|    Jan 23 Mon, 2017 6:04 am
FLASH NEWS

അരമനകള്‍ വാഴും കാലം

Published : 27th March 2016 | Posted By: RKN

എസ് നിസാര്‍

കര്‍ഷകപ്രേമമാണ് കേരളാ കോണ്‍ഗ്രസ്സുകളുടെ അടിസ്ഥാന സ്വഭാവം. വളരുന്തോറും പിളര്‍ന്നും പിളരുന്തോറും വളര്‍ന്നും തക്കംനോക്കി ഇടതും വലതുമൊക്കെ മാറിച്ചവിട്ടിയും കര്‍ഷകരോടുള്ള സ്‌നേഹം ഇവര്‍ തെളിയിച്ചുകൊണ്ടേയിരിക്കും. കര്‍ഷകരില്‍ തന്നെ കിഴക്കന്‍ മലയോരമേഖലയില്‍ ഉള്ളവരോടാണ് ഇക്കൂട്ടര്‍ക്ക് കൂടുതല്‍ താല്‍പര്യം; കാടും മലയും വെട്ടിപ്പിടിച്ച്, കാട്ടുമൃഗങ്ങളോട് മല്ലിട്ട് മണ്ണില്‍ പൊന്നുവിളയിച്ചവരും അവരുടെ പിന്‍തലമുറയും. വ്യക്തമായി പറഞ്ഞാല്‍ പത്തരമാറ്റ് കുടിയേറ്റ കര്‍ഷകര്‍. ഇവരില്‍ സിംഹഭാഗവും കേരളത്തിലെ ക്രിസ്ത്യന്‍ സഭാവിശ്വാസികളായിപ്പോയത് തികച്ചും യാദൃച്ഛികമാണെന്നു കരുതാം. എന്തായാലും കേരളാ കോണ്‍ഗ്രസ്സുകള്‍ക്ക് മലയോര കര്‍ഷകരോടുള്ള കടുത്ത പ്രേമം കേരളത്തിലെ മറ്റു മേഖലയിലെ അധ്വാനവര്‍ഗത്തോട് തോന്നിയിട്ടില്ലെന്നതു യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് റബറിനും ഏലത്തിനും കുരുമുളകിനും വിലയിടിയുമ്പോഴുള്ള വേദനയും പ്രതിഷേധവുമൊന്നും കശുവണ്ടിമേഖലയിലും മല്‍സ്യബന്ധനമേഖലയിലും മറ്റും പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ കാണാത്തത്. ഇതും ഒരുപക്ഷേ യാദൃച്ഛികമാവാം. കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പേരില്‍ മലയോരമേഖല ഇളക്കിമറിച്ചവരെ മീനാകുമാരി കമ്മീഷന്‍ റിപോര്‍ട്ടിന്റെ പേരില്‍ തീരദേശത്തിന്റെ ഏഴയലത്തുപോലും കണ്ടില്ലെന്നതും യാദൃച്ഛികമായി സംഭവിക്കുന്നതാവാനേ തരമുള്ളു. ഏതായാലും കെ എം ജോര്‍ജിന്റെയും ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും നേതൃത്വത്തില്‍ രൂപംകൊണ്ട ഈ അധ്വാനവര്‍ഗപ്രസ്ഥാനം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍, ബ്രാക്കറ്റുകളില്‍നിന്ന് ബ്രാക്കറ്റുകളിലേക്കു വളര്‍ന്ന്, പിളര്‍ന്ന്, പടര്‍ന്നുപന്തലിച്ചങ്ങനെ നില്‍ക്കുകയാണ്. ഇന്നിപ്പോള്‍ കേരളത്തില്‍ എങ്ങോട്ടുതിരിഞ്ഞാലും ഏതെങ്കിലുമൊരു കേരളാ കോണ്‍ഗ്രസ്സിനെ മുട്ടാതെ നടക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാവുകയും സീറ്റ് വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും ഒക്കെ ചൂടുപിടിക്കുകയും ചെയ്തതോടെ മുന്നണികളും ആകെ ആശയക്കുഴപ്പത്തിലാണ്. ആരെ കൊള്ളണം, ആരെ തള്ളണം എന്നതാണ് പ്രധാന പ്രശ്‌നം. ആരെയും ഒറ്റയടിക്കങ്ങ്് തള്ളാന്‍ കഴിയില്ല. ബ്രാക്കറ്റ് കക്ഷികളുടെ പിന്നിലെ അണികളുടെ ബാഹുല്യം കണ്ടിട്ടാണ് ഇതെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി. മറിച്ച് ബ്രാക്കറ്റിനുള്ളിലെ അക്ഷരം ഏതായാലും അവരെല്ലാം സഭയിലെ കുഞ്ഞാടുകളാണ് എന്ന വളരെ കൃത്യമായ ബോധം തന്നെയാണ് ഒരു മുന്നണി വിട്ടാല്‍ മറ്റൊരു മുന്നണിയിലേക്കുള്ള ഇവരുടെ പാത സുഗമമാക്കുന്നത്. മലയോര കര്‍ഷകരില്‍ ഭൂരിഭാഗവും ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരായതുകൊണ്ടുതന്നെ അവരെ നയിക്കുന്ന പാര്‍ട്ടിക്കാരും ക്രൈസ്തവസഭകള്‍ക്ക് പ്രിയപ്പെട്ടവരാകുന്നതും യാദൃച്ഛികമാണ്. അതിനാല്‍ കര്‍ഷകപ്പാര്‍ട്ടിക്കാര്‍ക്കു വേണ്ടി സഭാനേതൃത്വം കാണിക്കുന്ന താല്‍പര്യം കണ്ടില്ലെന്നു നടിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും അത്ര പെട്ടെന്നു കഴിയില്ല. എത്ര പിളര്‍ന്നാലും മുറിഞ്ഞാലും കേരളാ കോണ്‍ഗ്രസ്സുകള്‍ എക്കാലവും എല്ലാ മുന്നണികള്‍ക്കും പ്രിയപ്പെട്ടവരാവുന്നതിനു പിന്നിലെ രാഷ്ട്രീയവും മറ്റൊന്നല്ല. പിളരുന്നതിനു തൊട്ടുതലേന്നു വരെ ഇവര്‍ പറഞ്ഞുകൊണ്ടിരുന്നതെന്ത്, കൂട്ടുകൂടിയിരുന്നത് ആര്‍ക്കൊപ്പം എന്നതൊന്നും ഇത്തരം ചുവടുമാറ്റങ്ങള്‍ക്കു തടസ്സമേയല്ല. ആരുടെ മുമ്പിലും അഗ്നിശുദ്ധിവരുത്തി മതനിരപേക്ഷതയും ജനാധിപത്യബോധവും അംഗബലവും ഒന്നും തെളിയിക്കുകയും വേണ്ട. അത്തരം കടമ്പകളൊക്കെ ഐഎന്‍എല്ലിനെ പോലെയുള്ള ചില പ്രത്യേക വിഭാഗക്കാര്‍ക്കു വേണ്ടി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. അവരാവട്ടെ പതിറ്റാണ്ടുകളായി മുന്നണി പ്രവേശനത്തിനായി എകെജി സെന്ററിന്റെ പരിസരത്ത് കാത്തുകെട്ടിക്കിടക്കുന്നുമുണ്ട്. ഇനി തിരഞ്ഞെടുപ്പിലെങ്ങാനും പരാജയപ്പെട്ടാലോ? കേരളാ കോണ്‍ഗ്രസ്സുകാരെ കൂടെ കൂട്ടിയതിന്റെ പേരിലോ വേദി പങ്കിട്ടതിന്റെ പേരിലോ എന്തെങ്കിലും നഷ്ടം സംഭവിച്ചതായി വിലയിരുത്തപ്പെടുകയുമില്ല. അത്തരം പാപഭാരം ചുമത്തിക്കൊടുക്കലൊക്കെ അബ്ദുന്നാസിര്‍ മഅ്ദനിയെ പോലുള്ളവര്‍ക്കാവും കൂടുതല്‍ ചേരുക. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കുവേണ്ടി നിയമത്തിന്റെയും കോടതി നടപടികളുടെയും തലനാരിഴകീറി ധീരോദാത്തം പോരാടിയ ആന്റണി രാജു ഇരുട്ടിവെളുത്തപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം എകെജി സെന്ററില്‍നിന്ന് വെളുക്കെ ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്നതു കണ്ടിട്ട് കേരളത്തില്‍ ആരും പ്രത്യേകിച്ച് ഞെട്ടലൊന്നും രേഖപ്പെടുത്തിയതുമില്ല. ഏഴ് സീറ്റാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ചോദിക്കുന്നത്. നാലെണ്ണമെങ്കിലും കൊടുത്തില്ലെങ്കില്‍ അവര്‍ക്ക് എന്തുതോന്നുമെന്ന മട്ടിലാണ് എല്‍ഡിഎഫിലെ ചര്‍ച്ച. പിന്നെയുള്ളത് മുന്നണി പ്രവേശനം. തിരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞാല്‍ ഉടന്‍ അതും ഉണ്ടാവുമെന്നു കരുതാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പി ജെ ജോസഫിനൊപ്പം ഇവരെല്ലാംകൂടി മറുകണ്ടം ചാടിയത് എന്തിനെന്ന സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍, അതൊക്കെ പരസ്പരം ചോദിച്ച് ദൂരീകരിക്കുക. നേരത്തേ തന്നെ സ്‌കറിയ തോമസ്, ബാലകൃഷ്ണപ്പിള്ള, പി സി ജോര്‍ജ് തുടങ്ങി കാല്‍ഡസന്‍ കേരളാ കോണ്‍ഗ്രസ്സുകള്‍ ഇടതുമുന്നണിക്കുള്ളിലും പുറത്തുമായി നില്‍പ്പുണ്ട്. ഇവരെ കൂടാതെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കൂടി ഒപ്പം കൂടിയത്. ഉള്ള സീറ്റ് മുന്നണിക്കുള്ളിലുള്ളവര്‍ക്കു തന്നെ നല്‍കുന്നതില്‍ കടിപിടികൂടുന്നതിനിടെയാണ് ഇത്തരം വരുത്തുപോക്കുകള്‍ അരങ്ങുതകര്‍ക്കുന്നത്. എന്നിട്ടും പ്രത്യേകിച്ച് വിമ്മിഷ്ടമൊന്നും കൂടാതെ വന്നവരെ ഇരുകൈയും നീട്ടിയങ്ങ് സ്വീകരിച്ചു. കാരണം, മറ്റു മൂന്നു വിഭാഗങ്ങളെയും അപേക്ഷിച്ച് സഭാ താല്‍പര്യവും സഭയുടെ താല്‍പര്യവും ചേരുംപടി ചേര്‍ന്നുനില്‍ക്കുന്നത് ഫ്രാന്‍സിസിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിലാണ് എന്നതുതന്നെ. അറ്റകൈക്ക് പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ വെട്ടി കാഞ്ഞിരപ്പള്ളി മെത്രാന്റെ ഇഷ്ടക്കാരനെ പ്രതിഷ്ഠിക്കാന്‍ കോടിയേരിയും കൂട്ടരും വെമ്പല്‍കൊള്ളുന്നത്് വെറുതെയല്ല. പണ്ട് മാണി കോണ്‍ഗ്രസ് വിട്ട് ഐഎഫ്ഡിപി രൂപീകരിച്ച പി സി തോമസ് എന്‍ഡിഎ മന്ത്രിസഭയില്‍ അംഗമായിരുന്നതും ബിജെപിക്കു വേണ്ടി പാര്‍ലമെന്റില്‍ കൈപൊക്കിയതും ഒന്നും പിന്നീട് അദ്ദേഹത്തെ എല്‍ഡിഎഫിലേക്ക് സ്വീകരിച്ചാനയിക്കുന്നതിന് അയോഗ്യതയായി തോന്നിയതേയില്ല. ഇപ്പോള്‍ സ്‌കറിയ തോമസുമായി തെറ്റിപ്പിരിഞ്ഞ പി സി തോമസ് വീണ്ടും ബിജെപി പാളയത്തിലേക്കെത്തിയിട്ടും പണ്ട് ചെയ്തതിനെക്കുറിച്ച് ഒരു കുറ്റബോധവും ഇടത്, മതേതര നേതാക്കളുടെ മുഖത്ത് കാണുന്നില്ല. സൂക്ഷിച്ചുനോക്കിയാല്‍ ചിലപ്പോള്‍ പി സി തോമസിന്റെ മുഖത്തു വരെ ഒരുതരം ചമ്മല്‍ കണ്ടേക്കാം. കേരളത്തിലെ സഭാനേതൃത്വത്തിന്റെ കരുത്ത് അതാണ്. അരമനയില്‍ ഇരുന്ന് പട്ടക്കാര്‍ ഒന്ന് ആഞ്ഞുമൂളിയാല്‍ പിന്നെ, വന്നുകയറുന്നവന്റെ പേരിലോ നാളിലോ ജാതകത്തിലോ ഒന്നും ഒരു സംശയവും ഉണ്ടാവില്ല. പിളര്‍ന്നുമാറുന്നവര്‍ക്കാവട്ടെ അഷ്ടമത്തില്‍ ശുക്രനുമായിരിക്കും. സഭാനേതൃത്വത്തിന്റെ ഇത്തരം താല്‍പര്യങ്ങള്‍ കേരളാ കോണ്‍ഗ്രസ്സില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പേരില്‍ ഇടുക്കിയിലും മലയോര വികസന സമിതിയുടെ പേരില്‍ തിരുവമ്പാടിയിലും സഭാ സെക്രട്ടറിയുടെ ഭാര്യയുടെ രൂപത്തില്‍ ആറന്മുളയിലുമൊക്കെ പല നാടുകളില്‍, പല വേഷത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. അരമനകള്‍ വഴി എത്തുന്ന ഇത്തരം ശുപാര്‍ശകളാവട്ടെ, ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന്റെ ഗണത്തില്‍പ്പെടുകയുമില്ല.                                  ഹ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക