|    Dec 19 Wed, 2018 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അയോധ്യ വീണ്ടും കത്തിക്കാനൊരുങ്ങി ആര്‍എസ്എസ്‌

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ആവശ്യമെങ്കില്‍ 1992ലെ മാതൃകയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ സുരേഷ് ഭയ്യാജി ജോഷി. രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും മുംബൈയില്‍ മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദീപാവലിക്കു മുന്നോടിയായി സുപ്രിംകോടതിയില്‍ നിന്ന് നല്ല വാര്‍ത്തയുണ്ടാവുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കേസ് ജനുവരിയിലേക്കു നീട്ടിവച്ചത് നിരാശാജനകമാണ്. എന്തുകൊണ്ടാണ് ഇത്ര ഗൗരവമുള്ള കാര്യം സുപ്രിംകോടതിയുടെ മുന്‍ഗണനയില്‍ വരാത്തതെന്നും ഭയ്യാജി ജോഷി ചോദിച്ചു.
1992ല്‍ എല്‍ കെ അഡ്വാനിയെ മുന്‍നിര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളുടെയും വര്‍ഗീയകലാപങ്ങളുടെയും തുടര്‍ച്ചയായാണ് ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
തങ്ങളുടെ മുന്‍ഗണന വ്യത്യസ്തമാണെന്നാണ് കോടതി പറയുന്നത്. ഇത് ഹിന്ദുവിന്റെ വികാരത്തെ അപമാനിക്കലാണെന്നും ഭയ്യാജി ജോഷി പറഞ്ഞു. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം കോടതിയുടെ മുന്‍ഗണനയില്‍ വരില്ലെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുകയോ മറ്റെന്തെങ്കിലും വഴി സ്വീകരിക്കുകയോ കേന്ദ്രസര്‍ക്കാര്‍ ചെയ്യണം- ഭയ്യാജി ജോഷി പറഞ്ഞു.
അതേസമയം, ആര്‍എസ്എസ് യോഗത്തിനു പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ ബാബരി മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം അമിത് ഷായോട് മോഹന്‍ ഭാഗവത് ആവര്‍ത്തിച്ച് ഉന്നയിച്ചുവെന്നാണ് റിപോര്‍ട്ട്. ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പകുത്ത അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധിക്കെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരിയിലേക്കു മാറ്റിയ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ സംഘപരിവാര സംഘടനകളുടെ കീഴിലുള്ള സന്ന്യാസിമാര്‍ നടത്തിയ യോഗത്തിലും ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. മുംബൈയില്‍ നടന്ന സമ്മേളനത്തില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട 54 സംഘടനകള്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss