|    Sep 21 Fri, 2018 7:04 pm

അരിപ്പ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

Published : 2nd January 2018 | Posted By: kasim kzm

കൊല്ലം:തരിശ് ഭൂമി ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ നെല്‍കൃഷിയും മറ്റ് കൃഷികളും ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ജില്ലാ കളക്ടര്‍ കൃഷി പുനരാരംഭിക്കാനുള്ള അനുമതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് സ്ഥലം സന്ദര്‍ശിച്ച കിസാന്‍ ജനതാ സംസ്ഥാന പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടു.അരിപ്പയില്‍ ആദിവാസികളും ദലിതരും മറ്റിതര ഭൂരഹിത ജനവിഭാഗങ്ങളും കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് വര്‍ഷമായി നടത്തി വരുന്ന ഭൂസമരത്തിന്റെ ഭാഗമായി പാഴായികിടന്ന ചതുപ്പ് നിലം ആയിരക്കണക്കിന് മനുഷ്യര്‍ കഠിനാദ്ധ്വാനം ചെയ്തു രൂപപ്പെടുത്തി നെല്‍വയലാക്കി ഇതിനകം ഒമ്പത് വിളവ് നെല്ല് കൊയ്‌തെടുത്തു കുടിലുകളില്‍ കഴിയുന്നവര്‍ ഉപജീവനത്തിന് വിനിയോഗിച്ചു വരികയാണ്. ഭൂമിക്കുവേണ്ടി സഹനസമരം നടത്തുന്ന പട്ടിണി പാവങ്ങള്‍ക്ക് അന്നം മുട്ടാതിരിക്കാന്‍ നെല്‍കൃഷി ചെയ്തത് പാവമാണോയെന്നും, ചില തല്‍പ്പര കക്ഷികളുടെ ചട്ടുകമായി ബോധപൂര്‍വ്വം കെട്ടിച്ചമച്ച ക്രമസമാധാന പ്രശ്‌നത്തിന്റെ പേരിലും ചേരിതിരിവ് എന്ന ദുര്‍വ്യാഖ്യാനവും കണ്ടെത്തി അരിപ്പയിലെ കൃഷി തടഞ്ഞ കൊല്ലം ജില്ലാ കളക്ടറുടെ നടപടി ആശാസ്യമല്ലാത്തതും കര്‍ഷക ദ്രോഹവുമാണ്. ഭൂരഹിതരുടെ മൗലികപ്രശ്‌നം പരിഹരിക്കുവാന്‍ സമരക്കാരുമായി ചര്‍ച്ച ചെയ്തു ഒരു ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്തു അരിപ്പ ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റിയംഗവുകൂടിയായ അയത്തില്‍ അപ്പുക്കുട്ടന്‍ അഭ്യര്‍ത്ഥിച്ചു. അയത്തില്‍ അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ ജനതാദള്‍ നേതാക്കന്മാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭൂസമര സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യാന്റെ സാന്നിധ്യത്തില്‍ ജനതാദള്‍ (യു.) ജില്ലാ ഭാരവാഹികളായ കല്ലില്‍ സോമന്‍, ഏ.ആനന്ദരാജന്‍ പിള്ള, യുവജനതാ ദള്‍ ജില്ലാ പ്രസിഡന്റ് ബൈജു പൂക്കുട്ടി, പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കരവാളൂര്‍ ജോര്‍ജ്ജ്, സന്തോഷ് ജി നായര്‍, ആമക്കുളം തങ്കച്ചന്‍ തുടങ്ങിയവര്‍ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു. ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുന്നതാണെന്നും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss