|    Jun 24 Sun, 2018 8:28 pm
FLASH NEWS

അയിത്തത്തിന്റെ പുതിയ രീതികള്‍

Published : 14th February 2016 | Posted By: swapna en

കെ പി ഒ റഹ്മത്തുല്ല

തമിഴ്കവിയും വിവര്‍ത്തകയും ഫാഷിസ്റ്റ്‌വിരുദ്ധ പോരാളിയുമായ മീനാ കന്തസാമി എല്ലാ തിരക്കുകള്‍ക്കിടയിലും ഒരു മാസത്തിനുള്ളില്‍ രണ്ടു തവണ കേരളത്തിലെത്തി- തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ദക്ഷിണേന്ത്യന്‍ വനിതാ എഴുത്തുകാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന മലബാര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാനും. രണ്ടിടങ്ങളിലും ഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ചായിരുന്നു അവരുടെ സംസാരം. ഭര്‍ത്താവിനോടൊപ്പം ലണ്ടനില്‍ ജീവിക്കാന്‍ കൊതിയില്ലാഞ്ഞിട്ടല്ല, ഇന്ത്യയില്‍ രോഹിത് വെമുലയുടെ കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ എങ്ങനെ സ്വന്തം കാര്യങ്ങളിലേക്ക് ഒളിച്ചോടാന്‍ കഴിയുമെന്നാണ് അവരുടെ ചോദ്യം.           ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ഇടപെടാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു.
എഴുത്തുകാരിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ‘മുടിചീകാതെ നടക്കാനും കണ്ടവന്റെ കൂടെ കിടക്കാനുമാണോ നിന്റെ ഭാവ’മെന്നായിരുന്നു പല ബന്ധുക്കളുടെയും ചോദ്യം. ഈ അവസ്ഥയില്‍ ഇപ്പോഴും  മാറ്റമൊന്നും വന്നിട്ടില്ലെന്ന് മീന പറയുന്നു.
ദലിതരെയും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെയും ഒഴിവാക്കി കൊണ്ടുള്ള ഫാഷിസ്റ്റ്‌വിരുദ്ധ നീക്കങ്ങള്‍ ഫലം കാണില്ലെന്നു മീന ചൂണ്ടിക്കാണിക്കുന്നു. അതിനാലാണ് കൊച്ചിയില്‍ നടന്ന മാനവസംഗമത്തിനെതിരേ രംഗത്തെത്തിയത്. ആരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ്  മീന വിളിച്ചുപറയുന്നത്. ദലിതരെയും ന്യൂനപക്ഷങ്ങളെയും മനുഷ്യരായി കാണാന്‍പോലും തയ്യാറില്ലാത്ത സവര്‍ണ ഫാഷിസത്തിന്റെ ആഴത്തിലുള്ള വേരുകള്‍ ചൂണ്ടിക്കാണിക്കുന്നു.
രോഹിതിന്റേത് കൊലപാതകം
രോഹിത് വെമുലയുടെ മരണത്തില്‍ വൈസ് ചാന്‍സലര്‍ക്കും കേന്ദ്രമന്ത്രിക്കും പങ്കുണ്ടെന്ന് മീനാ കന്തസാമി ആരോപിക്കുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഗവേഷണത്തിനു ചേര്‍ന്ന ഈ ദലിത് വിദ്യാര്‍ഥി ജന്മദിനത്തില്‍ നല്‍കിയ മിഠായി വാങ്ങാന്‍ പോലും ജാതിക്കോമരങ്ങളായ അധ്യാപകര്‍ തയ്യാറായിരുന്നില്ല. ദലിതരെ ഹൈദരാബാദ് സര്‍വകലാശാലയില്‍ മാത്രമല്ല, എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും അസ്പൃശ്യരായാണ് ഇന്നും കാണുന്നത്. രോഹിതിന്റെ മരണം ആത്മഹത്യയെന്നല്ല കൊലപാതകം എന്നു വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്- ഇതു പറയുമ്പോള്‍ മീനയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടുന്നു.
സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും ദലിതര്‍ ഇന്ത്യയിലെ സാമൂഹിക പുറമ്പോക്കില്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. സ്വാതന്ത്ര്യം തങ്ങള്‍ക്കു വിനയായെന്നാണ് ഈ അടിസ്ഥാന ജനവിഭാഗം മനസ്സിലാക്കുന്നത്. ചരിത്രത്തെ ദലിതനും അല്ലാത്തവനും വ്യത്യസ്തമായിട്ടാണ് കാണുന്നത്. ഒരേ തറയില്‍ നിന്നപ്പോഴും ഈ രണ്ടു വിഭാഗങ്ങളും ഒരേ ആയുധങ്ങളല്ല ഇംഗ്ലീഷുകാര്‍ക്കെതിരേ പ്രയോഗിച്ചത്. അതിനാല്‍ തന്നെ സ്വാതന്ത്ര്യസമരവും അവര്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.

സര്‍ക്കാരാപ്പീസുകളില്‍ ദലിതര്‍ക്ക് വേറെ ഗ്ലാസ്
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ പുത്തനുണര്‍വ് ഉള്‍ക്കൊണ്ട് രാജ്യത്തെ സേവിക്കാന്‍ ഐഎഎസ് അടക്കമുള്ള സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു പോലും വെള്ളം കുടിക്കാന്‍ പ്രത്യേക ഗ്ലാസ് വയ്ക്കുന്ന പുതിയ അയിത്തം ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്നു. ഇത്തരം അനുഭവങ്ങളില്‍ മനംനൊന്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ ജോലി രാജിവച്ച ബല്‍വന്ത് സിങിന്റെ അനുഭവം ആവിഷ്‌കരിക്കുന്ന ആമിര്‍ഖാന്റെ ‘സത്യമേവ ജയതേ’ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അതു കണ്ടതിനു ശേഷം ഒരാഴ്ച ഉറങ്ങാനോ എഴുതാനോ കഴിഞ്ഞില്ലെന്ന് മീന ഓര്‍ക്കുന്നു. സംവരണത്തിലൂടെ അവര്‍ണരും ന്യൂനപക്ഷങ്ങളും വിദ്യാഭ്യാസം, പോലിസ്, ജുഡീഷ്യറി എന്നിവിടങ്ങളില്‍ കയറിക്കൂടിയപ്പോള്‍ അവിടങ്ങളില്‍ പുതിയ അയിത്തരീതികളും ഉടലെടുത്തിട്ടുണ്ടെന്നാണ് മീനയുടെ നിരീക്ഷണം.
പുതിയ ലോകം ഉണ്ടാവണമെങ്കില്‍ പുതിയ സാഹിത്യം ഉണ്ടാവണം. അതിനുവേണ്ടി സ്ത്രീകള്‍ സ്വയം നിര്‍മിച്ച അതിര്‍വരമ്പുകളും രീതികളും ഭേദിക്കണം. സ്ത്രീകള്‍ക്കെതിരേയുള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണം. കൃതി വായിക്കുന്നതിനു മുമ്പേ അവരുടെ ജാതിയും കുലവും നോക്കിയാണ് പലപ്പോഴും വിലയിരുത്തല്‍ നടക്കുന്നത്. സ്ത്രീയായാല്‍ തന്നെ കൃതികള്‍ മോശമായിരിക്കുമെന്ന് മുന്‍ധാരണയുണ്ട്. അതിനാല്‍ തന്നെ സ്ത്രീകള്‍ നന്നായി എഴുതാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വേഗത്തില്‍ തമസ്‌കരിക്കപ്പെടും- പുതിയ എഴുത്തുകാരികളോടുള്ള മീനാ കന്തസാമിയുടെ ഉപദേശം ഇതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss