|    Jan 19 Thu, 2017 10:05 am

അയ്യങ്കാളി നവോത്ഥാന കേരളത്തിന്റെ ശില്‍പി: എം കെ മനോജ്കുമാര്‍

Published : 29th August 2016 | Posted By: SMR

ആലപ്പുഴ: മഹാത്മാ അയ്യങ്കാളി നവോത്ഥാന പോരാട്ടങ്ങളുടെ അവഗണിക്കാനാവാത്ത മാതൃകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍. അധഃസ്ഥിത ജനതയുടെ വിമോചന പോരാട്ടവും മഹാത്മാ അയ്യങ്കാളിയും എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആലപ്പുഴ വളഞ്ഞവഴിയില്‍ രോഹിത് വെമുല നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നവോത്ഥാന നായകരില്‍ പ്രഥമ ഗണനീയന്‍ മഹാത്മാ അയ്യങ്കാളിയായിരുന്നു. പക്ഷെ മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ അദ്ദേഹത്തെ മറന്നു. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഏതെങ്കിലും വ്യക്തിയുടെ പേരിടുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് പൊതു വിദ്യാഭ്യാസത്തിനുവേണ്ടി പോരാട്ടം നടത്തിയ അയ്യങ്കാളിയുടേതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് സെന്റ് ഭൂമി നല്‍കി കീഴാളനെ കോളനി വല്‍ക്കരിച്ചതാണ് ഭൂപരിഷ്‌കരണമെന്ന് കുപ്രചാരണം നടത്തുന്നവര്‍, ഏക്കറുകണക്കിന് ഭൂമി ഓരോ കര്‍ഷകനും നേടിക്കൊടുത്ത അയ്യങ്കാളിയുടെ ഭൂപരിഷ്‌കരണത്തെ തമസ്‌കരിക്കുകയാണ്. സമഗ്ര മേഖലയിലും ജനാധിപത്യ വല്‍ക്കരണം മുന്നോട്ടുവച്ച ദാര്‍ശനിക വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയിലെമ്പാടും അടിച്ചമര്‍ത്തപ്പെടുന്നവരുടെ പുതിയ പോരാട്ടം ഉയര്‍ന്ന് വരുമ്പോള്‍ ഒരു നൂറ്റാണ്ട് മുമ്പ് അയ്യങ്കാളി മുന്നോട്ടുവച്ച മാതൃക ഏറ്റെടുക്കേണ്ടതുണ്ടെന്നും മനോജ്കുമാര്‍ പറഞ്ഞു.
ബ്രാഹ്മണിസത്തിനെതിരേ ഐക്യപ്പെടാന്‍ അവര്‍ണ ജനത തയ്യാറാവണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. അതിന് അയ്യങ്കാളിയെ പിന്‍പറ്റണം. അയ്യങ്കാളിയുടെ സാധു ജനപരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ 1915 ഒക്ടോബര്‍ 24ന് പെരിനാട് നടന്ന കീഴാളന്റെ സമരമാണ് യഥാര്‍ഥ ഒക്ടോബര്‍ വിപ്ലവമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വള്ളിക്കുന്നം പ്രസാദ് (പിഡിപി ജനറല്‍ സെക്രട്ടറി), ബിജോയ് ഡേവിഡ് (അസോ. എഡിറ്റര്‍, ഓറ മാസിക), സുഭാഷ്‌കുമാര്‍ മാങ്കാങ്കുഴി (എയിംബസ് ഓര്‍ഗനൈസര്‍), എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍, എസ്ഡിറ്റിയു സംസ്ഥാന സമിതി അംഗം ടി കെ നാസര്‍, ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, വൈസ് പ്രസിഡന്റ് എ ബി ഉണ്ണി, ജനറല്‍ സെക്രട്ടറി എം സാലിം, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക