|    Jul 21 Fri, 2017 8:35 am
Home   >  Todays Paper  >  page 7  >  

അയോധ്യ: രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published : 24th December 2015 | Posted By: SMR

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ കല്ലുകള്‍ എത്തിച്ച സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലെ ശൂന്യവേളയില്‍ ജെഡിയു അംഗം കെസി ത്യാഗിയാണ് വിഷയം ഉന്നയിച്ചത്.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷത്തിനുള്ള നീക്കമാണ് നടക്കുന്നതെന്ന് ത്യാഗി പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള രണ്ടു ട്രക്കുകള്‍ നിറയെ കല്ലുകളാണ് അയോധ്യയില്‍ എത്തിച്ചത്. ഇത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ മോദി സര്‍ക്കാര്‍ സൂചന നല്‍കിയതായുള്ള രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് നൃതീയ ഗോപാല്‍ ദാസിന്റെ പ്രസ്താവനയും ത്യാഗി സഭയില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ജെഡിയുവിനു പുറമെ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളും ബഹളംവച്ചു. അതേസമയം, വിഷയത്തില്‍ കോടതിയുടെ നിര്‍ദേശാനുസരണം മാത്രമേ മുന്നോട്ടുപോവൂവെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
കല്ലുകള്‍ ചെത്തിയൊരുക്കുന്നത് പ്രശ്‌നബാധിത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്ത് 1990 മുതല്‍ നടക്കുന്നതാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരും ബിജെപിയും കോടതിയുടെ നിര്‍ദേശമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. അയോധ്യയില്‍ കല്ലുകള്‍ കൊത്തിയൊരുക്കുന്നതിനോ സന്യാസിമാര്‍ക്ക് പ്രസ്താവന നടത്തുന്നതിനോ നിരോധനമില്ല. കല്ലുകള്‍ തയാറാക്കുന്നു എന്നതുകൊണ്ട് ക്ഷേത്ര നിര്‍മാണം നടത്താന്‍ പോവുന്നു എന്ന് അര്‍ഥമില്ല. കോടതി വിധിക്കായി കാത്തിരിക്കണമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതിരുന്ന പ്രതിപക്ഷം ഉത്തര്‍പ്രദേശില്‍ സമുദായ സംഘര്‍ഷം ഉണ്ടാക്കാനുള്ള ഗൂഢാലോചന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സര്‍ക്കാരും ബിജെപിയും കോടതി ഉത്തരവ് അനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ ആശയക്കുഴപ്പമില്ലെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ പത്തു മിനിറ്റ് നേരത്തേക്ക് പിരിഞ്ഞു.
അതിനിടെ, ഉത്തര്‍പ്രദേശില്‍ വര്‍ഗീയ അന്തരീക്ഷമുണ്ടാക്കുന്നതില്‍ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിന് പ്രധാന പങ്കുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ് ഉത്തരവാദികളെന്നും മായാവതി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക