|    Dec 12 Wed, 2018 9:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അയോധ്യ മുള്‍മുനയില്‍; യുദ്ധകാഹളവുമായി ഇന്നു വിശ്വഹിന്ദു പരിഷത്ത് ധര്‍മസഭ

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് ഇന്ന് അയോധ്യയില്‍ ധര്‍മസഭ എന്ന പേരില്‍ സമ്മേളിക്കും. ഉത്തര്‍പ്രദേശില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നുമുള്ള സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താന്‍ തീവണ്ടികളും ബസ്സുകളും ട്രാക്ടറുകളും ടാക്‌സികളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
യുദ്ധത്തിനു മുമ്പുള്ള അവസാനത്തെ യുദ്ധകാഹളം മുഴക്കലാണ് ഈ ധര്‍മസഭ എന്നാണ് വിഎച്ച്പി വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ സണ്‍ഡേ എന്നു വിളിക്കുന്ന ഇന്നത്തെ പരിപാടിയില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ അയോധ്യയില്‍ തടിച്ചുകൂടുമെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. രാമക്ഷേത്രം നിര്‍മിക്കാനുള്ള തടസ്സം നീക്കുന്ന അവസാന ഉദ്യമമാണ് ധര്‍മസഭ. ഇനി ഈ വിഷയത്തില്‍ ഒരു സമ്മേളനമോ പ്രതിഷേധമോ ഉണ്ടാവില്ലെന്നാണ് വിഎച്ച്പി വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് അയോധ്യയില്‍ 1992 ആവര്‍ത്തിക്കുമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് പറഞ്ഞു. തന്റെ നിയമസഭാ മണ്ഡലമായ ബാരിയയില്‍ നിന്ന് 5000 ബിജെപി പ്രവര്‍ത്തകര്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രമസമാധാനവും നിയമവും നീതിയുമൊന്നും പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്ത പോലെ തങ്ങള്‍ നിയമം കൈയിലെടുത്ത് അവിടെ രാമക്ഷേത്രവും നിര്‍മിക്കുമെന്ന് ബിജെപി എംഎല്‍എ അവകാശപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ബിജെപി എംപി രവീന്ദ്ര കുശ്‌വാഹയും വ്യക്തമാക്കി.
അതിനിടെ, വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രമുഖരുടെ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. രാജ്യസഭ-ലോക്‌സഭാ എംപിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ നേരില്‍ കണ്ടാണ് ഒപ്പ് ശേഖരിക്കുന്നത്. ഇവ ഉപയോഗിച്ച് രാമക്ഷേത്ര നിര്‍മാണം എളുപ്പത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഭീമഹരജി നല്‍കാനാണ് സംഘടനയുടെ തീരുമാനം.
അതേസമയം, ശിവസേനയും വിശ്വഹിന്ദു പരിഷത്തും വെവ്വേറെ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇന്ന് തങ്ങള്‍ക്കെതിരേ ആസൂത്രിതമായ കലാപങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവിടത്തെ മുസ്‌ലിംകള്‍. ബിജെപി സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍. അര്‍ധസൈനിക വിഭാഗവും സംസ്ഥാന പോലിസും ഡ്രോണുകള്‍ ഉള്‍പ്പെടെ ബഹുതല സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, കലാപം നടക്കുകയാണെങ്കില്‍ ഇവരുടെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കില്ലെന്ന ഭയത്തിലാണ് മുസ്‌ലിംകള്‍. സരയൂ നദിക്കരയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ പങ്കെടുക്കുന്ന പരിപാടിയും അയോധ്യയില്‍ വിഎച്ച്പിയുടെ ധര്‍മ സന്‍സദും നടക്കുന്നതിനാല്‍ നഗരത്തിലെ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss