|    Oct 17 Wed, 2018 8:21 am
FLASH NEWS

അയ്യങ്കാളി ട്രോഫി വള്ളംകളി ; എബ്രഹാം മൂന്ന് തൈയ്ക്കന് ഹാട്രിക്ക് വിജയം

Published : 25th September 2017 | Posted By: fsq

 

ചവറ: കന്നേറ്റിക്കായലിന്റെ ഇരുകളിലായി തടിച്ചുകൂടിയ ജലോല്‍സവ പ്രേമികളെ ആവേശത്തിലാറാടിച്ച മഹാത്മാ അയ്യങ്കാളി ട്രോഫി ജലമേളയില്‍ വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍  കൊല്ലക യുവ സാരഥി ബോട്ട് ക്ലബ്ബിന്റെ സരിത് സദാനന്ദന്‍ ക്യാപ്റ്റനായഎബ്രഹാം മൂന്ന് തൈയ്ക്കന്‍ ജലരാജാവായി. ഇഞ്ചോടിഞ്ച് നടന്ന ഫൈനല്‍ പോരാട്ടത്തില്‍ അയ്യങ്കാളിമെമ്മോറിയല്‍ ക്ലബ്ബിന്റെ വിനോദ് ചമയം ക്യാപ്ടനായ ചിറമേല്‍ തോട്ട് കടവിനെ ഫോട്ടോ ഫിനിഷില്‍ പിന്തളളിയാണ് എബ്രഹാം മൂന്ന് തൈയ്ക്കന്‍ ഹാട്രിക്ക് കിരീടം നേടിയത്.   വെപ്പ് ബി ഗ്രേഡ്, തെക്കനോടി ,ഫൈബര്‍ ചുണ്ടന്‍,  എന്നിവയാണ് മത്സരത്തില്‍ പങ്കെടുത്തത്. മഹാത്മാ അയ്യന്‍കാളിയുടെ 1928 ലെ വടക്കുംതല സന്ദര്‍ശനത്തിന്റെ സ്മരണയിലാണ് മല്‍സര വള്ളംകളി ഒരുക്കിയത്. അന്ന് വട്ടക്കായലില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് വള്ളംകളി സംഘടിപ്പിച്ചിരുന്നു. സാധാരണ വള്ളം കളിയില്‍ നിന്നും വ്യത്യസ്തമായി ചുണ്ടന്‍ വള്ളങ്ങളെ പങ്കെടുപ്പിക്കാതെ ചെറുവളളങ്ങള്‍, അണിനിരന്ന ജലമേള സംഘാടന മികവുകൊണ്ടും, മല്‍സരാവേശം കൊണ്ടും ശ്രദ്ധേയമായി. നാലോടെ നടന്ന ജലഘോഷയാത്രയോടെയാണ് ജലമേളയ്ക്ക് തുടക്കമായത്.  തുഴത്താളത്തിന്റെ വേഗവും കരുത്തും പ്രകടമായ ജലോല്‍സവം ആരവം കൊണ്ട് കളി പ്രേമികള്‍ക്ക് ഉല്‍സവാവേശം പകര്‍ന്നു.  തെക്കനോടി വിഭാഗത്തിലെ ഫൈനല്‍ മല്‍സരത്തില്‍കൊല്ലക അയ്യങ്കാളി ബോട്ട് ക്ലബ്ബിന്റെ കെസി രാജീവ്  ക്യാപ്ടനായ ചെല്ലിക്കാടന്‍ ജേതാക്കളായി. കരുനാഗപ്പള്ളി ഐക്കം ബോട്ട് ക്ലബ്ബിന്റെ കമ്പനി വള്ളം രണ്ടാമനായി.  ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരം ശ്രദ്ധേയമായിരുന്നു. ആവേശം നിറഞ്ഞ മല്‍സരത്തില്‍  കൊല്ലക ചേകവര്‍ ബോട്ട് ക്ലബ്ബിന്റെ പീതാംബരന്‍ ക്യാപ്ടനായ മഹാദേവിക്കാട് ചുണ്ടന്‍ ജേതാവായി. തെങ്ങില്‍ റോയല്‍ ജൂനിയേഴ്‌സ് ക്ലബ്ബിന്റെ  വൈഗയാണ് രണ്ടാം സ്ഥാനം നേടിയത്. കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ജലോല്‍സവം  ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എംജെ ഉത്തമന്‍ അധ്യക്ഷത വഹിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ എംപി അയ്യന്‍കാളി സന്ദര്‍ശനത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു.  എംഎല്‍എമാരായ  എന്‍ വിജയന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍ ,  എം ശോഭന, കെ തങ്കമണി പിള്ള, കെ ജി വിശ്വംഭരന്‍, ശാലിനി രാജീവന്‍, ഇ യൂസുഫ് കുഞ്ഞ്,  പോച്ചയില്‍ നാസര്‍, റെജി പ്രഭാകരന്‍, എ.കെ. സലാഹുദ്ദീന്‍,  രമേശന്‍ കല്ലയ്യത്ത്, ബിജു വേങ്ങറ, ഹരിദാസ് കല്ലേലിഭാഗം, ജെ അനില്‍ കുമാര്‍, മണികണ്ഠന്‍ കൊണ്ടോടിയില്‍  എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഷിബു ബേബി ജോണ്‍ ട്രോഫികള്‍ സമ്മാനിച്ചു.  മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് കെപിഎംഎസ് സെക്രട്ടറിയേറ്റംഗം വി ശ്രീധരന്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss