|    Apr 23 Mon, 2018 9:40 am
Home   >  Editpage  >  Article  >  

അയ്യപ്പനെയും ബാവരെയും മറന്ന മലയാളികള്‍

Published : 1st October 2016 | Posted By: SMR

കേരളം പല കാര്യങ്ങളിലും ഇന്ത്യക്കും ലോകത്തിനും ഒരു നല്ല മാതൃകയാണ്. അതില്‍ ഏറ്റവും അഭിമാനത്തോടെ നമുക്ക് മുന്നോട്ടുവയ്ക്കാന്‍ കഴിയുന്ന ഒന്നാണ് നമ്മുടെ സെക്കുലര്‍ മതസൗഹാര്‍ദ സ്വഭാവം. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഇസ്‌ലാമിക പള്ളികളില്‍ ഒന്ന് നമ്മുടെ നാട്ടിലാണ്. ഏറ്റവും ആദ്യത്തെ ക്രിസ്തീയസഭകളില്‍ ഒന്ന് കേരളത്തിലാണ്. ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ വളരെ സഹോദര്യത്തോടുകൂടി കഴിയുന്ന ഒരു നാടാണിത്.
ചേരമാന്‍ രാജാവ് മക്കത്തു പോയി പ്രവാചകന്‍ മുഹമ്മദ് നബിയെ നേരിട്ടു കണ്ട് അദ്ദേഹത്തിന്റെ ആത്മീയപാത സ്വീകരിച്ചത് ചരിത്രമാണ്. ചേരമാന്‍ രാജാവ് കഴിഞ്ഞാല്‍ ഒരുപക്ഷേ, ചരിത്രത്തില്‍ ഏറ്റവും സ്ഥാനം ഉണ്ടാവേണ്ട വ്യക്തിയാണ് ബാവര്‍. അദ്ദേഹത്തിന്റെ നാമം ബാബര്‍ ആണ്. മലയാളീകരിച്ച് വാവര്‍ എന്നോ ബാവര്‍ എന്നോ വിളിക്കാറുമുണ്ട്. സൈദാലിയുടെയും പാത്തുമ്മയുടെയും മകനായി പിറന്ന, ചരിത്രത്തിലെ മണികണ്ഠന്റെ ഏറ്റവും അടുത്ത സുഹൃത്തായ ബാവര്‍.
ലോക മുസ്‌ലിം ജനതയ്ക്കു കൂടി അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. മുസ്‌ലിം ജനത ന്യൂനപക്ഷമായിരുന്ന കാലത്ത് ഭൂരിപക്ഷ ജനതയ്ക്കും നായകനായ ബാവര്‍. ഇസ്‌ലാമിക തത്ത്വങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ബാവരെ ആദരിക്കാന്‍ അന്നത്തെ ഹിന്ദു ജനത ഒരു മന്ദിരം നിര്‍മിച്ചപ്പോള്‍ അതില്‍ പ്രതിമയോ വിഗ്രഹമോ വച്ചില്ല. ബാവരുടെ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് അത് ശിര്‍ക് ആവും എന്ന ബോധ്യം ആ ജനതയ്ക്കുണ്ടായിരുന്നു. ഹൈന്ദവ ജനതയില്‍ വലിയഭാഗവും വിഗ്രഹാരാധനാ സമ്പ്രദായങ്ങള്‍ പിന്തുടരുമ്പോഴും ബാവരെ ആദരിക്കുന്ന എരുമേലി മന്ദിരത്തില്‍ ഒരു പ്രതിമപോലും വയ്ക്കാതെ ജനത ആദരിച്ചെങ്കില്‍, എത്രമാത്രം പരസ്പര ബഹുമാനം നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നുവെന്ന് ആലോചിക്കണം.
അയ്യപ്പഭക്തര്‍ എരുമേലി പള്ളിയെ ആദരിച്ചിട്ടാണ് ശബരിമലയ്ക്ക് പോവുന്നത്. മണികണ്ഠന്‍ ശബരിമല മറവ പടയില്‍നിന്ന് തിരിച്ചുപിടിച്ചത് ബാവരുടെ സഹായത്തോടുകൂടിയാണ്. മണികണ്ഠന്റെ നായര്‍പട്ടാളത്തോടൊപ്പം അര്‍ത്തുങ്കലെ ക്രിസ്ത്യാനിയായ വെളുത്തയുടെ സംഘടനാപാടവവും കൊച്ചു കടുത്ത, വലിയ കടുത്ത അടക്കമുള്ള ഈഴവപ്രമുഖരുടെ സഹകരണവും ആദിവാസി വിഭാഗമായ മലയരയരുടെ കാട്ടിലെ രഹസ്യ വഴികളുടെ അറിവും ഒക്കെ മണികണ്ഠനെ ശബരിമല മോചിപ്പിക്കാന്‍ സഹായിച്ചു.
ശബരിമല അടിച്ചമര്‍ത്തി ഭരിച്ചിരുന്ന ഉദയനെ തോല്‍പിക്കാന്‍ ആലങ്ങാട്ട്, അമ്പലപ്പുഴ സംഘങ്ങള്‍ക്ക് സഹകരണം നല്‍കിയത് ബാവരും അദ്ദേഹത്തിന്റെ സൈന്യവുമാണ്.  അതിന്റെ സ്മരണയിലാണ് ഇന്നും ആദരവോടെ ആ പള്ളിക്കു മുമ്പില്‍ പേട്ട തുള്ളുന്നത്. അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കാവുന്ന ഒന്നാണ് അയ്യപ്പ-ബാവര്‍ സൗഹൃദം. തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് എല്ലാ സമൂഹങ്ങളുമായി കൈകോര്‍ക്കുന്ന നല്ല സമീപനം. ഏകദേശം ഒരു 900 വര്‍ഷം മുമ്പാണ് അയ്യപ്പനും ബാവരും എന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ക്രിശേ 1100 ശേഷമായിരിക്കാനാണു സാധ്യത.
അയ്യപ്പ-ബാവര്‍ സൗഹൃദം ഇല്ലെന്നു പറയുന്നവര്‍ ഒന്നുകില്‍ തെറ്റിദ്ധാരണകൊണ്ടോ അല്ലെങ്കില്‍ ഒരു അജണ്ട വച്ചോ ആണ് പറയുന്നത്. ഓര്‍മകള്‍ ഒരു വലിയ ആയുധമാണ്. വിദ്വേഷവും വര്‍ഗീയതയും വളരുന്ന നമ്മുടെ നാട്ടില്‍ പൂര്‍വികര്‍ വലിയ മാതൃകയാണ്. ഒരുപക്ഷേ, കേരള നാടിന്റെ ചരിത്രത്തില്‍ ജീവിച്ച ഏറ്റവും ജനനായകനായ ചരിത്രപുരുഷനായ ബാവരെ നമുക്ക് സ്മരിക്കാം. അത് ഇന്നലെയെ അറിയാന്‍ വേണ്ടി മാത്രമല്ല; ഇന്നിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ്.

രാഹുല്‍ ഈശ്വര്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss