|    Feb 22 Thu, 2018 4:28 am
FLASH NEWS

അയിരൂര്‍ ആറില്‍ നീരൊഴുക്ക് നിലച്ചു കൃഷിയിടങ്ങള്‍ വരള്‍ച്ചയില്‍

Published : 30th January 2017 | Posted By: fsq

 

വര്‍ക്കല: നീരൊഴുക്ക് നിലച്ചതോടെ അയിരൂര്‍ ആറിനെ ആശ്രയിക്കുന്ന കൃഷിയിടങ്ങളില്‍ വരള്‍ച്ച രൂക്ഷമായി. വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയാണ് ആറിന്റെ അഭാവത്തില്‍ കൊടുംവരള്‍ച്ച നേരിടുന്നത്. ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തില്‍ വില്ലിക്കടവ് കേന്ദ്രീകരിച്ച് നിരവധി നീര്‍ച്ചാലുകള്‍ സംഗമിച്ച് ഉദ്ഭവിക്കുന്ന അയിരൂര്‍ ആറ്, ഇടവ നടയറ കായലിലാണ് പതിക്കുന്നത്. ഒന്നിലേറെ പഞ്ചായത്തുകളെ കാര്‍ഷിക സമൃദ്ധമാക്കുന്നതില്‍ ഈ നദിക്കു നിര്‍ണായക പങ്കാണുള്ളത്. നദിക്ക് വിലങ്ങനെ തടയണകള്‍ സൃഷ്ടിച്ച് പ്രദേശത്തെ പാടശേഖര സമിതിക്കാര്‍ വയലുകളിലേക്കു വെള്ളം എത്തിച്ചിരുന്നു. വേനല്‍വറുതിയില്‍ പോലും പ്രവാഹവേഗം കാത്തുസൂക്ഷിക്കുന്ന നദിയുടെ വരള്‍ച്ച കൃഷിനാശത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിനാണ് അയിരൂര്‍ ആറ് ഏറെ പ്രയോജനപ്രദം. എന്നാല്‍ ഇക്കുറി സ്ഥിതിയാകെ മാറി. ഒഴുക്കു നിലച്ചതോടെ തടയണകളില്‍ ജലം സംഭരിക്കാനാവുന്നില്ല. നദിയില്‍  മുഴച്ചുപൊന്തിയിട്ടുള്ള കരിമ്പാറ കെട്ടുകള്‍ക്കിടയിലും കാട്ടുകല്ലുകള്‍ക്കു മധ്യേയുമാണു ജലം തളംകെട്ടിയിട്ടുള്ളത്. മരുതിക്കുന്നിലെ വെള്ളച്ചാട്ടത്തിനു ഹേതുവായ സ്വാഭാവിക കരിമ്പാറക്കെട്ടുകള്‍ നിശ്ശേഷം  തകര്‍ന്ന ദുസ്ഥിതിയിലാണ്. അയിരൂര്‍ ഊന്നിന്‍മൂട് റോഡില്‍ നദിക്ക് കുറുകെ നിര്‍മിച്ച ഡാം ബ്രിഡ്ജും നശിച്ച നിലയിലാണ്. നെല്‍കൃഷിക്ക് പുറമെ ഇടവിള കൃഷികള്‍ക്കും ആറിന്റെ സാന്നിധ്യം അനുഗൃഹീതമായിരുന്നു. വാഴ, മരച്ചീനി, ഇഞ്ചി, മ ഞ്ഞള്‍, കിഴങ്ങുവിളകള്‍, പച്ചക്കറി എന്നിവയും ആറിനോട് ചേര്‍ന്നുള്ള ഏലകളിലെ തരിശിടങ്ങളില്‍ താല്‍ക്കാലികമായി കൃഷി ചെയ്തിരുന്നതും കരിഞ്ഞുണങ്ങിയ നിലയിലുമാണ്. ഇരുകരകളിലും നെടുനീളത്തില്‍ ഇടിഞ്ഞുതൂര്‍ന്നും കണ്ടല്‍ശ്രേണികള്‍ വ്യാപകമായി നശിപ്പിച്ച് കൈയേറിയും മറ്റും ഈ നദി ഗുരുതരമായ അരക്ഷിതാവസ്ഥ നേരിടുകയാണ്. ഒപ്പം ആറിനെ ആശ്രയിക്കുന്ന കൃഷിയിടങ്ങളും പ്രതിസന്ധിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss