|    Jan 16 Mon, 2017 10:45 pm
FLASH NEWS

അരിവില കുതിക്കുന്നു; വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍

Published : 13th June 2016 | Posted By: SMR

കൊച്ചി: സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് അരിവില കുതിക്കുന്നു. 3 മുതല്‍ 12 രൂപവരെയാണ് ഓരോ ഇനത്തിലും വര്‍ധനവുണ്ടായിരിക്കുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരമായ ജയ, സുലേഖ ഇനങ്ങള്‍ക്കും കുറുവ അരിക്കും വില കൂടിയിട്ടുണ്ട്.
മുന്തിയ ഇനം കുറുവ അരിക്ക് 12 രൂപയാണ് വര്‍ധിച്ചത്. കേരളത്തിലെ അരിവില വര്‍ധനയ്ക്കു പിന്നില്‍ ഇവിടെയുള്ള സ്വകാര്യ മില്ലുടമകളും വ്യാപാരികളുമാണെന്ന് സംസ്ഥാന ഉപഭോക്തൃ ക്ഷേമസമിതി പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ ആരോപിച്ചു. സംസ്ഥാനത്തു ബ്രാന്‍ഡഡ് കമ്പനികളുടെ അരി വിലയാണ് ആദ്യം വര്‍ധിച്ചത്. 40 രൂപയായിരുന്ന കുത്തരിക്ക് ഒറ്റയടിക്കു മൂന്നുരൂപ കൂട്ടി. പാലക്കാട് കേന്ദ്രമായ ബ്രാന്‍ഡഡ് കമ്പനിയാണ് അരിവില 43 രൂപയിലെത്തിച്ചത്. പാലക്കാടിന് പുറമെ ആലപ്പുഴ, എറണാകുളം ജില്ലയിലെ ആലുവ, കാലടി എന്നിവിടങ്ങളിലെ സ്വകാര്യ മില്ലുടമകളും അരി വിപണിയിലെത്തിക്കുന്നുണ്ട്. ഇത്തരക്കാരുടെ പായ്ക്കറ്റ് അരിക്കും വില കൂടിയിട്ടുണ്ട്. കിലോയ്ക്ക് 26 രൂപയുണ്ടായിരുന്ന കുറുവ അരിയുടെ വില 35 രൂപയിലെത്തി. ജയ അരിക്ക് 33ഉം പൊന്നിക്ക് 41 രൂപയുമാണ് വിപണിവില. മൂന്നു രൂപ വര്‍ധിച്ച് ബോധനയ്ക്ക് 29 രൂപയായി. മട്ട അരി വില 26ല്‍ നിന്നും 32ലെത്തി.
റമദാന്‍ വ്രതം ആരംഭിച്ചതോടെ ആവശ്യക്കാര്‍ ഏറിയ ബസ്മതി അരിയുടെ വിലയും പത്തു രൂപയിലധികം വര്‍ധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ അരി വില കുറയുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നുള്ള കച്ചവട ലോബി ഇടപെടുന്നതായും ആരോപണമുണ്ട്. ആന്ധ്രയില്‍ നിന്നു സംസ്ഥാനത്തേക്കെത്തുന്ന ജയ, സുലേഖ അരി ഇനങ്ങളുടെ വില താഴേക്ക് പോവുന്നത് ഇല്ലാതാക്കാനും കൂടിയ വില നിലനിര്‍ത്താനും ആന്ധ്രയില്‍ നിന്നുള്ള കച്ചവടലോബികള്‍ സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്നും മൊത്തവ്യാപാരികള്‍ പറയുന്നു. ഒരാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരിവരവ് കുറഞ്ഞതോടെ പൊതുവിപണിയിയിലും അരിയുടെ വില കിലോയ്ക്ക് അഞ്ച് രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെ പൊതുവിതരണ സംവിധാനത്തിലൂടെയുളള അരി വിതരണം ഏറെക്കുറെ താറുമാറായിരിക്കുകയാണ്. ആന്ധ്രയില്‍ നിന്നുള്ള അരി ഇ-ടെന്‍ഡര്‍ ചെയ്താണ് കേരളം വാങ്ങുന്നത്.
ആന്ധ്രയില്‍ സുലേഖ, ജയ അരികള്‍ വേണ്ടത്ര സ്റ്റോക്കുണ്ടെങ്കിലും ഇവ കൂടുതല്‍ കേരളത്തിലെത്തിക്കാതിരിക്കാന്‍ അവിടന്നുള്ള മില്ലുടമകള്‍ തന്നെ നീക്കം നടത്തുകയാണ്. കേരളത്തെ ലക്ഷ്യം വച്ച് നിലനില്‍ക്കുന്ന സുലേഖ, ജയ തുടങ്ങിയവയുടെ വിപണി താഴേക്ക് പോവാതിരിക്കാനാണ് ആന്ധ്ര ലോബി നീക്കം നടത്തുന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനു കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെന്നു വകുപ്പുമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വിപണിയില്‍ അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയില്ല.
റേഷന്‍ വ്യാപകമായി കരിഞ്ചന്തയിലേക്കൊഴുകുന്നതു നിയന്ത്രിക്കാനും പുതിയ സര്‍ക്കാരിനായിട്ടില്ല. സിവില്‍ സപ്ലൈസ് ഔട്ട്‌ലറ്റുകളിലും ത്രിവേണി-നന്മ സ്‌റ്റോറുകളിലും അവശ്യവസ്തു ക്ഷാമമുണ്ട്. സിവില്‍ സപ്ലൈസ് ഔട്ട്‌ലറ്റുകളിലേക്കുള്ള ലോഡുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ മാസത്തിന്റെ പകുതിയില്‍തന്നെ അരി ഉള്‍പ്പെടെയുള്ള സബ്‌സിഡി സാധനങ്ങള്‍ തീരുന്നതിനാല്‍ ഉയര്‍ന്നവിലയ്ക്കു സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക