|    Oct 18 Thu, 2018 3:16 pm
FLASH NEWS
Home   >  Editpage  >  Article  >  

അരികുവല്‍ക്കരണത്തിന്റെ രീതികള്‍

Published : 2nd December 2017 | Posted By: kasim kzm

കെ എ മുഹമ്മദ് ഷമീര്‍

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ഡോ. ബി ആര്‍ അംബേദ്കറെ കാണാന്‍ ചെന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ അദ്ദേഹം അഭിസംബോധന ചെയ്തത് ‘ബ്രാഹ്മിന്‍ ബോയ്‌സ്’ എന്നായിരുന്നു. മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണമെന്ന വികൃത ആശയം, സാമൂഹിക സമത്വവും തുല്യനീതിയും തങ്ങളുടെ പാര്‍ട്ടി നയങ്ങളാണെന്ന് ഉരുവിടുന്ന ഇടതു പാര്‍ട്ടി നടപ്പില്‍വരുത്താന്‍ തീരുമാനിച്ചപ്പോള്‍ ഓര്‍മ വന്നതാണിത്. മനുഷ്യനെ സ്വന്തം സ്വത്വത്തെ നിരാകരിച്ച് സാമ്പത്തികവസ്തുവായി മാത്രം കാണുന്ന കമ്മ്യൂണിസ്റ്റ് ദര്‍ശനങ്ങള്‍ക്ക് മനുഷ്യന്റെ വേദനകളുടെയും പീഡനങ്ങളുടെയും യഥാര്‍ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെടുന്നുണ്ട്. യാഥാര്‍ഥ്യബോധം നഷ്ടപ്പെടലില്‍നിന്നാണ് മതവും ജാതിയും  ഉള്‍പ്പെടുന്ന സ്വത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം മുതലായവ നിരാകരിക്കുന്നതും അതിന് നിഷേധാത്മക നിറം നല്‍കുന്നതും. ലോകത്തെവിടെയും മനുഷ്യന്റെ പ്രശ്‌നം ഒന്നാണ് എന്ന ലളിതവല്‍ക്കരണം ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്തതില്‍ നിന്ന് ഉണ്ടായതാണ്.അരികുവല്‍ക്കരണം ഒരു സ്വാഭാവിക പ്രതിഭാസമല്ല എന്നു മാത്രം പറഞ്ഞാല്‍ പോരാ; അതൊരു ബോധപൂര്‍വമായ പദ്ധതിയാണ്. അരികുവല്‍ക്കരണത്തിന്റെ രീതിശാസ്ത്രവും വ്യത്യസ്തമാണ്. മുഖ്യധാരയിലേക്കുള്ള സവര്‍ണ അധീശത്വവിഭാഗങ്ങളുടെ അധികാരാരോഹണത്തിനായുള്ള സഞ്ചാരങ്ങളില്‍ അര്‍ഹരും എന്നാല്‍ ദുര്‍ബലരുമായ സമൂഹങ്ങളെ തള്ളിയും വകഞ്ഞുമാറ്റിയും അവഗണിച്ചും നടത്തുന്ന തേരോട്ടങ്ങളുടെ ഫലമാണ് അരികുവല്‍ക്കരണം. സാമൂഹികമായും രാഷ്ട്രീയമായും അതിനാല്‍ സാമ്പത്തികമായും പിന്നാക്കമാവേണ്ടിവന്നവരുടെ അധികാര പങ്കാളിത്തം എന്ന സംവരണത്തെ ആദ്യകാലം മുതല്‍ സവര്‍ണ വിഭാഗങ്ങള്‍ എതിര്‍ത്തുപോന്നിട്ടുള്ളത് തങ്ങള്‍ക്കു ലഭിച്ചുപോന്ന അധികാരത്തിലേക്കുള്ള ആരോഹണത്തിന് അത് അസവര്‍ണരെ സഹായിക്കുമെന്ന തിരിച്ചറിവുകൊണ്ടാണ്. എന്നാല്‍ അതിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് വ്യത്യസ്ത തന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. സാമ്പത്തിക സംവരണം എന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ ഈ സംവരണ അട്ടിമറിയെന്ന ലക്ഷ്യമാണ്. ജാതി തിരിച്ചല്ല, സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ചാണ് സംവരണം നല്‍കേണ്ടതെന്ന വാദം ഒറ്റനോട്ടത്തില്‍ ആഴത്തില്‍ ചിന്തിക്കാത്ത, മതം-ജാതി എന്നതൊക്കെ ക്രിമിനല്‍ പദമായി കാണുന്ന, ഇന്ത്യയുടെ ആത്മാവ് കാണാന്‍ കഴിയാത്ത ആളുകളെ ആകര്‍ഷിക്കുമെങ്കിലും അതിലെ പൊള്ളത്തരം പകല്‍ പോലെ വ്യക്തമാണ്. ഒന്നാമത്തെ കാര്യം, സംവരണം കൊടുക്കുന്നത് ദാരിദ്ര്യനിര്‍മാര്‍ജനം ഉദ്ദേശിച്ചല്ല. അതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുണ്ട്. സംവരണം കൊടുത്തുകൊണ്ട് സാമ്പത്തിക സമത്വം ഉണ്ടാക്കലും അപ്രായോഗികമാണ്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അവസര സമത്വം നല്‍കുമ്പോള്‍ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം പരിഗണിക്കുന്നത്  അനൗചിത്യമാണ്. സാമൂഹികമായി പിന്നാക്കാവസ്ഥയില്‍ എത്തപ്പെട്ടവര്‍ അതിന്റെ പരിണതഫലമായി സാമ്പത്തികമായും പിന്നാക്കമായി മാറുക സ്വാഭാവികം. എന്നാല്‍ സാമൂഹികമായി എല്ലാവിധ ഭരണകൂട-സാമൂഹിക മേല്‍ക്കോയ്മയും നേട്ടങ്ങളും അനുഭവിച്ചു വളര്‍ന്ന മുന്നാക്കക്കാര്‍ തറവാടുകള്‍  ക്ഷയിച്ചതുകൊണ്ടോ ഗൃഹനാഥന്‍ തൊഴിലില്ലായ്മ നേരിട്ടതുകൊണ്ടോ ദാരിദ്ര്യാവസ്ഥയിലായതിനെ എങ്ങനെയാണ് സാമൂഹികമായി പിന്നാക്കവല്‍ക്കരിക്കപ്പെട്ടവരുമായി തുലനം ചെയ്യാനാവുക?മേല്‍ജാതിക്കാരുടെ പീഡനങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്തല്‍ കൊണ്ടും വഴിനടക്കാനും മാറുമറയ്ക്കാനും വിദ്യ അഭ്യസിക്കാനും അഭിമാനത്തോടെ ജീവിക്കാനും കഴിയാതിരുന്ന ഒരു സമൂഹത്തെയും ജനിച്ച മതത്തിന്റെ പേരില്‍ അന്യവല്‍ക്കരിക്കപ്പെട്ടും ആക്രമിക്കപ്പെട്ടും വംശഹത്യകള്‍ക്ക് ഇരയായും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് വകഞ്ഞുമാറ്റപ്പെട്ടവരെയും ജോലി നഷ്ടപ്പെട്ടതുകൊണ്ടും തറവാട് ക്ഷയിച്ചതുകൊണ്ടും സാമ്പത്തികമായി പിന്നാക്കമായവരെയും തുല്യമായി പരിഗണിക്കുന്നത് അനീതിയാണ്. പിണറായി സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പില്‍വരുത്തുമ്പോഴാണ് യഥാര്‍ഥത്തില്‍ മതജാതിയുടെ അടിസ്ഥാനത്തില്‍ സംവരണമാവുന്നത്. അല്ലെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സംവരണം നല്‍കുകയല്ലേ വേണ്ടത്? എന്തുകൊണ്ട് മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കു മാത്രം?സാമ്പത്തിക സംവരണം എന്നൊരു പൊള്ളയായ വാദം വരുന്നത് മുന്നാക്കരിലെ പിന്നാക്കരെന്ന് പറയുന്ന വിഭാഗത്തിന് നീതി ലഭിക്കാനുള്ള ത്വരകൊണ്ടൊന്നുമല്ല; സംവരണവും അതിലൂടെ ദലിത്, ന്യൂനപക്ഷ, ആദിവാസി വിഭാഗങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളും ഇല്ലാതാക്കാന്‍ വേണ്ടിയാണ്. അതിലൂടെ രാജ്യത്തിന്റെ അധികാരശ്രേണിയില്‍ അവര്‍ക്കു പ്രാതിനിധ്യം ലഭിക്കാതിരിക്കാനും കൂടിയാണ്. ഒരുവശത്ത് മുന്നാക്കക്കാരെയും മധ്യവര്‍ഗ ബുദ്ധിജീവികളെയും ഇറക്കി സാമ്പത്തിക സംവരണം വേണമെന്ന വാദം ഹിന്ദുത്വര്‍ ശക്തമാക്കുമ്പോള്‍ മറുവശത്ത്, സംവരണവിഭാഗത്തെ നഗ്‌നമായ വിവേചനത്തിന് ഇരയാക്കുന്ന, വകഞ്ഞുമാറ്റുന്ന പദ്ധതികള്‍ നടപ്പില്‍വരുത്തുകയാണ്.2018 ജനുവരി 7ന് നടക്കുന്ന നീറ്റ് പിജി മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ പുതിയ രീതിശാസ്ത്രമാണ് ന്യൂനപക്ഷ വിരുദ്ധതയ്ക്കും സംവരണ വിരോധത്തിനും പ്രകടമാക്കിയത്. കേരളത്തില്‍ അഞ്ചു സ്ഥലങ്ങളിലായി 20,000ഓളം പേര്‍ എഴുതുന്ന ഒന്നാണ് പിജി മെഡിക്കല്‍ പ്രവേശനപ്പരീക്ഷ. പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ഒബിസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഒബിസി കാറ്റഗറിയില്‍ അപേക്ഷ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ബോധപൂര്‍വം എന്നു തോന്നുന്ന തരത്തില്‍ സാങ്കേതികത്തകരാര്‍ കാണിക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞിരുന്നു. അതേസമയം, ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് അപേക്ഷ നല്‍കുന്നതില്‍ ഒരുവിധ തടസ്സവും നേരിട്ടിട്ടുമില്ല. പരീക്ഷാകേന്ദ്രങ്ങള്‍ തീരുമാനമായപ്പോള്‍ ഒബിസി വിദ്യാര്‍ഥികളില്‍ മൂന്നോ നാലോ പേര്‍ക്ക് ഒഴിച്ച് മുഴുവന്‍ ആളുകള്‍ക്കും പരീക്ഷാകേന്ദ്രങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍. ജനറല്‍ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ ചോയ്‌സ് അനുസരിച്ച് കേരളത്തിലെ അഞ്ചു സെന്ററുകളില്‍ ലഭിക്കുകയും ചെയ്തു. ഇതിനെതിരേ പല വിദ്യാര്‍ഥികളും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയെങ്കിലും നീറ്റ് അധികൃതരോടും കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം ചോദിച്ചതിനപ്പുറം മനുഷ്യാവകാശ കമ്മീഷനും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ അപകടകരമായ  വിവേചനമാണ് നടന്നിട്ടുള്ളത്. ഒരേ ഫീസ് കൊടുത്ത് ജനറല്‍, ഒബിസി വിഭാഗങ്ങള്‍ പരീക്ഷ എഴുതുമ്പോള്‍ ഒബിസി വിഭാഗത്തില്‍ പെട്ടതുകൊണ്ട് മാത്രം വിവേചനം നേരിടേണ്ടിവരുകയാണ് വിദ്യാര്‍ഥികള്‍. വര്‍ഷങ്ങളായി സിബിഎസ്ഇയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. സിബിഎസ്ഇയും മുമ്പ് പരീക്ഷകളില്‍ ഹിജാബ് ഉള്‍പ്പെടുന്ന വസ്ത്രസ്വാതന്ത്ര്യത്തിനു മേല്‍ കടന്നുകയറിയപ്പോള്‍ കോടതിയില്‍ പോയാണ് വിദ്യാര്‍ഥികള്‍ അവകാശങ്ങള്‍ പുനസ്ഥാപിച്ചത്.കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധരാണെന്നതില്‍ വ്യക്തതയുണ്ട്. എന്നാല്‍ പിന്നാക്ക ന്യൂനപക്ഷ സംരക്ഷകരായി അവകാശവാദം ഉയര്‍ത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടാണ് ഗൗരവമായി കാണേണ്ടത്. ഇത്ര നഗ്‌നമായ വിവേചനം ഉണ്ടായിട്ടും സര്‍ക്കാരോ ഇടതു വിദ്യാര്‍ഥി സംഘടനകളോ മൗനത്തിലാണ്. ഒരേയിടത്ത് ന്യൂനപക്ഷത്തിനു സംവരണം നല്‍കുന്നതിനെ പ്രശ്‌നവല്‍ക്കരിക്കുന്നവര്‍, അതേ വിഭാഗത്തോട് വിവേചനം കാണിക്കുന്നതിനെ ചോദ്യം ചെയ്യാതെ വിടുകയാണ്. സംവരണം നല്‍കി മെറിറ്റ് വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് സവര്‍ണര്‍ വിലപിക്കുമ്പോള്‍ അതിനു പരിഹാരമായി സവര്‍ണര്‍ക്ക് സംവരണം നല്‍കുകയും എന്നാല്‍, ഒരു മതജാതി വിഭാഗത്തില്‍ പെട്ടതുകൊണ്ട് മാത്രം വിവേചനം കല്‍പിക്കപ്പെടുമ്പോള്‍ അതിനു നേരെ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നത് യാദൃച്ഛികമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss