|    Dec 11 Tue, 2018 9:37 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അയോധ്യ മുതല്‍ ശബരിമല വരെ

Published : 15th November 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
സമ്മിശ്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സംഭവങ്ങള്‍ക്കു മുമ്പിലാണ് ഇപ്പോള്‍ കേരളം. ഏതു നിമിഷവും ടൈംബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ശബരിമല പ്രശ്‌നം കേരളത്തിന്റെ രാഷ്ട്രീയപ്രശ്‌നമായും വിശ്വാസികളുടെ ദേശീയ ഉല്‍ക്കണ്ഠയായും ക്രമസമാധാന-ഭരണഘടനാ പ്രശ്‌നമായും വളരുകയാണ്. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവാക്കാന്‍ രഥയാത്ര മുതല്‍ പ്രചാരണ ജാഥകള്‍ വരെ നടക്കുന്നു.
ദേശീയ രാഷ്ട്രീയവും സ്‌ഫോടനാത്മകമാണ്. നോട്ടു നിരോധനം ഏര്‍പ്പെടുത്തി അമ്പരപ്പിച്ച പ്രധാനമന്ത്രി മോദിയുടെ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം കടന്നുപോയി. കര്‍ണാടക ഉപതിരഞ്ഞെടുപ്പുകളുടെ ഫലം അവരെ നടുക്കി. ഈ തെക്കന്‍ കാറ്റ് ഡിസംബറില്‍ ഫലം പുറത്തുവരുന്ന അഞ്ചു നിയമസഭകളെയും ബാധിക്കുമെന്ന ഭീതിയിലാണ് ഇപ്പോള്‍ മോദിയും സംഘപരിവാരവും.
കേരള രാഷ്ട്രീയം എന്തും സംഭവിക്കാവുന്ന സന്ദിഗ്ധാവസ്ഥയിലേക്കും ദേശീയ രാഷ്ട്രീയം നിര്‍ണായകമായ വഴിത്തിരിവിലേക്കും നീങ്ങുകയാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. ശബരിമലയില്‍ മണ്ഡലപൂജ ആരംഭിക്കാന്‍ ഒരാഴ്ചയേ ബാക്കിയുള്ളൂ. ഇത്തവണ വൃശ്ചികം 1 അഥവാ നവംബര്‍ 17 കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ വിധിനിര്‍ണായക ദിവസമാണ്. ഗ്രാമഗ്രാമാന്തരങ്ങളിലും നഗരവീഥികളിലും ഒരുപോലെ മുഴങ്ങിയിരുന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ വിളികള്‍ ഇതുവരെ ശാന്തിമന്ത്രമായിരുന്നു. അത് അശാന്തിയുടെയും ഭയപ്പാടിന്റെയും സംഘര്‍ഷത്തിന്റെയും രാഷ്ട്രീയമന്ത്രവും കാര്യപരിപാടിയുമായി മാറാന്‍ പോകുന്നു. ആ തിരിച്ചറിവിനു മുമ്പിലാണ് രാഷ്ട്രീയപക്ഷപാതികളല്ലാത്ത കേരള സമൂഹം ഇപ്പോള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം അതാണ് ബോധ്യപ്പെടുത്തുന്നത്.
ഹിന്ദുവികാരത്തിന്റെയും അയ്യപ്പവിശ്വാസത്തിന്റെയും പേരില്‍ കേരളത്തില്‍ 60കളില്‍ ജനസംഘം ആവിഷ്‌കരിച്ചതുപോലെ, പിന്നീട് അയോധ്യയില്‍ നടപ്പാക്കിയതുപോലെ ഒരു രാഷ്ട്രീയ പരിപാടിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത് എന്നാണ് അതിന്റെ രത്‌നച്ചുരുക്കം. നാലു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഓണ്‍ലൈന്‍ വഴി ശബരിമല തീര്‍ത്ഥാടനത്തിന് ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അതില്‍ അഞ്ഞൂറില്‍പരം യുവതികള്‍ അമ്പതു വയസ്സില്‍ താഴെയുള്ളവരാണ്.
ഇവരെ സന്നിധാനത്തില്‍ എത്തിക്കില്ലെന്ന സംഘപരിവാര പരിപാടി ഒരുവശത്ത്. പോരാ, അവര്‍ക്ക് തുല്യമായ ആരാധനാവകാശം നല്‍കണമെന്ന് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്. ആ വിധി നടപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. അതു നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതു തടഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന പരിപാടി. ഇതു ശബരിമലയെ, കേരളത്തിലെ നിയമവാഴ്ചയെ, ക്രമസമാധാനത്തെ എവിടേക്കാണ് നയിക്കുക?
ഇതു കേവലം ഒരു ദിവസത്തിന്റെ സമസ്യയല്ല. മണ്ഡലമകരപൂജക്കാലം മുഴുവന്‍ സമാധാനപരമായി നടക്കേണ്ട കാര്യമാണ്. അതും വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കം വന്നെത്തുന്ന രണ്ടു കോടിയില്‍പരം തീര്‍ത്ഥാടകരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ്. അങ്ങനെ വരുമ്പോള്‍ അത്യന്തം ഉല്‍ക്കണ്ഠാകുലമാണ് സ്ഥിതി. ചിത്തിര ആട്ടപൂജ നടന്ന കഴിഞ്ഞ ദിവസം തന്നെ സന്നിധാനത്ത് പോലിസിന്റെ നിയന്ത്രണം നഷ്ടമായി. ആര്‍എസ്എസ് പതിനെട്ടാം പടിയടക്കം കൈയടക്കി. അവര്‍ കാട്ടിക്കൂട്ടിയത് വരുംദിവസങ്ങളിലേക്കുള്ള അപായത്തിന്റെ ചൂണ്ടുപലകയാണ്. വിശ്വാസം സംരക്ഷിക്കാനും വര്‍ഗീയതയെ ചെറുക്കാനും എന്ന പേരില്‍ കെപിസിസിയും മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്.
അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്‌നം സുപ്രിംകോടതി മുമ്പ് കൈകാര്യം ചെയ്തതും സംഘപരിവാരം അവരുടെ പദ്ധതി കൃത്യമായി നടപ്പാക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. ശബരിമല സമസ്യയെ സമാധാനപരമായി പൂരിപ്പിക്കുകയെന്ന പരിഹാരമാര്‍ഗത്തിലേക്കല്ല ഈ അവസ്ഥ കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. ഇത് തിരിച്ചറിയുന്ന, ഇതിന് അടിയന്തര പരിഹാരം കാണാന്‍ വ്യഗ്രതയുള്ള ആരാണ് ഉള്ളതെന്നാണ് ഇപ്പോള്‍ വ്യക്തതയില്ലാത്തത്. ഈ കനത്ത ഇരുട്ടില്‍ നിന്ന് വെളിച്ചത്തിന്റെ ഒരു നാളവും പുതിയ വഴിയുമാണ് കേരളം ആവശ്യപ്പെടുന്നത്.
ശ്രീരാമവിഗ്രഹത്തിലും വിശ്വാസത്തിലും കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പ് ദേശീയതലത്തിലും സംഘപരിവാരം ആവിഷ്‌കരിച്ചുകഴിഞ്ഞു. തര്‍ക്കഭൂമി നിലനിന്ന അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നു പ്രഖ്യാപിച്ചു. ദീപാവലി ദിനത്തില്‍ അയോധ്യ സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ ദശരഥന്റെ പേരില്‍ ഒരു ആശുപത്രിയും ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചു. ഇതെല്ലാം രാമക്ഷേത്രത്തിനു വേണ്ടിയുള്ള സംഘപരിവാരത്തിന്റെ സമരത്തെ ഒരിക്കല്‍ കൂടി സജീവമാക്കാനാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെ ഇതു ബാധിക്കാതിരിക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോധ്യാ ദൗത്യം.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഘപരിവാരത്തിന്റെ ഉത്തരേന്ത്യന്‍ വിശ്വാസചക്രവാളവുമായി ദക്ഷിണേന്ത്യയെ കൂടി ബന്ധിപ്പിക്കുന്ന പാലമാണ് ശബരിമലയില്‍ നിന്ന് ബിജെപിയുടെ മുന്‍കൈയില്‍ സംഘപരിവാരം രൂപപ്പെടുത്തുന്നത്. അതിന്റെ രാഷ്ട്രീയ ബ്ലൂപ്രിന്റാണ് ശ്രീധരന്‍പിള്ള പറഞ്ഞ ബിജെപി അജണ്ട. തന്ത്രിസമൂഹം ഉള്‍പ്പെടെ ക്ഷേത്രസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് അവര്‍ രൂപീകരിച്ച സവര്‍ണ സംഘടനകള്‍, അയ്യപ്പസേവാസംഘങ്ങള്‍ എന്നിവയുടെയൊക്കെ നേതൃത്വത്തെ സംഘപരിവാരം നയിക്കുന്ന ഉത്തരേന്ത്യയിലെ സന്യാസിമണ്ഡലങ്ങളുമായി ബന്ധിപ്പിക്കുക. അവരെ കേരളത്തിലേക്ക് സമരത്തിനു നേതൃത്വം നല്‍കാന്‍ കൊണ്ടുവരുക. അങ്ങനെ ശബരിമല സംരക്ഷണ സമരത്തെ ദേശവ്യാപക പ്രസ്ഥാനമാക്കുക.
എന്നാല്‍, തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനാകാതെയും നടപ്പാക്കിയ പരിപാടികളും ഭരണനടപടികളും തിരിച്ചടിക്കുകയും ചെയ്ത സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയെയാണ് മോദി നേരിടുന്നത്. രാഷ്ട്രീയമായി ബിജെപി ഉത്തരേന്ത്യയിലാകെ പിന്നോട്ടടിക്കുകയും ആഭ്യന്തര കുഴപ്പങ്ങളില്‍ പെട്ടിരിക്കുകയുമാണ്. കൃഷിക്കാരും തൊഴിലാളികളും തൊഴില്‍രഹിതരും ദലിതരും പിന്നാക്കക്കാരും ഒരുപോലെ ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരേ സമരമുഖത്താണ്. നോട്ട് റദ്ദാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തു. സിബിഐയും റിസര്‍വ് ബാങ്ക് പോലും സര്‍ക്കാര്‍ നയങ്ങളോട് വിയോജിച്ചത് സ്ഥിതിഗതികള്‍ ഗുരുതരമാക്കി. ഡിസംബറിലെ തിരഞ്ഞെടുപ്പുഫലം അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് എന്‍ഡിഎ ഘടകകക്ഷികളും. ഈ സാഹചര്യം രാഷ്ട്രീയമായി പരമാവധി മുതലെടുക്കാനുള്ള നീക്കം പ്രതിപക്ഷത്തു ശക്തിപ്പെട്ടു. പ്രതിപക്ഷ വോട്ടുകള്‍ ബിജെപിക്കെതിരേ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വീണ്ടും കേരളത്തിലേക്കു തിരിച്ചെത്തുമ്പോള്‍ വിശദീകരിക്കാനുള്ള വിഷയം അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയാണ്. സിഎംപി നേതാവ് എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷ് കുമാര്‍ കൊടുത്ത തിരഞ്ഞെടുപ്പു കേസിന്റെ വിധിയിലാണ് മുസ്‌ലിംലീഗ് എംഎല്‍എ കെ എം ഷാജിയുടെ വിജയം റദ്ദാക്കിയത്. ഷാജിയെ അയോഗ്യനാക്കിയെങ്കിലും നികേഷിനെ വിജയിയായി പ്രഖ്യാപിച്ചില്ലെന്നത് തല്‍ക്കാലം കേസ് സമനിലയില്‍ നിര്‍ത്തുകയാണ്. ഷാജി ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതോടെ അഴീക്കോട്ട് ഉപതിരഞ്ഞെടുപ്പിനുള്ള അവസരവും ഇല്ലാതായി. സുപ്രിംകോടതിയില്‍ അപ്പീലില്‍ ഇനി തീരുമാനം വരണം. നിയമസഭയുടെ കാലാവധി തീരും വരെ അത് വരാന്‍ സാധ്യത കുറവാണ്.
ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ കെ ടി ജലീല്‍ കുരുങ്ങിയതാണ് എല്‍ഡിഎഫ് നേരിടുന്ന പുതിയ രാഷ്ട്രീയ പ്രശ്‌നം. മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും കരിങ്കൊടിയുമായി ജലീലിനു നേരെ തെരുവില്‍ ഇറങ്ങിയത് തലവേദനയാണ്. ഇ പി ജയരാജനെ രാജിവെപ്പിച്ചതുപോലെ ജലീലിന്റെ രാജി വാങ്ങാനുള്ള സാഹചര്യമില്ലെന്നു വാദിച്ച് മുന്നോട്ടുപോകാനാണ് സാധ്യത. കത്തിനിന്ന ബ്രൂവറി-ഡിസ്റ്റിലറി അനുമതി സംബന്ധിച്ച അഴിമതിപ്രശ്‌നം ശബരിമല വിവാദത്തോടെ മുങ്ങിപ്പോയതുപോലെ ജലീല്‍ വിവാദവും ആറിത്തണുക്കുമെന്ന് സിപിഎം നേതൃത്വത്തിന് ആശ്വസിക്കാം. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss