|    Apr 23 Sun, 2017 9:24 pm

അരി മില്ലിന് തീപ്പിടിച്ചു; ഒന്നരക്കോടിയുടെ നഷ്ടം

Published : 17th November 2016 | Posted By: SMR

അങ്കമാലി: പട്ടാപകല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ അരി മില്ലിന് തീപ്പിടിച്ചു. തക്ക സമയത്തിന് നാട്ടുകാരും ജീവനക്കാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതു മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. അങ്കമാലിക്കടുത്ത് മൂക്കന്നൂരിലാണ് സംഭവം. ഇതുമൂലം ഒന്നരകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മൂക്കന്നൂര്‍ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ കെ വി ആന്റോവിന്റെ കോട്ടയ്ക്കല്‍ അഗ്രോ ഫുഡ്‌സിനാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തീപ്പിടിച്ചത്. അരി, അരിപ്പൊടി, പായ്ക്കിങ് മെഷീന്‍, പ്രിന്റിങ് മെഷീന്‍, അരിപ്പൊടിച്ച് വറുക്കുന്ന യന്ത്രം, അരിയും അരിപ്പൊടിയും പായ്ക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകള്‍, കണ്‍വേയര്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. പ്രധാനമായും അരിപ്പൊടി യൂനിറ്റാണ് കത്തിനശിച്ചത്. അരിപ്പൊടി യൂനിറ്റിന്റെ മേല്‍ക്കൂരയും നിരവധി മോട്ടോറുകളും അഗ്നിക്കിരയായി. രണ്ടര മണിക്കൂര്‍ നേരത്തെ പ്രയത്‌നംകൊണ്ടാണ് അഗ്‌നിശമന സേനയ്ക്ക് പൂര്‍ണമായും തീയണയ്ക്കാനായത്. അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, ചാലക്കുടി, തൃക്കാക്കര എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍നിന്നും അഗ്‌നിശമന സേന വിഭാഗമെത്തി. ജില്ല ഫയര്‍ ഓഫിസര്‍  വി സിദ്ധകുമാറിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കല്‍. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് അഗ്‌നിശമന വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരുടെയും തൊഴിലാളികളുടെയും സഹകരണത്തോടെയാണ് അഗ്‌നിശമന സേന വിഭാഗം തീയണച്ചത്. മില്ലില്‍ സൂക്ഷിച്ചിരുന്ന ചാക്ക് കണക്കിന് അരി നനഞ്ഞ് നശിച്ചുപോയി. കൂടുതല്‍ അരി നശിക്കാതിരിക്കാന്‍ വാഹനങ്ങളില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റി. തീപ്പിടിത്തമുണ്ടായപ്പോള്‍ നിരവധി തൊഴിലാളികള്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. സ്ത്രീ തൊഴിലാളികളും മറ്റും ഇറങ്ങിയോടി. അരിപ്പൊടി യൂനിറ്റിലൂടെ ഫര്‍ണസ് ഓയിലിന്റെ പൈപ്പ്‌ലൈന്‍ വലിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ വാല്‍വ് പെട്ടെന്ന് അടച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. അരിപ്പൊടി യൂനിറ്റിന്റെ കിഴക്കുഭാഗത്താണ് ആദ്യം തീകണ്ടത്. തീയും പുകയും മുകളിലേയ്ക്ക് ഉയര്‍ന്നതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിയെത്തി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഏര്‍പെടുത്തുകയായിരുന്നു. ഇതുമൂലമാണ് വന്‍ ദുരന്തം ഒഴിവായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day