|    Dec 18 Tue, 2018 1:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണം; നിര്‍ദേശങ്ങളുമായി മനുഷ്യാവകാശ കമ്മീഷന്‍

Published : 19th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ദേവസ്വം കമ്മീഷണര്‍, സംസ്ഥാന പോലിസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പരാതികള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദ്ദേശിച്ചു.
ഇപ്പോള്‍ നടക്കുന്നത് ഗുരുതര മനുഷ്യാവകാശലംഘനമാണെന്നാണു പരാതിയെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. അടിയന്തര നടപടികള്‍ സ്വീകരിച്ചശേഷം ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. പൊതുപ്രവര്‍ത്തകനായ സലീം മടവൂര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി. അയ്യപ്പഭക്തര്‍ക്ക് ശുചിമുറിപോലും നിഷേധിക്കുന്നതായി പരാതിയില്‍ പറയുന്നു.
ഉള്ള ശുചിമുറികളില്‍ വെള്ളം നിഷേധിക്കുന്നതിനാല്‍ പമ്പാനദി മലിനമാവാന്‍ ഇടയാവുന്നു. മനുഷ്യവിസര്‍ജ്യങ്ങള്‍ പമ്പാനദിയില്‍ ഒഴുകിനടക്കുന്ന സാഹചര്യവുമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
പമ്പയിലും സന്നിധാനത്തും ജോലിചെയ്യുന്ന പോലിസുകാര്‍ക്കുപോലും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഇതരസംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ അടിസ്ഥാനസൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂര്‍, നിലയ്ക്കല്‍ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരാതികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറുമായി ആലോചിച്ചശേഷം ശബരിമല സന്ദര്‍ശിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്നും പി മോഹനദാസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss