|    Nov 20 Tue, 2018 3:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അരിഹന്ത്; ഇന്ത്യയുടെ ആദ്യ ആണവ അന്തര്‍വാഹിനി സുസജ്ജം

Published : 6th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവവാഹകശേഷിയുള്ള ആദ്യ അന്തര്‍വാഹിനി അരിഹന്ത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി. ശത്രുക്കളെ തുരത്തുന്നതിനുള്ള അരിഹന്തിന്റെ ആദ്യ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ കരയില്‍ നിന്നും ആകാശത്തു നിന്നും കടലില്‍ നിന്നും ആണവായുധം തൊടുക്കാനുള്ള ശേഷി ഇന്ത്യക്കു സ്വന്തമായി. യുഎസ്, റഷ്യ, ഫ്രാന്‍സ്, യുകെ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ ഇതിലൂടെ എത്തിയത്.
അരിഹന്തിന്റെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും അഭിനന്ദനമറിയിച്ചു. ആദ്യ പര്യടനം വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ നാവികസംഘത്തിലെ അംഗങ്ങളെ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു.
അരിഹന്തിന്റെ പരീക്ഷണം വിജയിച്ചതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായി നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനും ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യയും ഇടംനേടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആണവത്രയം ഇന്ത്യ കൈവരിച്ചുവെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കി.
അണ്വായുധം വഹിക്കുന്ന മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മുങ്ങിക്കപ്പല്‍. ശത്രുക്കളെ സംഹരിക്കുന്നവന്‍ എന്നാണ് അരിഹന്ത് എന്ന വാക്കിന്റെ അര്‍ഥം. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകളാണ് അരിഹന്തില്‍ സ്ഥാപിക്കാന്‍ കഴിയുക. നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതെ കടലിനടിയില്‍ ഒളിച്ചിരുന്ന് മിസൈല്‍ തൊടുക്കാന്‍ അരിഹന്തിനാവും.
ഡിആര്‍ഡിഒയും നേവല്‍ ഡിസൈന്‍ ബ്യൂറോയും സ്വകാര്യ കമ്പനികളും ചേര്‍ന്ന് റഷ്യന്‍ സഹായത്തോടെയാണ് മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss