|    Jul 23 Sun, 2017 12:31 am
FLASH NEWS

അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 18th October 2016 | Posted By: Abbasali tf

കൊച്ചി: യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍. മുളവുകാട് സ്വദേശി പോത്തടി വീട്ടില്‍ റിബിന്‍ പീറ്റര്‍(19)നെയാണ് അരകിലോയോളം കഞ്ചാവുമായി മുളവുകാട് പോലിസ് അറസ്റ്റു ചെയ്തത്. കമ്പം, തേനി ഭാഗത്തുനിന്നാണ് ഇയാള്‍ സ്ഥിരമായി കഞ്ചാവ് വാങ്ങിക്കുന്നത്. കൊച്ചിയില്‍നിന്നും രാത്രിയിലുള്ള ദീര്‍ഘദൂര ബസ്സില്‍ കയറി പുലര്‍ച്ചെ അവിടെ ചെല്ലും. അവിടെ ഇടപാടുകാര്‍ നില്‍ക്കുന്നുണ്ടാവും. അവരുടെ കൈയില്‍ പണം കൊടുത്തുവിട്ടാല്‍ അര മണിക്കൂര്‍ കഴിയുമ്പോള്‍ കഞ്ചാവുമായി ആള്‍ വരും. പണം വാങ്ങിച്ചയാള്‍ പിന്നീട് വരില്ല. സ്ത്രീകളും കഞ്ചാവ് കൈമാറാന്‍ വരാറുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. നഗരത്തിലെ സ്‌കൂളുകളിലെ കുട്ടികളുള്‍പെടെ കഞ്ചാവ് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇയാളുടെ ഫോണ്‍ നമ്പര്‍ പരിചിതമാണ്. ആവശ്യക്കാര്‍ ഫോണില്‍ വിളിക്കുമ്പോള്‍ എവിടെ വരണമെന്ന് ഇയാള്‍ നിര്‍ദേശിക്കും. പത്തുഗ്രാം തൂക്കമുള്ള ചെറിയ പാക്കറ്റുകള്‍ 500 രൂപയ്ക്കാണ് ഇയാള്‍ വില്‍ക്കുന്നത്. തന്റെ കൈവശമുള്ള സ്‌റ്റോക്ക് തീരുന്നമുറയ്ക്ക് ഇയാള്‍ തേനിയില്‍ പോയി വീണ്ടും കഞ്ചാവുമായി തിരികെയെത്തും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാള്‍ ഇത് തുടരുകയായിരുന്നു. കൊച്ചിയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് ഡിസിപി അരുള്‍ ആര്‍ കൃഷ്ണയുടെ നിര്‍ദേശാനുസരണം എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ സിഐ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് തന്നെ സിറ്റിയില്‍ രൂപീകരിച്ചിട്ടുണ്ട്. മുളവുകാട് പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു, സിപിഒമാരായ ഷിഹാബ്, സനീഷ്, രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക