാതായ ഉടനെത്തന്നെ പോലിസില്‍ പരാതി നല്‍കിയെങ്കിലും സത്വര നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മാരകായുധങ്ങളുമായി ശ്രീരാമ ജയന്തി ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത് പുതിയ രീതിയാണ്. മഹാരാഷ്ട്രയില്‍ സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിവച്ച ഗണേശോല്‍സവത്തിന്റെ ഒരുതരം തുടര്‍ച്ചയാണത്. കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ഭരണകൂടം നിലവില്‍വന്നതോടെയാണ് ആയുധമേന്തിയുള്ള പരസ്യ ഘോഷയാത്രകള്‍ ഇത്രയേറെ വിപുലമായത്.
രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയാണ് ബംഗാളിലും തുടക്കം. അസന്‍സോളിലെ ബിജെപി എംപി ട്വിറ്ററിലൂടെ എരിതീയില്‍ എണ്ണയൊഴിക്കാനാണ് ശ്രമിച്ചത്. വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രാഷ്ട്രീയ നേട്ടം കൈവരിക്കാനുമായിരുന്നു ശ്രമം. ഗുജറാത്തില്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത ദലിത് യുവാവിനെ ഹിന്ദുത്വ അക്രമികള്‍ അടിച്ചുകൊന്നത് കഴിഞ്ഞ ദിവസമാണ്.
2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാരം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധം അവരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല എന്നാണ് വ്യക്തമാകുന്നത്. കൈകൂപ്പിയുള്ള അഭ്യര്‍ഥനകളോ ഭീരുത്വത്തിന്റെ മുദ്രയണിഞ്ഞ മാപ്പു നല്‍കലോ ഈ ഭീഷണി തടയുന്നതിന് ഉപകരിക്കില്ലെന്നതിനു ചരിത്രം സാക്ഷി. അക്രമികളുടെ കൈ പിടിക്കാനും ഇത്തരം അതിക്രമങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയാത്തവിധം പാഠം പഠിപ്പിക്കാനും നിയമവാഴ്ച ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് എത്ര നേരത്തേ സംഭവിക്കുന്നുവോ അത്രയും രാജ്യത്തിനും സമൂഹത്തിനും നല്ലത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss