|    Dec 16 Sat, 2017 4:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അരിവിതരണത്തിലെ അലംഭാവം: സപ്ലൈകോ എംഡിയെ മാറ്റി

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: സപ്ലൈകോ എംഡി സ്ഥാനത്ത്‌നിന്നു ഡോ. ആശ തോമസിനെ മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എ പി എം മുഹമ്മദ് ഹനീഷിനെ സപ്ലൈകോ എംഡിയാക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓണക്കാലത്തു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണത്തില്‍ അലംഭാവം കാട്ടിയെന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് നടപടി.
റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ എംഡിയായാണ് ഡോ. ആശ തോമസിന്റെ പുതിയ നിയമനം. മുഹമ്മദ് ഹനീഷിന്റെ മാറ്റത്തോടെ ബി ശ്രീനീവാസിനു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ അധിക ചുമതല നല്‍കി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറായി ഡോ. കെ ഇളങ്കോവനെയും നിയമിച്ചു. അഡ്വ. എം കെ സക്കീറിനെ പിഎസ്‌സിയുടെ പുതിയ ചെയര്‍മാനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ പിഎസ്‌സി അംഗമാണ് എം കെ സക്കീര്‍. ഡോ. കെ എസ് രാധാകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
ആശാ തോമസിന്റെ നിരുത്തരവാദിത്വവും പിടിവാശിയും മൂലം അരിവിതരണം മുടങ്ങുകയും അതുവഴി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്തുവെന്ന പരാതി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അന്നുതന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഓണത്തിനുള്ള അരിവിതരണം മുടങ്ങിയതു സംബന്ധിച്ചു ഭക്ഷ്യ-വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്ന് മന്ത്രി റിപോര്‍ട്ട് തേടിയിരുന്നു. ഈ രണ്ടുവകുപ്പുകളും സപ്ലൈകോ എംഡിയുടെ പിടിവാശി ചൂണ്ടിക്കാട്ടി റിപോര്‍ട്ട് നല്‍കി. ഒരു ഉദ്യോഗസ്ഥയുടെ നിരുത്തരവാദിത്വപരമായ നടപടി മൂലം സര്‍ക്കാരിന് ഒന്നടങ്കം പഴി കേള്‍ക്കേണ്ടി വന്നത് നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ എംഡിയെ നീക്കണമെന്ന് എല്‍ഡിഎഫിലും അഭിപ്രായം ഉയര്‍ന്നിരുന്നു.
അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു ജേക്കബ് തോമസ് നല്‍കിയ കത്ത് മന്ത്രിസഭയില്‍ ചര്‍ച്ചയായില്ല. വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ നിലപാട് എടുക്കട്ടെയെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരുടെയും സ്വത്തുവിവരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക