|    Dec 14 Fri, 2018 9:37 am
FLASH NEWS

അരിക് ശബ്ദങ്ങള്‍

Published : 7th February 2018 | Posted By: G.A.G

കഴിഞ്ഞ ദിവസം സമാപിച്ച അന്താരാഷ്ട്ര നാടകോല്‍സവം -ഇറ്റ്‌ഫോകിനെ കുറിച്ച് ഒരു റിപോര്‍ട്ട്

പി എച്ച് അഫ്‌സല്‍

ഫോട്ടോ : കെ കെ നജീബ്

അപമാനിക്കപ്പെട്ടവരുടെയും അപരവല്‍ക്കരിക്കപ്പെട്ടവരുടെയും അരങ്ങായിരുന്നു ഇത്തവണത്തെ ഇറ്റ്‌ഫോക്. മുസ്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, അഭയാര്‍ഥികള്‍… അന്താരാഷ്ട്ര നാടകോല്‍സവത്തിനു ജനുവരി 20ന് തൃശൂരില്‍ യവനിക ഉയര്‍ന്നപ്പോള്‍ പൊതുസമൂഹവും അധികാരിവര്‍ഗവും അരികിലേക്കു തള്ളിമാറ്റിയവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നിരന്തരം ഇരകളാക്കപ്പെട്ടവരും വേദിയിലെത്തി. തങ്ങളുടെ ജീവിതം പറയാന്‍. അത്രയൊന്നും നിറപ്പകിട്ടുള്ളതായിരുന്നില്ല ഇത്തവണത്തെ നാടകോല്‍സവം. എന്നാല്‍, ജീവിതഗന്ധികളായിരുന്നു അരങ്ങില്‍ നിറഞ്ഞുനിന്ന ഓരോ കഥാപാത്രവും. അതുതന്നെയായിരുന്നു ഇറ്റ്‌ഫോക് 10ാം എഡിഷന്റെ പ്രത്യേകതയും. 16 അന്തര്‍ദേശീയ നാടകങ്ങള്‍, അഞ്ചു മലയാളം നാടകങ്ങള്‍ അടക്കം 17 ഇന്ത്യന്‍ നാടകങ്ങള്‍. നാടകപ്രേമികള്‍ക്ക് ആഘോഷത്തിന്റെ 10 പകലിരവുകള്‍ സമ്മാനിച്ചാണ് ഇറ്റ്‌ഫോക് സാംസ്‌കാരിക കേരളത്തോട് വിടപറഞ്ഞത്.

ഇരകളുടെ ഇറ്റ്‌ഫോക്
ഇരകള്‍ തന്നെ തങ്ങളുടെ കഥകളുമായി നേരിട്ടു വേദികളിലെത്തി എന്നതാണ് ഇത്തവണത്തെ ഇറ്റ്‌ഫോകിനെ വേറിട്ടതാക്കുന്നത്. ഉദ്ഘാടന നാടകമായ ഫലസ്തീന്‍ ഇയര്‍ സീറോയില്‍ ഇസ്രായേല്‍ ഭീകരതയുടെ ഇരകളും പറയാന്‍ മറന്ന കഥയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളും അരങ്ങിലെത്തി. ലൈംഗികതൊഴിലാളികളുടെ മക്കള്‍ നേരിടുന്ന അവഗണനകളും അപമാനങ്ങളുമായി മുംബൈയിലെ ലൈംഗികതൊഴിലാളികളുടെ പെണ്‍മക്കളും ആദിവാസികളുടെ ജീവിത ചിത്രങ്ങളുമായി ഉറാട്ടി എന്ന നാടകത്തിലൂടെ ആദിവാസികളും അരങ്ങുണര്‍ത്തി.
മുസ്‌ലിംകള്‍: ഭീകരതയുടെ ഇരകള്‍ ഭീകരരായി ചിത്രീകരിക്കപ്പെടുന്ന ലോകാവസ്ഥയിലാണ് ഫലസ്തീന്‍ ഇയര്‍ സീറോ എന്ന നാടകം ശ്രദ്ധേയമാവുന്നത്. ഉദ്ഘാടന നാടകമായിരുന്നിത്. ഇസ്രായേല്‍ അധിനിവേശത്തിന്റെ നേരിട്ടുള്ള ഇരകള്‍ തന്നെയാണ് വേദിയിലെത്തിയത്. ഫലസ്തീനികള്‍ക്കു ദൈനംദിന യാഥാര്‍ഥ്യമായ ഇസ്രായേലിലെ അറബ് വംശജരുടെ വീടുകള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന സൈനികാക്രമണമാണ് പ്രമേയം. ഇസ്രായേലിലെ തെല്‍ അവീവില്‍ നിന്നുള്ള ജൂതവംശജയായ ഏയ്‌നാത്ത് വീസ്മാനാണ് സംവിധായിക.


ദലിതര്‍: സവര്‍ണ ഫാഷിസത്തിന്റെ നേരിട്ടുള്ള ഇരകളായ ദലിതുകളുടെ ജീവിതാവസ്ഥകളുമായി രണ്ടു നാടകങ്ങളാണ് ഇറ്റ്‌ഫോകില്‍ അരങ്ങിലെത്തിയത്. ട്രാന്‍സ്‌ഫോര്‍മേഷനും മരണമാച്ചും. ജാതിപരമായ തരംതിരിവുകള്‍, ജാതിവെറി, ദലിതര്‍ ആക്രമിക്കപ്പെടുന്നത് എന്നിവയായിരുന്നു ട്രാന്‍സ്‌ഫോര്‍മേഷന്റെ ഇതിവൃത്തം. പ്രതികരിക്കുന്ന ദലിത് സമൂഹത്തെ സവര്‍ണര്‍ അടിച്ചമര്‍ത്തുകയാണ്. വിദ്യാഭ്യാസവും ഭക്ഷണവും വഴിനടക്കാനുള്ള സ്വാതന്ത്ര്യവും ശവദാഹം നടത്തുന്നതിലുള്ള വിലക്കുകളുമെല്ലാം നാടകത്തിലെ പ്രധാന ചര്‍ച്ചയാണ്.
ശരത് രേവതിയുടെ മരണമാച്ച് രണ്ടാം ലോകമഹായുദ്ധകാലത്തെ മരണക്കളിയെന്നു കുപ്രസിദ്ധി നേടിയ മല്‍സരത്തിന്റെ ആഖ്യാനമാണ്. ഒന്നാം രംഗത്തില്‍ നാത്‌സിസേനയും ഉക്രെയ്‌നിലെ സ്റ്റാര്‍ട്ട് ഫുട്‌ബോള്‍ ക്ലബ്ബും തമ്മിലുള്ള മല്‍സരത്തില്‍ ജൂതന്മാര്‍ വിജയിച്ചതിനെ തുടര്‍ന്ന് നാത്‌സിസേന അവരെ വെടിവച്ചു കൊല്ലുന്നു. വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടത്തെ ആക്ഷേപഹാസ്യത്തിലൂടെ കണക്കിന് ആക്രമിക്കുന്നുണ്ട് നാടകത്തിലുടനീളം.
ആദിവാസികള്‍: സിവില്‍ സമൂഹം ഞെരിച്ചമര്‍ത്തിയ ജീവിതത്തെക്കുറിച്ച് ആദിവാസികള്‍ തന്നെ ആവിഷ്‌കരിച്ചതായിരുന്നു ഉറാട്ടി എന്ന നാടകം. ഉറാട്ടി എന്നതിനു പണിയ ഭാഷയില്‍ ഭാര്യ എന്നാണര്‍ഥം. ഒരു ആദിവാസി യുവതിയുടെ ഭാവരൂപങ്ങളിലൂടെയാണ് നാടകം വികസിക്കുന്നത്. വയനാട് കല്‍പ്പറ്റയ്ക്കടുത്തുള്ള കമ്പളക്കാട്ടെ ആദിവാസികളാണ് ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കുന്നത്.
ലൈംഗികതൊഴിലാളികള്‍: മുംബൈ ചുവന്ന തെരുവിലെ 14 ലൈംഗികതൊഴിലാളികളുടെ പെണ്‍മക്കള്‍ അവതരിപ്പിച്ച നാടകമായിരുന്നു റെഡ്‌ലൈറ്റ് എക്‌സ്പ്രസ്. അതിജീവനം തേടുന്ന ഒരു സമൂഹം വേദിയിലെത്തി എന്നതാണ് ലാല്‍ ബത്തി എക്‌സ്പ്രസ് എന്നപേരില്‍ അറിയപ്പെടുന്ന ഈ നാടകത്തെ പ്രസക്തമാക്കിയത്. നാടകം അവരുടെ ജീവിതപരിസരങ്ങളില്‍ ദിനേന കാണുന്ന കാഴ്ചകളെ പുനസൃഷ്ടിക്കുന്നു. ബാല്യവും കൗമാരവും പിന്നിടുമ്പോള്‍ തന്നെ അവര്‍ക്കനുഭവിക്കേണ്ടി വരുന്ന അവഹേളനവും പീഡനവും അക്രമവുമെല്ലാം നാടകത്തില്‍ രേഖപ്പെടുത്തുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍: ‘കണ്ണില്‍ മിന്നണ കനവുകള്‍, ഉള്ളില്‍ വിങ്ങണ കനവുകള്‍, കൂടേറും നേരത്ത് കൂടില്ല, കൂടില്ല, കൂട്ടില്ല ചില്ലയില്‍.’ സമൂഹത്തില്‍ അപരവല്‍ക്കരിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ജീവിതാവസ്ഥകള്‍ വരച്ചുകാട്ടുന്നതായിരുന്നു ഉദ്ഘാടന ദിവസം അവതരിപ്പിച്ച പറയാന്‍ മറന്ന കഥ. പൊതു ഇടങ്ങളില്‍ അപമാനിക്കപ്പെടുന്ന തങ്ങളുടെ കഥയുമായി ആദ്യമായി ഇറ്റ്‌ഫോകിലെത്തുകയായിരുന്നു ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാടകസംഘം. സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടി ‘ഞങ്ങള്‍ക്കും ജീവിക്കേണ്ടെ?’ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട് നാടകം. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട 14 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തങ്ങളുടെ ജീവിതാവസ്ഥകള്‍ ഇഴചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു. സ്വപ്‌നങ്ങള്‍ ചിറകറ്റുപോയ കൗമാരങ്ങളുടെ കഥ പറയാനാണ് നാടകം ശ്രമിക്കുന്നതെന്നു സംവിധായകന്‍ ശ്രീജിത്ത് സുന്ദരം പറഞ്ഞു. പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഹാരിണി ചന്ദ്ര, നാടകത്തിലെ ഏക പുരുഷ ട്രാന്‍സ്‌ജെന്‍ഡറായ എബി ചിത്തിരന്‍, മിയ ശിവറാം, ഐന്‍ ഹണി ആരോഹി, മോനിഷ ഷെര്‍കാര്‍, രഞ്ജു മോള്‍, ദീപ്തി കല്യാണി, ഹെയ്ദി സാദിയ, ആയിശ ഡൂഡ്ള്‍, സ്വീറ്റി ബെര്‍ണാള്‍ഡ്, ഷാനി, ചിന്നു ദയ എന്നിവരാണ് വിവിധ വേഷങ്ങളില്‍.
അഭയാര്‍ഥികള്‍: മധ്യേഷ്യയിലെ അഭയാര്‍ഥി പ്രശ്‌നത്തിന്റെ കഥയെ മറ്റൊരുതരത്തില്‍ അവതരിപ്പിക്കുകയാണ് സൈലന്‍സ് എന്ന നാടകത്തിലൂടെ പാവെല്‍ സോകടാക്. ബാഡ് സിറ്റി എന്ന നാടകത്തിലൂടെ മേളയില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ഈ പോളണ്ടുകാരന്‍. വളയപ്പെട്ട ഒരു നഗരത്തിലെ അന്തേവാസികളാണ് കഥാപാത്രങ്ങള്‍. മധ്യേഷ്യപോലുള്ള സ്ഥലങ്ങള്‍ എന്തുകൊണ്ട് അഭയാര്‍ഥികളുടെ ഈറ്റില്ലവും യൂറോപ് സുരക്ഷിതസ്വര്‍ഗവും ആവുന്നു എന്ന രാഷ്ട്രീയം പങ്കുവയ്ക്കുകയാണ് നാടകം. ശാരീരികാഭ്യാസങ്ങളും തീക്കളികളും പാവക്കൂത്തും സംഗീതവും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടകത്തില്‍ യഥാര്‍ഥ നായകര്‍ കുട്ടികളാണ്. യൂറോപ്പിനെ അഭയകേന്ദ്രമാക്കുമ്പോള്‍ തന്നെ, കുടിയേറ്റക്കാര്‍ ഒരേസമയം അനുഭവിക്കുന്ന ഭീതിയും സുരക്ഷയും പുതിയ ലോകത്തിന്റെ പ്രത്യാശകള്‍ക്കു വേറൊരു മാനം നല്‍കുന്നു.
ആസത്രേലിയന്‍ ദ്വീപായ മാനുസില്‍ തടവിലാക്കപ്പെട്ട ഇറാനിയന്‍ അഭയാര്‍ഥികളുടെ കഥ പറയുന്നു മാനുസ്. 2013 മുതല്‍ കാരാഗൃഹമായി ഉപയോഗിച്ചുപോരുന്ന ഈ ദ്വീപില്‍ നാലു വര്‍ഷത്തോളമായി തടവുശിക്ഷ അനുഭവിക്കുന്ന അഭയാര്‍ഥികളുടെ കഥ. താന്‍ ഇറാന്‍ വിടാനുള്ള കാരണങ്ങളും വഴിയിലുണ്ടായ പ്രയാസങ്ങളും ഓരോ തടവുകാരനും വിവരിക്കുന്നു. അവരുടെ വാക്കുകളിലൂടെയാണ് അഭയാര്‍ഥികളുടെ കഥ വികസിക്കുന്നത്. ആസ്‌ത്രേലിയന്‍ തീരങ്ങളില്‍ എത്തുന്നവരെ അവിടത്തെ സര്‍ക്കാര്‍ ശിക്ഷിക്കുന്നു. എന്തുകൊണ്ട് അവര്‍ വന്നു എന്നകാരണം അന്വേഷിക്കുന്നതിനു പകരം എങ്ങനെ അവര്‍ വന്നു എന്നതാണ് പ്രശ്‌നമാവുന്നത്. ഈ ക്രിമിനല്‍വല്‍ക്കരണത്തിന്റെ പുതിയ മുഖത്തെ നാടകം വിചാരണ ചെയ്യുന്നു.
അഭയാര്‍ഥി ക്യാംപുകളില്‍ ജനതയുടെ ജീവിതം ദുരിതപൂര്‍ണം മാത്രമല്ലെന്നും അതിനിടയില്‍ സംഭവിക്കുന്ന ചെറിയ തമാശകള്‍ പോലും ബോര്‍ഡര്‍ ലൈന്‍ എന്ന നാടകം നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. അഭയാര്‍ഥിത്വമെന്നതു ദുര്‍വിധിയല്ല. ഏതു സാഹചര്യത്തിലായാലും ജീവിതം തന്നെയാണത്. സാഹചര്യങ്ങളോട് ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍. അറബി, പഷ്‌തോ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകള്‍ നാടകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു ആക്ഷേപഹാസ്യ നാടകമാണിത്.

ശ്രദ്ധേയമായ മറ്റു നാടകങ്ങള്‍
നൃത്തം, സംഗീതം, വാക്കുകള്‍ തുടങ്ങിയ ആവിഷ്‌കാരോപാധികളെ സമന്വയിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്നുള്ള മാന്‍ ഓഫ് ഹാര്‍ട്ട് എന്ന ഏകാങ്കനാടകത്തിന്റെ ഇതിവൃത്തം 19ാം നൂറ്റാണ്ടിലെ ബംഗാളി സൂഫിവര്യനും ഗായകനുമായ ലാലന്‍ ഫക്കീറിന്റെ ജീവിതമാണ്. പാവക്കൂത്തിന്റെ രൂപത്തിലുള്ള ദ പവര്‍ ഓഫ് ലുല്ലബി എന്ന ജോര്‍ജിയന്‍ നാടകം മറന്നുപോവുന്ന ഭാഷകളെപ്പറ്റി പറയുന്നു. തൃശൂര്‍ നഗരത്തിനകത്തു പെട്ടെന്നൊരുനാള്‍ ഒരാള്‍ വന്ന് ഓട്ടോക്കാര്‍ക്കിടയില്‍ നില്‍ക്കുകയാണ്, അയാള്‍ക്ക് നമ്മുടെ നിറമല്ല, നമ്മള്‍ കണ്ടിട്ടുള്ള ആരുടെയും നിറമില്ല. അയാള്‍ തികച്ചും വ്യത്യസ്തനാണ്. പച്ച സ്‌കൂട്ടറില്‍, പച്ച വസ്ത്രങ്ങളണിഞ്ഞു വന്ന പച്ച നിറമുള്ള മനുഷ്യന്‍. ഏകാങ്ക തെരുവു നാടകത്തിന്റെ പുതിയ സാധ്യതകള്‍ അന്വേഷിക്കുന്ന ഗ്രീന്‍മാന്‍ പ്രേക്ഷകരുടെ വിഭിന്നമായ വികാരങ്ങളെ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നു.
ശ്രീലങ്കന്‍ നാടകമായ ലൗ ആന്റ് ലൈഫ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്‌നേഹത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. മക്കളോടുള്ള സ്‌നേഹം എത്രത്തോളം ശരീരത്തിലും ആത്മാക്കളിലും ഉള്‍പ്പെട്ടിരിക്കുന്നുവെന്നു നാടകം പറയുന്നു. ശ്രീലങ്കയിലെ പരമ്പരാഗതമായ മുഖംമൂടികള്‍ ഉപയോഗിക്കുന്ന ഈ പരീക്ഷണ നാടകത്തില്‍ ഒന്നര മണിക്കൂറിനുള്ളില്‍ മൂന്ന് അഭിനേതാക്കള്‍ 16ഓളം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധേയമായ നാടകവും ഇതായിരുന്നു.
നിര്‍ഭയ ഇന്നും മറക്കാത്തൊരു ഓര്‍മയാണ്. ഓരോ ജനുവരി 20 എന്നും ഓര്‍മപ്പെടുത്തലുമാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്ത്യന്‍ജനത എന്തുകൊണ്ട് ആ സംഭവം മറക്കുന്നില്ല എന്നാലോചിച്ചാല്‍ മനസ്സിലാവും നിര്‍ഭയ ഒരൊറ്റപ്പെട്ട സംഭവമല്ല. അന്നും ഇന്നും അതു സംഭവിച്ചുകൊണ്ടിരിക്കുന്നു ഒരു മാറ്റവും ഇല്ലാതെത്തന്നെ. ഇന്ത്യന്‍ ജനതയ്ക്കു മേല്‍ കരിനിഴല്‍ വീണ ആ സംഭവത്തിലേക്കു ശ്രദ്ധ പതിപ്പിക്കുകയാണ് വോക്ക് ചെയ്യുന്നത്. ഇതൊരു മുഴുനാടകമല്ല. സാറാ മാച്ചെറ്റിന്റെ വോക്ക് വിത്ത് ആഫ്രിക്ക എന്ന നാടകത്തിന് ഒരാമുഖമായാണ് വോക്ക് അരങ്ങേറുന്നത്.
സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണ്‍ ആസ്ഥാനമാക്കിയുള്ള ഒരു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വോക്ക്: എസ്എ എന്ന സൗത്ത് ആഫ്രിക്കന്‍ നാടകം. 2013ല്‍ സൗത്ത് ആഫ്രിക്കയിലെ ആന്‍ ബോയ്‌സേജ് എന്ന ഒരു യുവതി ബലാല്‍സംഗത്തിനിരയായി മരിക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ ബലാല്‍സംഗം എത്രത്തോളം ഭീതിയുണ്ടാക്കും എന്ന തിരിച്ചറിവിനു നാടകത്തിലൂടെ പ്രസക്തി വരുത്തുന്നു. മാറ്റത്തിനു വേണ്ടി പോരാടുന്ന തികച്ചും സാമൂഹികപ്രസക്തമായ നാടകമാണിത്.
അനാമരിയ മൊസാര്‍ട്ട് എന്ന അതിബുദ്ധിശാലിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് മുണ്‍ഡോ മൊസാര്‍ട്ട് എന്ന ചിലിയന്‍ നാടകത്തിന്റെ പ്രമേയം. സ്ത്രീകളുടെ സര്‍ഗാത്മകതയെ ഇനിയും അംഗീകരിക്കാന്‍ തയ്യാറാവാത്ത പുരുഷമേധാവിത്വ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നുണ്ട് നാടകം. 18ാം നൂറ്റാണ്ടിലെ യൂറോപ്പില്‍ ഒരു കുടുംബം നടത്തുന്ന സംഗീത യാത്രയാണ് പ്രമേയം. നൃത്തവും സംഗീതവും ധാരാളമായി ഉപയോഗപ്പെടുത്തിയ രംഗാവതരണവും ശ്രദ്ധേയമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss