|    Nov 14 Wed, 2018 12:09 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അരാഷ്ട്രീയത്തിന്റെ ചുമയും കഫവും

Published : 15th August 2016 | Posted By: SMR

slug-a-bമുന്നണിരാഷ്ട്രീയം, ശരിയായ രാഷ്ട്രീയ വികാസത്തിനു സമ്മാനിക്കുന്ന മണ്ഡരിരോഗത്തിന്റെ മികച്ച ഉദാഹരണ ദേശമാണു കേരളം. രാഷ്ട്രീയമുന്നണികളുടെ ബലാബലത്തില്‍ കാതലാവേണ്ടത് രാഷ്ട്രീയമാണല്ലോ. എന്നാല്‍, നമ്മുടെ മുന്നണിരാഷ്ട്രീയത്തിലെ മുഖ്യ കാഷ്വാല്‍റ്റിയും അതുതന്നെ- രാഷ്ട്രീയം!
34 കൊല്ലത്തെ ബന്ധം വേര്‍പെടുത്തി പുതിയ നീക്കുപോക്കുകള്‍ക്കു ശ്രമിക്കുന്നു, കെ എം മാണി. യുഡിഎഫ് വിടാന്‍ ടിയാന്‍ ചരല്‍ക്കുന്നില്‍ കയറിനിന്ന് ഘോഷിച്ച ന്യായങ്ങളില്‍ കാല്‍ക്കഴഞ്ചുണ്ടായോ രാഷ്ട്രീയം? ഏറെക്കാലമായി തന്റെ പാര്‍ട്ടിയെ സ്വന്തം മുന്നണി വേദനിപ്പിക്കുന്നു എന്നാണ് അരനൂറ്റാണ്ടിന്റെ ‘പരിണതപ്രജ്ഞ’ ചാര്‍ത്തപ്പെടുന്ന മാണിയുടെ വിലാപം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് കൂട്ടിക്കൊടുത്തില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് വേണ്ടത്ര ചര്‍ച്ച നടത്താതെ ഫോണിലൂടെ അവസാനവിവരം അറിയിക്കുക മാത്രം ചെയ്തു, ഗൂഢാലോചന നടത്തി ബാര്‍ കോഴക്കേസുണ്ടാക്കി മാണിയെ അപമാനിതനാക്കി… ഇത്യാദിയാണ് ആക്ഷേപങ്ങള്‍. ഇപ്പറയുന്ന ന്യായങ്ങള്‍ ഓരോന്നായെടുക്കുക.
പാര്‍ലമെന്റിലേക്കു മല്‍സരിക്കാന്‍ കോട്ടയത്തിനു പുറമേ ഇടുക്കി കൂടി വേണമെന്ന കേരളാ കോണ്‍ഗ്രസ് ആശയത്തിന് പാരവച്ചത് കോണ്‍ഗ്രസ്സല്ല. ജോസ് കെ മാണിക്കൊപ്പം ഫ്രാന്‍സിസ് ജോര്‍ജ് കൂടി ഉയര്‍ന്നുവരുന്നതിലെ ‘അപകടം’ മണത്ത സാക്ഷാല്‍ മാണിതന്നെയാണ്. മാണിയുടെ മൗത്പീസായിരുന്ന പി സി ജോര്‍ജിനെക്കൊണ്ട് അന്നത് പറയിക്കുകയും ചെയ്തിരുന്നു. നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് കിട്ടേണ്ടതൊക്കെ കിട്ടുകതന്നെ ചെയ്തു. പിന്നെ ഒടുവിലത്തെ ഫോണ്‍വിളി. നേരില്‍ കാണാന്‍ പറ്റുന്ന പരുവത്തിലായിരുന്നില്ലല്ലോ അന്ന് കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയില്‍ സ്വന്തം പോര് തീര്‍ക്കാന്‍ തന്നെ അവര്‍ക്കപ്പോള്‍ നേരം തികഞ്ഞിരുന്നില്ല! ഇടതു തരംഗത്തില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന് കാര്യമായ തകര്‍ച്ചയുണ്ടായില്ല എന്നതുതന്നെ അവര്‍ക്കു കിട്ടേണ്ട സീറ്റൊക്കെ കിട്ടി എന്നതിനു തെളിവായുണ്ട്. അപ്പോള്‍ പ്രശ്‌നം ബാര്‍ കോഴയിലേക്കു ചുരുങ്ങുന്നു.
തുടക്കംതൊട്ടേ ഇതൊരു കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന പരിച മാണി പിടിക്കുന്നുണ്ട്. ടി ഗൂഢാലോചന ആര് എവിടെ എപ്പോള്‍ നടത്തി എന്നൊന്നും പറയുന്നുമില്ല. എങ്കിലും ഗൂഢാലോചനയുടെ ഇംഗിതം വ്യക്തമാക്കിയിട്ടുണ്ട്- ഇടതുപക്ഷത്തിന്റെ ചെലവില്‍ മുഖ്യമന്ത്രിയാവാന്‍ മാണിയെ അനുവദിക്കാതിരിക്കുക. ഇങ്ങനെയൊരു രഹസ്യനീക്കം നടന്നതായി പി സി ജോര്‍ജ് ഇപ്പോഴും പറഞ്ഞുനടക്കുന്നുണ്ട്. അതു നേരാണെന്നിരിക്കട്ടെ. ബാര്‍ കോഴയും ഇതുമായി വല്ലതുമുണ്ടോ?
ഗൂഢാലോചനാ തിയറിയുടെ പുകമറ നീക്കിയാല്‍ കഥാഗതി സിംപിളാണ്. കോടതി ഉത്തരവുപ്രകാരം പൂട്ടിപ്പോയ 418 ബാറുകള്‍ തുറക്കാന്‍ ബാറുടമകള്‍ നെട്ടോട്ടമോടുന്ന കാലം. നിലവാരമുയര്‍ത്തിയാല്‍ ടി ബാറുകള്‍ തുറന്നുകൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റെഡി. പ്രശ്‌നം, അതിനോടകം എടങ്ങേറുമായി വന്ന പള്ളിക്കാരും സുധീരനുമാണ്. കാബിനറ്റില്‍ ഘടകകക്ഷികളുടെ എതിര്‍പ്പ് ഇല്ലാതാക്കിയാല്‍ ബാറുകാരെ സഹായിക്കാന്‍ മുഖ്യന് പ്രയാസമില്ലാതാവും. ആയതിലേക്ക് പള്ളിയുടെ വിശ്വസ്തന്‍കൂടിയായ മാണിയെയും ലീഗിന്റെ മുടിചൂടാമന്നന്‍ കുഞ്ഞാലിക്കുട്ടിയെയും പ്രീണിപ്പിക്കാന്‍ ചാണ്ടി ബാറുടമകളെ ഉപദേശിക്കുന്നു. കിഴിയുമായി ചെന്ന ബാറുകാരെ കിഴി പറ്റാതെ കുഞ്ഞാലിക്കുട്ടി മടക്കിവിടുന്നു. മാണി ആ ലൈനെടുത്തില്ല. അടുത്ത കാബിനറ്റില്‍ ബാര്‍ സംബന്ധിച്ച ഫയല്‍ ആവശ്യപ്പെടുകയും മനംമാറ്റത്തിന്റെ സൂചന വ്യക്തമാക്കുകയും ചെയ്യുന്നു (അതൊരു വിലപേശലിന്റെ ഭാഗമായിരുന്നു എന്നതൊക്കെ ഇന്ന് അങ്ങാടിപ്പാട്ടാണ്). മാണിയും ബാറുകാരും തൊട്ട് പള്ളിയും സുധീരനും വരെ സ്വപ്‌നേപി നിനയ്ക്കാത്ത പരിണാമഗുപ്തിയാണ് പിന്നീടുണ്ടായത്. സുധീരനെ വെട്ടാന്‍ ചാണ്ടി മൊത്തം ബാറുകളും പൂട്ടാന്‍ നയമിറക്കുന്നു. അതിനുശേഷമുള്ള വിഴുപ്പലക്കലിനിടെയാണ് മാണിയുടെ ബാര്‍ കോഴ പുറത്തുവരുന്നത്. ടെലിവിഷന്‍ ചര്‍ച്ചയുടെ സമ്മര്‍ദ്ദത്തിനിടെ ഒരു ദുര്‍ബല നിമിഷത്തില്‍ താനറിയാതെ വെടിപൊട്ടിച്ചതാണെന്നാണ് ബിജുരമേശന്‍ പറയുന്നത്. അത്ര നിഷ്‌കളങ്കമായിരുന്നില്ല രംഗാവതരണമെന്നും, സര്‍വം നഷ്ടപ്പെടുന്ന ബാറുടമകള്‍ ചരട് തിരിച്ചുപിടിക്കാന്‍ നടത്തിയ സമര്‍ഥമായ വിരട്ടായിരുന്നു സംഗതിയെന്നും ഇന്നു നമുക്കറിയാം. അത് കള്ളുകച്ചോടക്കാരുടെ കാര്യം.
കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ വെടിയില്‍ പങ്കുണ്ടോ എന്നതാണു പ്രശ്‌നം. ചാണ്ടി ബാറുകാരെ പറഞ്ഞുവിട്ടത് മാണിയെ ചാക്കിടാനാണെന്നതു നേരുതന്നെ. അതുപക്ഷേ, മാണി പറയുമ്പോലെ ടിയാന്റെ മുഖ്യമന്ത്രിപദമോഹത്തിനു പാരവയ്ക്കാനായിരുന്നില്ല. മറിച്ച്, പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ഗുസ്തിയില്‍ തനിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനാണത്. എന്നാല്‍, ചാണ്ടിക്ക് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ചാര്‍ത്തിക്കൊടുത്തിട്ടുള്ള ഒരു ചാണക്യപ്പട്ടമുണ്ട്. ചക്കവീണ് മുയല്‍ ചത്താലും കൊലയുടെ ക്രെഡിറ്റ് ചുമ്മാതിങ്ങു പോരുന്ന ഒരു ഭാഗ്യം. മിക്ക കേസുകളെയും പോലെ ബാര്‍ കോഴയിലും ഗൂഢാലോചനയുടെ ക്രെഡിറ്റ് ചാണ്ടിക്ക് കിട്ടി.
പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ ത്വരിതപരിശോധനയ്ക്ക് ആഭ്യന്തരമന്ത്രി ഉത്തരവിടുന്നതോടെ ചെന്നിത്തലയും ഈ ഗൂഢാലോചനാ തിയറിയില്‍ ഇടംപിടിക്കുകയായി. ചെന്നിത്തല വിചാരിച്ചിരുന്നെങ്കില്‍ ഈ കേസ് നിഷ്പ്രയാസം ഒതുക്കാമായിരുന്നു എന്നാണ് മാണിയും കൂട്ടരും പറയുന്നത്. എന്നുവച്ചാല്‍, ആഭ്യന്തരമന്ത്രി അന്വേഷണത്തില്‍ ഇടപെട്ട് തടിയൂരിക്കൊടുക്കണമായിരുന്നെന്ന്. അങ്ങനെ ഇടപെടാത്ത പുണ്യാത്മാവൊന്നുമല്ല ചെന്നിത്തല എന്നിരിക്കെ, ടിയാന്‍ കാര്യമായൊന്നും ചെയ്യാതിരുന്നത് മാണിയുടെ തിയറിക്ക് ബലമേകി. സ്വാഭാവികമായും ചെന്നിത്തലയുടെ നിലപാടില്‍ ഒരു ഗൂഢതാല്‍പര്യം സംശയിക്കാം. അപ്പോഴും പക്ഷേ, അതൊരു ഗൂഢാലോചനയുടെ തലത്തിലേക്കു വരുന്നതല്ല. ചാണ്ടി ഗൂഢാലോചന നടത്തി, എതിര്‍ഗ്രൂപ്പുകാരനായ ചെന്നിത്തല അതിന്റെ ഫോളോഅപ്പ് ചെയ്തു എന്നൊക്കെ തട്ടിവിടാമെന്നേയുള്ളൂ- മാണി സ്വയമൊരുക്കിയ കെണിയുടെ എമ്പിരിക്കല്‍ തെളിവ് മുഴച്ചുകിടക്കുന്നു. ചുരുക്കിയാല്‍, മാണി ഘോഷിക്കുന്ന ഗൂഢാലോചന ചക്ക വീണ് മുയലു ചത്ത കഥ പോലുള്ള ഒരുഡായിപ്പാണ്. അതുവച്ചുള്ള ‘അന്വേഷണ റിപോര്‍ട്ട്’ കോണ്‍ഗ്രസ്സിനെ വിരട്ടാനുള്ള തുറുപ്പു മാത്രമല്ല, പൊതുജനസമക്ഷം താനൊരു കോഴക്കള്ളനല്ലെന്നു വരുത്താനുള്ള മുഖംമൂടി കൂടിയാണ്.
അധികാരം പോയതോടെ മാണി യഥാര്‍ഥ അങ്കലാപ്പിലേക്ക് പ്രവേശിച്ചു. ഇടതുപക്ഷഭരണത്തില്‍ കേസ് മുറുകിയാല്‍ ബാലകൃഷ്ണപ്പിള്ളയുടെ വിധി വരാം. മാത്രമല്ല, അധികാരഭ്രഷ്ടരായി അഞ്ചുകൊല്ലം നടക്കുമ്പോള്‍, കറപുരണ്ട നേതാവിനെ ചുമന്ന് സ്വയം അപ്രസക്തരാവാന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളെ കിട്ടില്ല. വ്യക്തിഗത താല്‍പര്യങ്ങളുടെ പേരില്‍ നിന്നനില്‍പ്പില്‍ പിളര്‍ന്നുമാറുന്നതിന് പുകഴ്‌പെറ്റ പാര്‍ട്ടിയാണല്ലോ. അത് മാണിയെ സംബന്ധിച്ച് ക്രിമിനല്‍ക്കേസിന്റെ ഭാവി കൂടുതല്‍ പ്രതികൂലമാവാന്‍ വഴിയൊരുക്കാം. സ്വാഭാവികമായും സ്വയരക്ഷയ്ക്ക് കേരളാ കോണ്‍ഗ്രസ്സിനെ ഒന്നിച്ചുനിര്‍ത്താന്‍ മാണി ബാധ്യസ്ഥനാവുന്നു. ഈ അത്യാവശ്യക്കാരന്റെ ഔചിത്യമില്ലായ്മയാണ് മുന്നണി വിടല്‍.
ചരല്‍ക്കുന്നില്‍ വെടിപൊട്ടിയതും കേരളത്തിലെ മുന്നണികളെല്ലാം ചര്‍ച്ചയോടു ചര്‍ച്ച. മാണി ഇറങ്ങിയതോടെ യുഡിഎഫ് ശിഥിലമായി എന്നാണ് സഖാക്കളുടെ സന്തോഷവാണി.
കോണ്‍ഗ്രസ് കൂടാരം ക്ഷയിക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയേച്ഛയുമാണ്. എന്നാല്‍, ബിജെപിയുടെ മുന്നേറ്റകാലമായതോടെ യുഡിഎഫ് ശൈഥില്യം ഇടതുപക്ഷത്തിന് വൈക്ലബ്യം സമ്മാനിക്കുന്ന അനുഭവം കൂടിയാണ്. ക്ഷയിക്കുന്ന കോണ്‍ഗ്രസ്സിന്റെ സ്ഥാനത്തേക്ക് ഹിന്ദുത്വരാഷ്ട്രീയം കടന്നുവരുന്നത് അവര്‍ക്ക് മാത്രമല്ല, മുസ്‌ലിം ലീഗിനും കടുത്ത പ്രതിസന്ധിയേകും. യുഡിഎഫ് ഇല്ലാതാവുമ്പോള്‍ ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ ലീഗ് തുനിയുകയോ സിപിഎം അതിനു വഴിയൊരുക്കുകയോ ചെയ്താല്‍ ബിജെപി സ്‌കോര്‍ ചെയ്യും. ഇടതുപക്ഷത്തെ ഹൈന്ദവ വോട്ടുകള്‍ ഈ ലീഗ് ബന്ധം ചൂണ്ടി അവര്‍ ഭിന്നിപ്പിക്കും. ആര്‍ക്കും വാതില്‍ തുറന്നിട്ട് കാത്തിരിക്കുന്ന എന്‍ഡിഎയിലേക്ക് മാണി കയറിച്ചെല്ലുന്ന പക്ഷം കേരളത്തിലെ കത്തോലിക്കരുടെ വോട്ട് കൂടി ചേര്‍ത്ത് തങ്ങള്‍ക്ക് പുഷ്ടിപ്പെടാം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതുവഴി മുസ്‌ലിംകളെ ന്യൂനപക്ഷ ഐക്യത്തില്‍ നിന്നു പുറത്താക്കുകയും ചെയ്യാം. ബിജെപിയുടെ ഈ വര്‍ഗീയ ധ്രുവീകരണ പദ്ധതിയെ ഇടതുപക്ഷം ഭയപ്പെടുന്നു. കോണ്‍ഗ്രസ്സിനാവട്ടെ, ന്യൂനപക്ഷങ്ങളുടെ ആല്‍ത്തറ എന്ന സ്ഥാനം കുറേക്കാലമായി നഷ്ടപ്പെട്ടുവരുകയുമാണ്.
ഈ വിധമുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് കേരളത്തെ തുറന്നിടുകയാണ് മാണിയുടെ അടവ്. ഏറക്കുറേ അതൊക്കെ തന്നെയാണ് മാധ്യമങ്ങളുടെ അധ്യക്ഷതയില്‍ അരങ്ങേറുന്നതും. ഫലിതം എന്തെന്നാല്‍, ഈ ചര്‍ച്ചകളുടെയെല്ലാം മര്‍മം മാണിക്കൊപ്പമാണ് കേരളത്തിലെ കത്തോലിക്കര്‍ എന്ന അലസവിചാരമാണ്. അഴിമതിക്കറ കാര്യമായി പിടിച്ചുകഴിഞ്ഞ മാണി ബിജെപിക്കൊപ്പം ചേരാനുറയ്ക്കുന്നതോടെ കേരളാകോണ്‍ഗ്രസ് വീണ്ടും പിളരും. ബിജെപിക്ക് മധ്യതിരുവിതാംകൂറില്‍ ചില്ലറ ഗുണമൊക്കെ കിട്ടുമെങ്കിലും ആത്യന്തികമായി മാണിയുടെ അസ്തമനമാണ് ഫലം. പള്ളിയുടെ പിടി കേരള രാഷ്ട്രീയത്തില്‍ അയയുകയും ചെയ്യും. ഈ നഷ്ടക്കച്ചവടത്തിന് കത്തോലിക്കാ പള്ളി കൂട്ടുനില്‍ക്കുന്ന ചരിത്രവുമില്ല. മാണിക്കു വേണ്ടി സഭയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കേണ്ട കാര്യമെന്തെന്നതാണു ചോദ്യം. ഇവിടെയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ ഇറങ്ങിപ്പോക്കിലെ രാഷ്ട്രീയം പ്രസക്തമാവുന്നത്. കോണ്‍ഗ്രസ്സിന്റെ നയനിലപാടുകളോട് കാലിഞ്ച് വിപ്രതിപത്തി മാണിയുടെ കക്ഷിക്കില്ല. അതിനോടു ചേര്‍ന്നുനിന്നു മല്‍സരിച്ച വകയില്‍ ലാഭം മാത്രമാണുണ്ടായതും. അതേസമയം, നഷ്ടമുണ്ടായതൊക്കെ കോണ്‍ഗ്രസ്സിന്. അധികാരം നഷ്ടപ്പെട്ടതോടെ കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന കോലാഹലത്തില്‍ രണ്ടേരണ്ട് അജണ്ടകളാണു പ്രകടമാവുന്നത്. ഒന്ന്, മാണിയെ കോഴക്കേസില്‍ നിന്നൂരുക. അതിനു വേണ്ടി ഇത് കോഴക്കേസല്ല, കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണെന്നു വരുത്തുക. രണ്ട്, കറപുരണ്ട ഒറ്റ നേതാവിന്‍ കീഴില്‍ ഏറെക്കാലം പാര്‍ട്ടിക്ക് മുമ്പോട്ടുപോവാനാവില്ല. വിശേഷിച്ചും അധികാരമില്ലാത്ത വേളയില്‍. ഒന്നുകില്‍ നേതാവിനെ ചുമന്നുമാറ്റണം. അല്ലെങ്കില്‍ പ്രതിച്ഛായ മിനുക്കിയെടുക്കണം. ഇപ്പറഞ്ഞ രണ്ട് അജണ്ടകളുടെയും വേര് ഒരേ സ്രോതസ്സിലാണ്- മാണിയുടെ വ്യക്തിപരമായ ആവശ്യം. അഥവാ കേരളാ കോണ്‍ഗ്രസ് മുന്നണി വിടുന്നതില്‍ രാഷ്ട്രീയമായി ഒന്നുമില്ല. ഇതല്ലേ ചരിത്രപരമായിത്തന്നെ ഈ കക്ഷി ചെയ്തുപോന്നിട്ടുള്ളതും? ഉദാഹരണത്തിന്, 2011ല്‍ പി ജെ ജോസഫ് ഇടതുമുന്നണി വിട്ടതില്‍ വല്ല രാഷ്ട്രീയ കാരണവും ഉണ്ടായിരുന്നോ? അതിനും ഏറെ മുമ്പ് മാണികോണ്‍ഗ്രസ്സില്‍ നിന്നു പിളര്‍ന്നുമാറാന്‍ ജോസഫ് പറഞ്ഞ ഏതൊരു കാരണമാണ് 2011ലെ ലയനത്തലേന്ന് പരിഹരിക്കപ്പെട്ടത്? ഏതുവിധേനയും അധികാരത്തിന്റെ അപ്പക്കഷണം പങ്കിടാനുള്ള അവസരമൊപ്പിക്കുക. ജനവിഭാഗങ്ങള്‍ക്ക് അപ്പക്കഷണത്തില്‍ വീതം തരപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. അതാണു പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഉദ്ദിഷ്ട ലക്ഷ്യം തന്നെ. എന്നാല്‍, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തില്‍ വ്യക്തിഗത അജണ്ടകളും സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ സ്ഥാപിത താല്‍പര്യങ്ങളും മാറ്റുരയ്ക്കുമ്പോള്‍ അവര്‍ പ്രാതിനിധ്യം അവകാശപ്പെടുന്ന ജനവിഭാഗങ്ങള്‍ ഗോപി വരയ്ക്കുന്നു. മൂന്നരപ്പതിറ്റാണ്ടിലൂടെ അസ്ഥിയും പേശിയും വീര്‍പ്പിച്ച ഇടത്, വലത്, മധ്യ മുന്നണിരാഷ്ട്രീയം ഇതേ സമയം ആര്‍ജിച്ച ക്ഷയരോഗമാണു നീക്കുപോക്കുകളിലെ രാഷ്ട്രീയമില്ലായ്മ. ടി ക്ഷയരോഗത്തിന്റെ ചുമയും കഫക്കെട്ടുമാണ് മാണിയുടെ പുതിയ പ്രകടനങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss