|    Dec 12 Wed, 2018 8:50 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അരനൂറ്റാണ്ടായിട്ടും സിപിഐ നോട്ടീസ് സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു

Published : 13th March 2018 | Posted By: kasim kzm

കണ്ണൂര്‍: കേരള ചരിത്രത്തിലെ കറുത്ത അടയാളമായി രേഖപ്പെടുത്തിയ തലശ്ശേരി വര്‍ഗീയകലാപം നടന്നിട്ട് 47 വര്‍ഷം പൂര്‍ത്തിയാകവെ സിപിഎമ്മിന്റെ ന്യൂനപക്ഷ സംരക്ഷണം സംബന്ധിച്ച നിലപാടിലെ വൈരുധ്യം വീണ്ടും ചര്‍ച്ചയാവുന്നു. ആര്‍എസ്എസാണ് കലാപത്തിനു തിരികൊളുത്തിയതെങ്കിലും മുസ്‌ലിംകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി രാഷ്ട്രീയപരമായി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ലഹളയെ സിപിഎം ഉപയോഗപ്പെടുത്തിയെന്ന വിമര്‍ശനം ശക്തമാണ്. ഇക്കാര്യം കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജോസഫ് വിതയത്തി ല്‍ കമ്മീഷനും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാലിപ്പോള്‍ യൂത്ത് കോ ണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ശുഹൈബ് വധത്തില്‍ കെ സുധാകരന്റെ ആരോപണത്തിനു പിന്നാലെ, സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നത് ‘നേതൃത്വം ആരുടേത്, പിണറായി വിജയന്‍ മറുപടി പറയുമോ’ എന്ന തലക്കെട്ടില്‍ 1972ല്‍ സിപിഐ പുറത്തിറക്കിയ നോട്ടീസാണ്. ഇത് സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കാ ന്‍ തുടങ്ങിയതോടെ ന്യൂനപക്ഷ സംരക്ഷകരെന്ന സിപിഎമ്മിന്റെ അവകാശവാദം വീണ്ടും വിചാരണ ചെയ്യപ്പെടുകയാണ്.
സിപിഐ വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി പ്രസിദ്ധീകരിച്ച നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഉമ്മന്‍ചിറയില്‍ പള്ളിയും വീടുകളും കത്തിക്കുകയും കൊള്ള നടത്തുകയും ചെയ്തു. കലാപത്തിന്റെ ആസൂത്രകരും കൊള്ള മുതല്‍ പങ്കുവച്ചവരും ആരായിരുന്നുവെന്നു നോട്ടീസ് ചോദിക്കുന്നു. ഉമ്മന്‍ചിറ പ്രദേശം വലതന്‍മാരുടെ സ്വാധീനമുള്ള പ്രദേശമാണെന്ന് ഈ പ്രദേശം കൂടി അടങ്ങിയ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായ വിജയനും ഇ കെ നായനാരും ആവര്‍ത്തിച്ചു പറയുന്നുണ്ടല്ലോ, ആ യാഥാര്‍ഥ്യം ഞങ്ങള്‍ സമ്മതിക്കുന്നു. അങ്ങനെ ആവര്‍ത്തിക്കുന്നതിന്റെ ഉദ്ദേശ്യം കൂടി മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ വിജയനോട് ചിലത് ചോദിക്കട്ടെ എന്നു സൂചിപ്പിച്ച് അഞ്ചു ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് നോട്ടീസില്‍.
ഒന്നാം ചോദ്യം ഇങ്ങനെ: ആലിയമ്പത്ത് മമ്മൂട്ടിയുടെ പീടികയില്‍ നിന്നും കോമത്ത് മമ്മൂക്കയുടെ പീടികയില്‍ നിന്നും നട്ടുച്ചയ്ക്ക് അരി, പഞ്ചസാര, സോപ്പ് മുതലായവ കൊള്ളയടിച്ചു. ആറാംദിവസം നിങ്ങള്‍ക്ക് കിട്ടിയ അരിയും മറ്റും തീര്‍ന്നുപോയോ എന്നു വിജയന്റെ പാര്‍ട്ടിയില്‍പ്പെട്ട പ്രമുഖ നേതാവിനോട് അതേ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകന്‍ തോട്ടുമ്മല്‍ ബസാറില്‍ വച്ച് പരസ്യമായി ചോദിച്ചത് വിജയന്‍ മറന്നുപോയോ?
2. കൊള്ളയ്ക്കും കൊള്ളിവയ്പിനും ഇരയായ പാവപ്പെട്ട മുസ്‌ലിംകളുടെ കണ്ണീരൊപ്പാനെന്ന വ്യാജേന വിജയനോടൊപ്പം ചുറ്റിനടക്കുന്നവര്‍ തലേദിവസം കൊള്ളയടിച്ച സോപ്പ് കൊണ്ട് വെളുപ്പിച്ച വസ്ത്രം ധരിച്ചവരും കൊള്ളയടിച്ച അരിയുടെ ചോറ് വയറുനിറയെ തിന്നവരും ആയിരുന്നു എന്നത് വിജയന്‍ മറന്നുപോയോ?
3. പള്ളി തീ വച്ച് നശിപ്പിക്കാ ന്‍ കഴിയാത്തതിനാല്‍ ചുവര്‍ തകര്‍ക്കാന്‍ വീട്ടില്‍ നിന്ന് ഡൈനാമിറ്റ് കൊണ്ടുവന്ന പ്രവര്‍ത്തകനെ വിജയന്‍ മറന്നുപോയോ? ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍.
1971 ഡിസംബര്‍ 30, 31, 1972 ജനുവരി 1, 2 തിയ്യതികളിലാണ് തലശ്ശേരി നഗരത്തെയും പരിസര പഞ്ചായത്തുകളെയും ചാമ്പലാക്കിയ കലാപം അരങ്ങേറിയത്. ഡിസംബര്‍ 30ന് രാത്രിയായിരുന്നു ആസൂത്രിതമായ ലഹളയുടെതുടക്കം. ഒവി റോഡിലെ നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള കലശ ഘോഷയാത്രയ്ക്കു നേരെ ചെരിപ്പേറുണ്ടായെന്ന കള്ളക്കഥ പരന്നു. ഇതോടെ ന്യൂനപക്ഷ സമുദായക്കാരുടെ വീടുകളും കടകളും പള്ളികളും മദ്‌റസകളും തിരഞ്ഞുപിടിച്ച് ആക്രമിച്ചു. കൊള്ളയും കൊള്ളിവയ്പുമുണ്ടായി.
തലശ്ശേരി നഗരത്തില്‍ മാത്രമല്ല, പരിസരപ്രദേശങ്ങളിലും കലാപത്തിന്റെ പ്രതിധ്വനികളുണ്ടായി. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നു കലാപം രൂക്ഷമായത്. കോടിയേരി, പിണറായി, കതിരൂര്‍, എരഞ്ഞോളി, പാറപ്പുറം, തട്ടാരി പ്രദേശങ്ങളിലെ മുസ്‌ലിം സഖാക്കളും ആക്രമിക്കപ്പെട്ടു. പ്രാണരക്ഷാര്‍ഥം മുസ്‌ലിം കുടുംബങ്ങള്‍ അടുത്ത പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് പലായനം ചെയ്തു. കലാപത്തില്‍ പിണറായി പാറപ്രത്തെ പള്ളികള്‍ തകര്‍ക്കപ്പെട്ട കേസില്‍ പിണറായി വിജയന്റെ മൂത്ത സഹോദരന്‍ കുമാരന്‍ പ്രതിയായിരുന്നു. തലശ്ശേരി കലാപത്തിനു ശേഷം വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും മാടായി, എട്ടിക്കുളം, പന്നിയൂര്‍, നാദാപുരം, പരിയാരം എന്നിവിടങ്ങളിലും ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന്റെ അക്രമത്തിനിരയായി. കള്ളുഷാപ്പ് പരിസരത്തു വച്ചുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്നാണു സഖാവ് യു കെ കുഞ്ഞിരാമന്‍ വെട്ടേറ്റു മരിച്ചതെന്നും മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്നതിന്റെ പേരില്‍ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടുവെന്ന സിപിഎം പ്രചാരണം ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss