|    Aug 23 Wed, 2017 7:13 pm
FLASH NEWS

അരനൂറ്റാണ്ട് പഴക്കമുള്ള രണ്ട് ശാഖകളടക്കം എസ് ബിടിയുടെ മൂന്ന് ശാഖകള്‍ പൂട്ടുന്നു

Published : 7th August 2017 | Posted By: fsq

 

ഒലവക്കോട്: എസ്ബിടി, എസ്ബിഐ ലയനത്തിന്റെ ഭാഗമായി ജില്ലയില്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്ന എട്ട് എസ്ബിടി ശാഖകളില്‍  മൂന്നെണ്ണം പൂട്ടാനൊരുങ്ങുന്നു. ചന്ദ്രനഗര്‍, കല്‍പാത്തി, കൊടുവായൂര്‍ എന്നിവിടങ്ങളിലെ ശാഖകളാണ് പൂട്ടുന്നത്. ആഗസ്ത് 28 ഓടെയാണ് ഇത് നടപ്പാക്കുക. പൂട്ടുന്നത് സംബന്ധിച്ച്  മൂന്ന് ശാഖകള്‍ക്കും നോട്ടീസ് ലഭിച്ചു. നിലവിലെ നിര്‍ദേശപ്രകാരം ചന്ദ്രനഗര്‍ ശാഖ മൂന്നു കിലോമീറ്റര്‍  അകലെയുള്ള മരുതറോഡ് എസ്ബിടി ശാഖയുമായി ലയിപ്പിക്കും. ആദ്യത്തെ നിര്‍ദേശപ്രകാരം മരുതറോഡ്  ശാഖയാണ് മാറ്റാനിരുന്നത്. ഇതിന്  വിഭിന്നമായി ചന്ദ്രനഗര്‍  ശാഖ മരുതറോഡ് എസ്ബിഐയിലേക്ക് മാറ്റാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. 1961ലാണ് എസ്ബിടി ചന്ദ്രനഗര്‍ ശാഖ തുടങ്ങുന്നത്. പാലക്കാട് മെയിന്‍ ബ്രാഞ്ചിന് ശേഷം തുടങ്ങിയ ശാഖയാണിത്. കഞ്ചിക്കോട് വ്യവസായമേഖലയ്ക്ക് അടുത്തുള്ള ശാഖയായതിനാല്‍ പന്ത്രണ്ടായിരത്തിലധികം ഇടപാടുകാരാണ് ഈ ശാഖയിലുള്ളത്. 123 കോടി രൂപയാണ് ചന്ദ്രനഗര്‍ ശാഖയുടെ ധനാഗമം. (ടേണ്‍ഓവര്‍) ഈ ശാഖ ഇടപാടുകാരുടെ സൗകര്യാര്‍ഥം മണപ്പുള്ളിക്കാവിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്ന് ജീവനക്കാരടക്കം ആവശ്യപ്പെടുന്നുണ്ട്. 1960 കളില്‍ തുടങ്ങിയ കൊടുവായൂര്‍ ശാഖയും പൂട്ടാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കൊടുവായൂര്‍ ആല്‍ത്തറ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖ ആഗസ്ത് 28 മുതല്‍ പുതുനഗരം റോഡില്‍  മികച്ച സൗകര്യമുള്ളിടത്തേക്ക് മാറ്റുമെന്നാണ് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പില്‍ പറയുന്നതെങ്കിലും ഇത് പുതുനഗരത്തുള്ള എസ്ബിഐ ശാഖയുമായി ലയിപ്പിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. 150 കോടിയോളം രൂപയുടെ ഇടപാട് നടക്കുന്ന ശാഖയാണ് പുതുനഗരം. കല്‍പാത്തിയിലെ എസ്ബിടി ശാഖ പൂട്ടുന്നതോടെ ഈ പ്രദേശത്ത്  എസ്ബിടിയുടെ  ഒരു ശാഖപോലുമുണ്ടാവില്ല. 4 വര്‍ഷം മുമ്പ് തുടങ്ങിയതാണ് കല്‍പാത്തിയിലെ എസ്ബിടി ശാഖ. ഈ കാലയളവിനകം 30 കോടിയിലധികം ധനാഗമമുള്ള ശാഖയായി മാറിയിരുന്നു ഇത്. ഈ ശാഖ മാസങ്ങള്‍ക്കു മുമ്പ് മലമ്പുഴ നൂറടി റോഡില്‍ തുടങ്ങിയ എസ്ബിഐ ശേഖരീപുരം ശാഖയില്‍ ലയിപ്പിക്കാനാണ് നിര്‍ദേശം. കൂട്ടത്തില്‍ ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, ആലത്തൂര്‍ ശാഖകള്‍ അടച്ചുപൂട്ടുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നതിനാല്‍ ഇത് നടപ്പായിട്ടില്ല. കൊല്ലങ്കോട്, നെന്മാറ ശാഖകളും അടച്ചുപൂട്ടുന്ന പട്ടികയിലുണ്ട്. മൂന്ന് ശാഖകള്‍ക്ക് അടച്ചുപൂട്ടല്‍ നിര്‍ദേശം വന്നെങ്കിലും ലോക്കര്‍ സംവിധാനം മാറ്റുന്നതിനെക്കുറിച്ചോ ജീവനക്കാരുടെ പുനര്‍വിന്യാസത്തെക്കുറിച്ചോ ഇതുവരെ  നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല. മിക്ക ശാഖകളിലും ആവശ്യത്തിന് ജീവനക്കാരുള്ളതിനാല്‍ സ്ഥലം മാറ്റമുണ്ടാവാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക